Image

നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടും മസ്‌റകളില്‍, യഥാര്‍ഥജീവിതം നോവലിനേക്കാളും പൊള്ളുന്നതെന്ന് നജീബ് 

Published on 13 April, 2024
 നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടും മസ്‌റകളില്‍, യഥാര്‍ഥജീവിതം നോവലിനേക്കാളും പൊള്ളുന്നതെന്ന് നജീബ് 

ദുബായ് : നൊമ്പരമുണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകളുമായി വീണ്ടും ആടുജീവിതത്തിലെ യഥാര്‍ഥ നായകന്‍ നജീബ് എത്തി. മസ്‌റകളില്‍  യഥാര്‍ഥജീവിതം നോവലിനേക്കാളും പൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

യുഎഇ സന്ദര്‍ശനത്തിന് കുടുംബസമേതമെത്തിയ അദ്ദേഹം അജ്മാന്‍ മരുഭൂമിയിലെ മസ്‌റ (ആടുകളേയും ഒട്ടകങ്ങളേയും പാര്‍പ്പിക്കുന്ന സ്ഥലം) സന്ദര്‍ശിച്ചു. ഏറെ നേരം മസ്‌റയെയും ആടുകളെയും നോക്കി നിന്നപ്പോള്‍ പോയകാലത്തെ തീക്ഷ്ണമായ ഓര്‍മകള്‍ നജീബിന്റെ കണ്ണുനനയിച്ചു.

സൗദിയിലെ മരുഭൂമിയില്‍ താനനുഭവിച്ചതുമായി താരതമ്യം ചെയ്താല്‍ യുഎഇയിലെ മസ്‌റകളിലെ ജീവിതം അത്ര കഠിനമല്ലെന്ന് അദ്ദേഹം  പറഞ്ഞു. സൗദി മസ്‌റയില്‍ ഒരു കൂട്ടില്‍ മാത്രം 150  ആടുകളെങ്കിലും കാണും. അവിടെ ഇത്തരത്തിലുണ്ടായിരുന്ന അഞ്ചോളം കൂടുകളിലെ  700 ആടുകളെയും ഇരുപത്തഞ്ചോളം ഒട്ടകങ്ങളെയും പരിചരിക്കലായിരുന്നു ജോലി. കൂട്ടത്തില്‍ നാടന്‍ ആടുകളുമുണ്ടായിരുന്നു. അവ ഭീകരമായി ഇടിച്ച് തെറിപ്പിച്ചു കളയുമായിരുന്നു. മസ്‌റയ്ക്ക് പുറത്ത് കട്ടിലിട്ടായിരുന്നു കിടന്നിരുന്നത്.

മഴയത്തും വെയിലത്തും ജീവിക്കുക വളരെ കഠിനം. മരുഭൂമിയിലൂടെ രണ്ട് മണിക്കൂറോളം യാത്ര ചെയ്താലേ ആ മസ്‌റയിലെത്തുകയുള്ളൂ. ചുറ്റുംനോക്കിയാല്‍ മണല്‍ക്കുന്നുകള്‍ മാത്രം. ഇവിടെയുള്ള മസ്‌റയായിരുന്നെങ്കില്‍ ജോലി കുറച്ചുകൂടി എളുപ്പമായിരുന്നു. ഇവിടെ മസ്‌റകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുവട്ടത്തും കെട്ടിടങ്ങളും ആളുകളെയും കാണാം. അന്നത്തെ സാഹചര്യം സൗദിയില്‍ പോലും ഇപ്പോഴില്ല. ഇന്ന് എല്ലാവരും മൊബൈല്‍ ഫോണുമായാണ് ആട്, ഒട്ടകജീവിതം നയിക്കാന്‍ പോകുന്നത്. അന്ന് മൊബൈല്‍ പോയിട്ട് കത്തെഴുതാന്‍ പോലും അവസരമില്ലായിരുന്നു. നോവല്‍ വായിച്ചോ സിനിമ കണ്ടോ മസ്‌റകളില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. പക്ഷേ, ഇപ്പോള്‍ നാട്ടിലുള്ള പലരും ഇത്തരം ജോലി ചെയ്തിരുന്നുവെന്ന് പറയാറുണ്ട്.

1993 കാലഘട്ടത്തിലാണ് നജീബ് സൗദി മരുഭൂമിയിലെ മസ്‌റയില്‍ രണ്ടര വര്‍ഷത്തോളം ജീവിച്ചത്. അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം വീണ്ടും ബഹ്‌റൈനിലും ജോലി ചെയ്തു. എന്നാല്‍ ഗള്‍ഫിനോട് സലാം പറഞ്ഞ് നാല് വര്‍ഷം മുന്‍പ് അവിടെ നിന്നും മടങ്ങി. ഇപ്പോള്‍ നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു. ഗള്‍ഫില്‍ ഒരു ജോലി ശരിയാക്കാമെന്ന് ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നെങ്കിലും ഇനിയുള്ള കാലം കുടുംബത്തോട് ജീവിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞു സന്തോഷത്തോടെ നിരസിക്കുകയായിരുന്നു. പ്രവാസലോകത്തെ വെറുത്തത് കൊണ്ടല്ല, കുറേക്കാലം കുടുംബത്തെ പിരിഞ്ഞാണല്ലോ ജീവിച്ചത്. ഇനി ബാക്കി കാലം അവരോടൊപ്പം ചെലവഴിക്കണം. മകന്‍ സഫീര്‍ ബഹ്‌റൈനിലാണ് ജോലി ചെയ്യുന്നത്.

ഹക്കീം ഭാവനാസൃഷ്ടി; യഥാര്‍ഥജീവിതം നോവലിനേക്കാളും പൊള്ളുന്നത്
ബെന്യാമിന്‍ നോവലില്‍ ഹക്കീം എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതടക്കം തന്റെ ജീവിതത്തില്‍ നടക്കാത്ത പലതും പകര്‍ത്തിയിട്ടുണ്ടെന്നും അത് നോവലിസ്റ്റിന്റെ സ്വാതന്ത്ര്യമാണെന്നും നജീബ് പറഞ്ഞു. താന്‍ മാത്രമേ ആടുജീവിതം സിനിമ കണ്ടുള്ളൂ. റമസാന്‍ നോമ്പായതുകാരണം ഭാര്യയോ മക്കളോ കാണാന്‍ ചെന്നിട്ടില്ല. നാട്ടില്‍ ചെന്നയുടനെ കുടുംബസമേതം കാണും. ഇതിനായി 20 ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പാന്റസ് ധരിച്ചപ്പോള്‍ അഴിഞ്ഞുവീഴാന്‍ തുടങ്ങുകയും അപ്പോള്‍ ഒരു ചരടിട്ട് കെട്ടിയതുമടക്കം ഒട്ടേറെ രംഗങ്ങള്‍ സിനിമയില്‍ കണ്ടപ്പോള്‍ കരഞ്ഞുപോയി. എങ്കിലും ആദ്യം നോവലും പിന്നീട് സിനിമയും വലിയ വിജയമാകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഏറെ കാലത്തിന് ശേഷമാണ് വീണ്ടും ഗള്‍ഫിലെത്തുന്നത്. എന്റെ ഭാര്യ ഇതുവരെ ഗള്‍ഫ് കണ്ടിട്ടില്ല. അത്തരമൊരു അവസരം തന്ന സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമ്മദിന് നന്ദി. അജ്മാന്‍ മസ്‌റയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന പാക്കിസ്ഥാനി ഫിദയുമായും നജീബ് കൂടിക്കാഴ്ച നടത്തി. ഇരുവരും അവരുടെ ആടുജീവിതം പങ്കുവച്ചു.

മസ്‌റകളെക്കുറിച്ച് ഒരുപാടു കേള്‍ക്കുകയും വിഡിയോ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കണ്ടപ്പോള്‍ ഇതുപോലുള്ളൊരു സ്ഥലത്ത് നജീബിക്ക ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടല്ലോ എന്നോര്‍ത്ത് വലിയ വിഷമം തോന്നിയെന്ന് നജീബിന്റെ ഭാര്യ സഫിയത്ത് പറഞ്ഞു. മസ്‌റ നേരിട്ട് കണ്ടപ്പോള്‍ തന്റെ വാപ്പിച്ച അനുഭവിച്ച ദുരിതമോര്‍ത്ത് ഏറെ വിഷമം തോന്നുന്നു എന്നായിരുന്നു മകന്‍ സഫീറിന്റെ വാക്കുകള്‍. വാപ്പിച്ച സൗദിയിലായിരുന്നപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. പിന്നീട് നോവല്‍ വായിച്ചപ്പോഴാണ് ആ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞത്.

ആടുജീവിതം നോവല്‍ വായിച്ചപ്പോഴും സിനിമ കണ്ടപ്പോഴും വല്ലാതെ മനസിനെ സ്പര്‍ശിച്ചുവെന്നും ഇത്തരത്തിലുള്ള പ്രവാസികളും ഗള്‍ഫില്‍ ഉണ്ടെന്ന് ഓര്‍മപ്പെടുത്താനാണ് നജീബിനെ യുഎഇയിലേക്ക് കൊണ്ടുവന്നതെന്നും അഫി അഹമ്മദ് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫ, പാക്കിസ്ഥാന്‍ സ്വദേശിയും സോഷ്യല്‍മീഡിയ താരവുമായ തൈമൂര്‍, ഭാര്യ ശ്രീജ, സനോജ് തുടങ്ങിയവരും സംബന്ധിച്ചു.

(കടപ്പാട്: മനോരമ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക