Image

ഇസ്രയേലി ബന്ധമുള്ള കപ്പൽ ഗൾഫിനടുത്തു  ഇറാൻ സേന പിടിച്ചെടുത്തു (പിപിഎം) 

Published on 13 April, 2024
ഇസ്രയേലി ബന്ധമുള്ള കപ്പൽ ഗൾഫിനടുത്തു  ഇറാൻ സേന പിടിച്ചെടുത്തു (പിപിഎം) 

ഇറാന്റെ വിപ്ലവ ഗാർഡുകൾ ഇസ്രയേലി ബന്ധമുള്ള ഒരു കപ്പൽ ഹോർമുസ് കടലിടുക്കിനു സമീപം ശനിയാഴ്ച തടഞ്ഞിട്ടു. ഹെലികോപ്റ്ററിൽ നിന്നു ഇറാൻ സൈനികർ കപ്പലിലേക്കു ഇറങ്ങിയെന്നാണ് റിപ്പോർട്ട്. 

പോർച്ചുഗീസ് കൊടി പറത്തുന്ന എം എസ് സി ഏരിയസ് ആണ് പിടിച്ചെടുത്ത കപ്പലെന്നും ഇറാൻ സേന അറിയിച്ചു. ലണ്ടനിലെ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടതാണ് കപ്പൽ. ആ ഗ്രൂപ്പിന്റെ ഉടമ ഇസ്രയേലി ശതകോടീശ്വരൻ എയാൽ ഓഫർ ആണ്. 

യു എ ഇയിലെ ഫുജൈറയ്ക്കു സമീപമാണ് കപ്പൽ പിടിച്ചെടുത്തതെന്നു ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു. 

ഗാർഡുകളുടെ നാവിക യൂണിറ്റാണ് കപ്പൽ പിടിച്ചെടുത്തതെന്നു ഇറാന്റെ ഇർന ന്യൂസ് ഏജൻസി പറഞ്ഞു. വിപ്ലവ ഗാർഡുകളുടെ ഉന്നത നേതാക്കളെ സിറിയയിലെ ഇറാൻ എംബസി ആക്രമിച്ചു ഇസ്രയേൽ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഏറ്റവും ഒടുവിൽ ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തുന്ന സംഘര്ഷത്തിലേക്കു നീങ്ങിയത്. 

ചരക്കു ഗതാഗതത്തിനു സുപ്രധാനമായ ഇടുങ്ങിയ ഈ കടലിടുക്കിൽ കപ്പലുകൾ തടയുന്നത് വലിയ പ്രതിസന്ധിക്കു വഴി തെളിക്കും. 
യുഎസ് പടക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്കു നീങ്ങിയത് ഇസ്രയേലിന്റെ പ്രതിരോധത്തിനു വേണ്ടി ആണെങ്കിലും ഇറാൻ സേനയുമായി നേരിട്ടൊരു സംഘർഷത്തിനു യുഎസ് തയാറാവാൻ ഇടയില്ല.  

യുദ്ധം ആസന്നമാണെന്ന ആശങ്ക ഉയരുന്നതിനിടെ ഇസ്രയേലിലേക്കു യാത്ര ചെയ്യരുതെന്നു യുഎസ് പൗരന്മാർക്ക് താക്കീതു നൽകിയിട്ടുണ്ട്. ശനിയാഴ്ച ആക്രമണം ഉണ്ടാവാമെന്നു ഇസ്രയേൽ പ്രതീക്ഷിക്കുന്നു. 

ഇറാൻ കമാൻഡോകൾ കപ്പലിൽ ഇറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ ഇറാൻ സേന പുറത്തു വിട്ടു. സോവിയറ്റ് കാലഘട്ടത്തിലെ മിൽ എംഐ-17 ഹെലികോപ്റ്റർ ആണ് ഇറാൻ ഉപയോഗിച്ചത്. യെമെനിലെ ഹൂത്തി കലാപകാരികളും അതേ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. 

Iran seizes Israel-linked ship 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക