Image

ഇസ്രയേല്‍ കപ്പല്‍ പിടിച്ചെടുത്ത്  ഇറാൻ : രണ്ട് മലയാളികളടക്കം 17 ഇന്ത്യക്കാരും  ബന്ദികള്‍

Published on 13 April, 2024
ഇസ്രയേല്‍ കപ്പല്‍ പിടിച്ചെടുത്ത്   ഇറാൻ : രണ്ട് മലയാളികളടക്കം 17 ഇന്ത്യക്കാരും  ബന്ദികള്‍

ഡല്‍ഹി: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന 25 അംഗ ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഇവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു .സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇറാനിയന്‍ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. ടെഹ്റാനിലുംഡൽഹിയിലും നീക്കങ്ങള്‍ നടക്കുന്നുണ്ട്.


കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ആക്രമണത്തിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ഇസ്രയേല്‍ നല്‍കിയ മുന്നറിയിപ്പ്.ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ്  ഇറാന്‍ പിടിച്ചെടുത്തത്. നിലവില്‍ കപ്പല്‍ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടു.

ഇസ്രയേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്ബനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചതെന്നും വാര്‍ത്തകളുണ്ട്. പോര്‍ച്ചുഗീസ് പതാക വഹിച്ചുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് പിടിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഇസ്രായേലും ഇറാനും തമ്മില്‍ പോര് ശക്തമാണ്. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്തുവന്നാലും ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് ഇറാന്‍ സൈന്യത്തിന്റെ നാവിക സേനാ മേധാവി അലി റസാ തങ്‌സിരി പറഞ്ഞിരുന്നു.

കപ്പല്‍ ഇറാന്‍ സൈന്യം പിടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എപി പുറത്തുവിട്ടു. ലണ്ടന്‍ കേന്ദ്രമായുള്ള സൊദിയാക് മാരിടൈം എന്ന കമ്ബനിയുടെ ചരക്കു കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലുകാരനായ ഇയാല്‍ ഓഫറിന്റെ നേതൃത്വത്തിലുള്ള സൊദിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കമ്ബനിയാണിത്. ഹോര്‍മുസ് ഭാഗത്തേക്ക് പോകവെ ദുബായ് തീരത്താണ് ഏറ്റവും ഒടുവില്‍ കപ്പലില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചത്.

കപ്പലിലെ ജീവനക്കാരാണ് മലയാളികള്‍. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്ബ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കപ്പലിലേക്ക് ഇറാന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ എത്തി ചാടി ഇറങ്ങുകയായിരുന്നുവത്രെ. കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രായേല്‍ വെട്ടിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക