Image

ഇസ്രയേലിൽ ഇറാൻ ആക്രമണം: 500 ൽ പരം ഡ്രോണുകളും മിസൈലുകളും  തൊടുത്ത് വിട്ടു

Published on 14 April, 2024
ഇസ്രയേലിൽ ഇറാൻ ആക്രമണം: 500 ൽ പരം  ഡ്രോണുകളും മിസൈലുകളും  തൊടുത്ത് വിട്ടു

ടെൽ അവീവ്: ഇസ്രയേലിലേക്ക്  500 ൽ പരം  ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ട് ഇറാൻ ആക്രമണം തുടങ്ങി.  ഇറാന്റെ   സഖ്യരാജ്യങ്ങളായ യമൻ, സിറിയ , ലബനൻ എന്നിവിടങ്ങളിൽ നിന്നും   ഡ്രോണുകൾ ഇസ്രയേലിലെത്തി. ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു കുട്ടിക്ക് പരുക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

ഡ്രോണുകൾ അയച്ചുവെങ്കിലും ഇസ്രായേലിൽ എത്താൻ മണിക്കൂറുകൾ എടുക്കുമെന്നതിനാൽ അവ പ്രതിരോധിക്കാൻ ഇസ്രായേലിനു എളുപ്പമായി.

ആക്രമണത്തെ തുടർന്ന് ഇറാനിൽ ആഹ്ലളാദപ്രകടനം നടന്നു. ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി പറഞ്ഞു.

ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.  പ്രത്യേക കാബിനറ്റ്  യോ​ഗവും   വിളിച്ചു.  ഇറാനില്‍ നിന്ന്‌ വ്യോമാക്രമണമുണ്ടായതായി ഇസ്രയേൽ സേന  സ്ഥിരീകരിച്ചു.

നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്  വ്യക്തമാക്കി. ഇസ്രയേലിനെ സംരക്ഷിക്കാൻ  പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന്  സൈനിക  വക്താവ് പറഞ്ഞു .  

തങ്ങളുടെ സൈനിക നടപടിയിൽ   യു.എസ് ഇടപെടരുതെന്ന്  ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.  

ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

1979-ലെ ഇസ്‌ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്‌ക്കിടയിലും ഇറാൻ ആദ്യമായാണ് ഇസ്രായേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത് 

സംഘർഷം രൂക്ഷമാകുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയത്. സ്ഥിതിഗതികൾ വഷളാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

തിരിച്ചടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്- അദ്ദേഹം   അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക