Image

പഠിക്കാം പ്രണയവും; പഠനരംഗത്ത് വേറിട്ട ചിന്തയുമായി ചൈനീസ് സർവകലാശാല

Published on 14 April, 2024
പഠിക്കാം പ്രണയവും; പഠനരംഗത്ത് വേറിട്ട ചിന്തയുമായി ചൈനീസ് സർവകലാശാല

എന്തൊക്കെ പഠിക്കാം സർവകലാശാലകളിൽ എന്നതിനെക്കുറിച്ചു ചില പൊതു ധാരണകൾ ഉണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഈ ധാരണകൾ അപ്പാടെ മാറിമറിയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ചൈനയിൽ നിന്നും പുറത്തു വരുന്നത്. രാജ്യത്തെ യുവാക്കൾക്ക് പ്രണയത്തിന്റെ മനഃശാസ്ത്രം പഠിക്കാൻ പുതിയ കോഴ്സുമായി ചൈനീസ് സർവകലാശാലയാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്സിറ്റിയാണ് വിദ്യാർത്ഥികൾക്കായി പുതിയ കോഴ്സ് അവതരിപ്പിച്ചത്. ബിരുദം പൂർത്തിയാക്കിയ ആർക്കും കോഴ്സിൽ പ്രവേശനം നേടാം. എളുപ്പത്തിൽ രണ്ട് അക്കാദമിക് ക്രെഡിറ്റ് നേടാൻ സാധിക്കുമെന്ന കാരണത്താൽ വിദ്യാർത്ഥികൾക്കിടയിൽ കോഴ്സിന് ഏറെ പ്രചാരവും കിട്ടിക്കഴിഞ്ഞു. 36 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. എന്നാൽ തുടക്കത്തിലെ ആവേശം ഇപ്പോൾ സർവകലാശാലയ്ക്ക് ഈ കോഴ്സിനോട് ഇല്ലത്രേ. കാരണം മറ്റൊന്നുമല്ല, വിവാദങ്ങൾ ഈ വിഷയത്തെ വിടാതെ പിന്തുടരുന്നതു തന്നെ കാരണം.

യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജ്യോഗ്രഫിക് സയൻസിലെ പ്രൊഫസറായ ഗോങ് ലിയാണ് പ്രണയ മനഃശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യ ക്ലാസ്സുകൾ എടുത്തത്. എന്നാൽ കോഴ്സിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിനികൾക്ക് മുന്നിൽ ഗോങ് ലി നടത്തിയ പരാമർശങ്ങൾ വിവാദമായി. ക്ലാസ്സ്‌ എടുക്കുന്നതിനിടെ ഗോങ് ലി നടത്തിയ ചില പ്രസ്താവനകളുടെ വീഡിയോകൾ വിദ്യാർത്ഥികൾ തന്നെ പുറത്ത് വിട്ടിരുന്നു. പ്രസവിക്കാനുള്ള തങ്ങളുടെ ആഗ്രഹം പെൺകുട്ടികൾ ഉറക്കെ പറയണമെന്നും, ഒരു പുരുഷനെ സ്ത്രീയോട് കൂടുതൽ അടുപ്പിക്കുന്നത് പ്രസവിക്കാനുള്ള അവളുടെ കഴിവാണെന്നുമെല്ലാമുള്ള പരാമർശങ്ങൾ ഗോങ് ലി നടത്തിയിരുന്നു.
പെൺകുട്ടികൾ മേക്കപ്പ് ചെയ്യുന്നത് ആൺകുട്ടികളെ ആകർഷിക്കുമെന്നും കൂടാതെ തങ്ങളുടെ ശരീരം സംരക്ഷിക്കുന്നത് സ്ത്രീകളുടെ പ്രത്യുൽപാദന ശേഷി വർധിപ്പിക്കുമെന്നുമൊക്കെയാണ് ഗോങ് ലി കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചത്. സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകൾ പങ്ക് വച്ചതോടെ വിദ്യാർത്ഥികളിൽ നിന്നും കോഴിസിനെതിരെ ആരോപണങ്ങൾ ഉയർന്നു. പെൺകുട്ടിക
ളെ അവരുടെ ലൈംഗിക ആകർഷണം എങ്ങനെ വർധിപ്പിക്കാമെന്നാണ് ചുരുക്കത്തിൽ കോഴ്സിൽ പഠിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. എളുപ്പത്തിൽ ക്രെഡിറ്റുകൾ ലഭിക്കുന്നതിനാലാണ് പലരും കോഴ്സ് തിരഞ്ഞെടുക്കുന്നതെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. 

ഏതായാലും വിവാദങ്ങളെത്തുടർന്ന് കോഴ്സ് താത്കാലികമായി നിർത്തി വയ്ക്കുന്നതായി സർവകലാശാല അറിയിച്ചു കഴിഞ്ഞു. ഭാവിയിൽ സെഷനുകൾ കൈകാര്യം ചെയ്യുക സ്കൂൾ ഓഫ് സൈക്കോളജി ആൻഡ് കൊഗ്നിറ്റീവ് സയൻസിലെ അധ്യാപകരായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. ഈ ബുദ്ധി എന്തേ സർവകലാശാലയ്ക്ക് ആദ്യം തോന്നിയില്ല എന്ന ചോദ്യം മാത്രം ബാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക