Image

ഇസ്രയേലിന്റെ പ്രത്യാക്രമണം ഏതു നിമിഷവും, ഇറാനു പരുക്കേൽപിക്കാൻ കഴിഞ്ഞില്ലെന്നു ഐ ഡി എഫ്; സഖ്യ രാഷ്ട്രങ്ങൾ കൂടെ നിന്നു (പിപിഎം) 

Published on 14 April, 2024
 ഇസ്രയേലിന്റെ പ്രത്യാക്രമണം ഏതു നിമിഷവും, ഇറാനു പരുക്കേൽപിക്കാൻ കഴിഞ്ഞില്ലെന്നു  ഐ ഡി എഫ്; സഖ്യ രാഷ്ട്രങ്ങൾ കൂടെ നിന്നു (പിപിഎം) 

ഡസൻ കണക്കിനു ബാലിസ്റ്റിക് മിസൈലുകളും നൂറു കണക്കിനു ഡ്രോണുകളുമായി ഇറാൻ ശനിയാഴ്ച നടത്തിയ വ്യോമാക്രമണം തകർത്തതായി ഇസ്രയേൽ അറിയിച്ചു. രാജ്യത്തിൻറെ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള 'ആരോ' വ്യോമപ്രതിരോധ സംവിധാനമാണ് ആക്രമണം തടുത്തത്. 

പത്തു വയസുള്ള ഒരു ആൺകുട്ടിക്കു പരുക്കേറ്റിട്ടുണ്ട്. രാജ്യത്തിനുള്ളിൽ ഗൗരവമായ മറ്റു ആളപായമൊന്നും ഉണ്ടായിട്ടില്ല. 

ആകാശ പ്രതിരോധം കൊണ്ട്  ആക്രമണം  പരാജയപ്പെടുത്തിയെന്നു  ഐ ഡി എഫ് വക്താവ് ഡാനിയൽ ഹഗാരി അവകാശപ്പെട്ടു. നൂറോളം ഡ്രോണുകളും അഞ്ഞൂറോളം മിസൈലുകളും ഇറാനും മറ്റു രാജ്യങ്ങളിലുള്ള അവരുടെ സഖ്യകക്ഷികളും വിക്ഷേപിച്ചെന്നു ഇസ്രയേലി സർക്കാർ ഉടമയിലുള്ള കാൻ ടിവി ന്യൂസ് പറഞ്ഞു. ലെബനനിൽ നിന്നു ഹിസ്‌ബൊള്ള മിസൈലുകൾ വിക്ഷേപിച്ചതായി കരുതപ്പെടുന്നു. 

യുഎസ്. ജോർദാനിയൻ, ബ്രിട്ടീഷ് സേനകൾ ഇസ്രയേലിൽ എത്താതെ അവ തടുക്കാൻ സഹായിച്ചു. 
.
എന്നാൽ ടെൽ അവീവിലും ജെറുസലേമിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇസ്രയേലി പൗരന്മാരെ ഉദ്ധരിച്ചു അറബ്-പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അതേ സമയം, ഇറാൻ അവരുടെ കരുത്തേറിയ മിസൈലുകൾ ഉപയോഗിച്ചില്ലെന്നും ചെറുകിട മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിന്റെ ആകാശ പ്രതിരോധം ക്ഷയിപ്പിക്കാനാണ് ശ്രമിച്ചതെന്നും ചില പ്രതിരോധ വിദഗ്‌ധർ വാദിക്കുന്നതായി ബി ബി സി പറയുന്നുണ്ട്. 

ഏതാനും മിസൈലുകൾ യുഎസ് സേന തകർത്തതായി പെന്റഗൺ വെളിപ്പെടുത്തി. പ്രസിഡന്റ് ജോ ബൈഡൻ ഒഴിവുകാലം റദ്ദാക്കി അടിയന്തരമായി വൈറ്റ് ഹൗസിലേക്കു മടങ്ങുകയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ യുഎസിന്റെ ഉറച്ച പിന്തുണ ആവർത്തിച്ചു ഉറപ്പു നൽകുകയും ചെയ്തു. ഇസ്രയേൽ ഏതു ആക്രമണത്തെയും നേരിടാൻ തയാറാണെന്നും ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. 

എന്നാൽ സംഘർഷം ലഘൂകരിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെ മേലും അതിനു സമ്മർദം ചെലുത്തും. അതേ സമയം, ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകുമെന്നു കാൻ ടി വി പറഞ്ഞു. ഇറാന് ആകാശ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. 

ഇറാനിൽ നിന്നു ഡ്രോണുകൾ വിക്ഷേപിച്ചയുടൻ ടെൽ അവീവ്, ജെറുസലേം, നെഗേവ് മരുഭൂമി, ചാവു കടൽ മേഖലകളിൽ സൈറണുകൾ മുഴങ്ങി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിയന്ത്രണം മണിക്കൂറുകൾക്കു ശേഷം ഇസ്രയേലി സേന ഐ ഡി എഫ് പിൻവലിച്ചു. 

തെക്കൻ ഇസ്രയേലിൽ ഐ ഡി എഫിന്റെ ഒരു താവളത്തിനു കേടുപാടുകൾ സംഭവിച്ചെന്നു അവർ സമ്മതിക്കുന്നു. 'ആരോ' സംവിധാനം ഉയരെ പറക്കുന്ന മിസൈലുകൾ നേരിടാൻ ഉള്ളതാണെന്നും താഴ്ന്നു പറക്കുന്ന ഡ്രോണുകൾ അവയ്ക്ക് തടുക്കാനാവില്ലെന്നുമാണ് വിശദീകരണം. 

സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു മറുപടിയായാണ് ഇസ്രയേലിനെ ഇറാൻ നേരിട്ട് ആക്രമിച്ചത്. ഇറാൻ വിപ്ലവ സേനയുടെ മേധാവി ഉൾപ്പെടെ ഏഴു ഉന്നത സൈനിക നേതാക്കൾ ദമാസ്കസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

Israel claims Iran aerial attacks foiled 

 ഇസ്രയേലിന്റെ പ്രത്യാക്രമണം ഏതു നിമിഷവും, ഇറാനു പരുക്കേൽപിക്കാൻ കഴിഞ്ഞില്ലെന്നു  ഐ ഡി എഫ്; സഖ്യ രാഷ്ട്രങ്ങൾ കൂടെ നിന്നു (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക