Image

ഇസ്രയേലിൽ സ്കൂളുകൾ അടച്ചു; ലെബനനും  ഇറാഖും വ്യോമാതിർത്തിയും (പിപിഎം) 

Published on 14 April, 2024
ഇസ്രയേലിൽ സ്കൂളുകൾ അടച്ചു; ലെബനനും  ഇറാഖും വ്യോമാതിർത്തിയും (പിപിഎം) 

ഇസ്രയേലിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചു. ശനിയാഴ്ച ഇറാന്റെ വ്യോമാക്രമണം ഉണ്ടായതിനെ തുടർന്നാണിത്. ഇസ്രയേലിന്റെ പ്രത്യാക്രമണം ഉണ്ടാവുമെന്ന സൂചന നിലനിൽക്കെ, യുദ്ധം വ്യാപിക്കും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ലെബനനിൽ നിന്നു ഹിസ്‌ബൊള്ളയും യെമെനിൽ നിന്നു ഹൂത്തികളും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ കരുതുന്നു. 

ലെബനനും ഇറാഖും വ്യോമാതിർത്തി അടച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതൽ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി ലെബനീസ് ഗതാഗത മന്ത്രി അലി ഹാമി പറഞ്ഞു. ഇതൊരു മുൻകരുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇസ്രയേലിന്റെ കേല ബാരക്കുകൾ ആക്രമിച്ചെന്നു ഞായറാഴ്ച്ച ഹിസ്‌ബൊള്ള വെളിപ്പെടുത്തി. അധിനിവേശ ഗോലാൻ കുന്നുകളിൽ ഡസൻ കണക്കിനു കട്ട്യുഷ റോക്കറ്റുകൾ വർഷിച്ചു. ലെബനനിലെ സ്വച്ഛമായ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തുന്നതിനു മറുപടിയാണിതെന്നു ഹിസ്‌ബൊള്ള പറഞ്ഞു. തെക്കൻ ലെബനനിൽ ശനിയാഴ്ച രാത്രിയും ഇസ്രയേലി ആക്രമണം ഉണ്ടായി. 

അഞ്ചു തവണ ഇസ്രയേലി ആക്രമണം ഉണ്ടായെന്നു ലെബനീസ് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഡ്രോണുകൾ താഴ്ന്നു പറന്നു ജനങ്ങൾക്കു ഭീഷണി ഉയർത്തി. നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായി. 

സുന്നി മുസ്ലിം-ക്രിസ്ത്യൻ ജനസംഖ്യ ഏറെക്കുറെ തുല്യമായ ലെബനനിൽ മൂന്നാം സ്ഥാനമുള്ള ഷിയാ വിഭാഗത്തിന്റെ പോരാളികളാണ് ഹിസ്‌ബൊള്ള. അവർക്കു പരിശീലനവും ആയുധങ്ങളും നൽകുന്നത് ഇറാൻ ആണ്. 2006ൽ ഇസ്രയേലും ഹിസ്‌ബൊള്ളയുമായി രൂക്ഷമായ യുദ്ധമുണ്ടായി. അന്ന് ഇസ്രയേലിനു പക്ഷെ വിജയം അവകാശപ്പെടാൻ കഴിഞ്ഞില്ല.  

ഇറാഖിൽ എല്ലാ സിവിലിയൻ ഫ്ലൈറ്റുകളും ശനിയാഴ്ച്ച ഉച്ച മുതൽ നിരോധിച്ചുവെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വരെയുള്ള നിരോധനം നീട്ടാൻ സാധ്യതയുണ്ട്. 

Israel closes schools; air space ban in Iraq, Lebanon 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക