Image

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ അധികാരത്തർക്കം രൂക്ഷമാകുന്നു (സനിൽ പി. തോമസ്)

Published on 14 April, 2024
ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ അധികാരത്തർക്കം രൂക്ഷമാകുന്നു (സനിൽ പി. തോമസ്)

പാരിസ് ഒളിംപിക്സ് മൂന്നു മാസം മാത്രം അകലെ നിൽക്കെ ഇന്ത്യൻ ഒളിംപിക് അ സോസിയേഷനിലെ പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാകുകയാണ്.  അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷയും ഭരണ സമിതിയായ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും രണ്ടു ചേരിയിൽ നിന്ന് അധികാരം ആർക്കെന്നതിനെച്ചൊല്ലി തർക്കിക്കുന്നു. തന്നെ ഒറ്റപ്പെടുത്തുവാൻ ശ്രമം നടക്കുന്നുവെന്ന് ഉഷ പരസ്യമായി പറയുകയും ചെയ്തു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര സർക്കാരിന് ഒത്തുതീർപ്പിനു ശ്രമിക്കാനാവില്ല. പ്രശ്നം കൈവിട്ടു പോയി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇടപെട്ടാൽ ഐ.ഒ.എയുടെ അംഗീകാരം സസ്പെൻഡ് ചെയ്യപ്പെടും.

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ രാഷ്ട്രീയം കടന്നു കയറിയതു മുതൽക്ക് രണ്ട് അധികാര കേന്ദ്രങ്ങൾ പതിവായിരുന്നു.പലപ്പോഴും ഇത് പ്രസിഡൻ്റിൻ്റെ ആളുകളും സെക്രട്ടറി ജനറലിൻ്റെ ആളുകളും എന്നു വ്യാഖ്യാനിക്കപ്പെട്ടു.സുരേഷ് കൽമാഡി പ്രസിഡൻ്റും രാജാ രൺധീർ സിങ് സെക്രട്ടറി ജനറലും ആയിരുന്നപ്പോഴും ഏറ്റവും ഒടുവിൽ നരീന്ദർ  ബത്ര പ്രസിഡൻറും രാജീവ് മേത്ത സെക്രട്ടറി ജനറലും ആയിരുന്നപ്പോഴുമൊക്കെ രണ്ട് ചേരികളായി അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സംഘടനയുടെ ഭരണത്തെ അതു ബാധിച്ചിരുന്നില്ല. മാത്രമല്ല, രാജ്യാന്തര ഒളിംപിക് സമിതി  യിൽ രാജാ രൺധീർ സിങ് ഉൾപ്പെട്ട പട്യാല രാജകുടുംബത്തിനുള്ള സ്വീകാര്യത എതിരാളികൾക്കും അറിവുള്ളതായിരുന്നു.

സെക്രട്ടറി ജനറലിൻ്റെ ഓഫിസ് ആയിരുന്നു ഭരണം നിർവഹിച്ചിരുന്നത്. അവിടെ പ്രഫഷണലുകൾ ആണ് മിക്കവാറും ഡയറകടറും എക്സിക്യൂട്ടീവ് ഡയറക്ടറുമൊക്കെയായി ജോലി നോക്കിയിരുന്നതും.എന്നാൽ 2022 നവംബറിൽ ഇന്ത്യൻ ഒളിംപിക് അസോസിയഷൻ ഭരണഘടന ഭേദഗതി ചെയ്തു.ഇതനുസരിച്ച് സെക്രട്ടറി ജനറലിനു പകരം പ്രഫഷണൽ സി.ഇ.ഒ.ആയി. അതും വോട്ട് അവകാശം ഇല്ലാത്ത സി.ഇ.ഒ .എല്ലാം നല്ല രീതിയിൽ നടക്കേണ്ടതാണ്. പക്ഷേ ,സംഭവിച്ചത് മറിച്ചും.

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കാൻ (ചെഫ് ഡി മിഷൻ) നിയോഗിക്കപ്പെട്ട മേരി കോം കഴിഞ്ഞ ദിവസം തൽസ്ഥാനം വേണ്ടെന്നു പറഞ്ഞ് ഉഷയ്ക്കു കത്തു കൊടുത്തു.വ്യക്തിപരമായ കാരണങ്ങൾ എന്നാണു വിശദീകരണം. മാർച്ച് 21നാണ് സംഘത്തെ നയിക്കാൻ മേരി കോമിനെ നിയമിച്ചത്. ആരും ചോദ്യം ചെയ്തില്ല. രാജ്യം പൊതുവേ സ്വീകരിച്ച തീരുമാനമെന്നു തന്നെ പറയാം എന്നാൽ പാരിസിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ   ഇന്ത്യൻ പതാക പിടിക്കാൻ ടേബിൾ ടെന്നിസ് താരം ശരത് കമലിനെ തിരഞ്ഞെടുത്തത് വൻ വിവാദമായി. അഞ്ജു ബോബി ജോർജ് ആണ്  പ്രതിഷേധവുമായി ആദ്യം രംഗത്തു വന്നത്.നീരജ് ചോപ്രയ്ക്കാണ് ആ ബഹുമതി നൽകേണ്ടതെന്നാണ് അഞ്ജുവിൻ്റെ  വാദം.  മേരി കോമും ശരത് കമലുമാണ് പല തീരുമാനങ്ങളിലും ഉഷയ്ക്കൊപ്പം നിന്നത് .
ഇന്ത്യൻ സംഘത്തിൻ്റെ ഉപ മേധാവിയായി നിയമിച്ചിരിക്കുന്നത് ശിവകേശവനെയാണ്. ശീതകാല ഒളിംപിക്സിൽ ആറു തവണ മത്സരിച്ച ചരിത്രമുണ്ടെങ്കിലും ശിവകേശവന് ഗ്രീഷ്മകാല ഒളിംപിക്സിൽ എന്തുകാര്യമെന്ന്  ആരും ചോദിച്ചില്ല. പക്ഷേ, സി.ഇ.ഒ. നിയമനത്തോടെ ഉഷയ്ക്ക് എതിരായ ഭരണ സമിതി അംഗങ്ങൾ ഇപ്പോൾ കൂടുതൽ ശക്തമായ എതിർപ്പുകളുമായി രംഗത്തു വന്നിരിക്കുകയാണ്.

2022 ഡിസംബറിൽ പി.ടി.ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയൻ്റെ നേതൃത്വത്തിൽ വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ഉയർന്നത്.സംസ്ഥാന ഒളിംപിക് അസോസിയഷനുകളുടെ വോട്ടവകാശം റദ്ദാക്കുകയും അത്ലറ്റ്സ് കമ്മിഷൻ നാമനിർദേശം ചെയ്യുന്ന എട്ടു പ്രമുഖ താരങ്ങൾക്ക് വോട്ടവകാശം നൽകുകയും (അതിൽ ഒരാളാണ് ഉഷ)  പ്രമുഖ താരങ്ങൾ ഭരണ സമിതിയിൽ എത്തുകയുമൊക്കെ ചെയ്തപ്പോൾ വലിയ മാറ്റം പ്രതീക്ഷിച്ചു. പക്ഷേ, സി.ഇ.ഒ നിയമനത്തോടെ ഉഷ ഒരു വശത്തും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ മറുവശത്തുമായി. സി.ഇ.ഒ ആയി രഘുറാം അയ്യരെ കഴിഞ്ഞ ജനുവരി ആറിനാണ നിയമിച്ചത്. ഐ.പി.ൽ ടീമായ രാജസ്ഥാൻ റോയൽസിൻ്റെ മുൻ മേധാവിയാണ് അയ്യർ.ഇതിനെതിരെ എക്സിക്യൂട്ടീവ് കൗൺസിലിലെ 15 അംഗങ്ങളിൽ 12 പേരും പരസ്യമായി രംഗത്തുവന്നു. ഇപ്പോൾ ഇതാ , കഴിഞ്ഞ വർഷം ജൂൺ ഏഴിന് ,ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് ആയി നിയമിക്കപ്പെട്ട ക്യാപ്റ്റൻ അജയ് നരങ്ങിനെ പുറത്താക്കിക്കൊണ്ട് ഭരണ സമിതി അംഗങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. അനധികൃതമായി ആരും ഒളിംപിക് ഭവനിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട്  എക്സിക്യൂട്ടീവ് കൗൺസിലിലെ ഒൻപത് അംഗങ്ങൾ ഏപ്രിൽ അഞ്ചിന് ഓഫിസിൽ നോട്ടിസ് പതിച്ചു.ഇതിനെതിരെ  രംഗത്തു വന്ന പി.ടി.ഉഷ, നോട്ടിസ് നീക്കാനും താനും തൻ്റെ ഓഫിസും നിർദേശിക്കുന്നതു മാത്രം അനുസരിച്ചാൽ മതിയെന്നും ജീവനക്കാർക്ക് നിർദേശം നൽകിയത്രെ.
നിയമനവും പിരിച്ചുവിടലും എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ പണിയല്ലെന്നും തൻ്റെ അധികാരമാണെന്നും പി.ടി.ഉഷ കഴിഞ്ഞ എട്ടിന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ നിയമനവും പിരിച്ചുവിടലും തങ്ങളുടെ അധികാര പരിധിയിൽ ആണെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ പറയുന്നു. നിയമനങ്ങൾ ഭരണ സമിതി അംഗീകരിക്കണമെന്ന ഭരണഘടനയിലെ നിർദേശം അവർക്ക് അനുകൂലമാണ്.

ഇപ്പോൾ പന്ത് പി.ടി.ഉഷയുടെ കോർട്ടിലാണ്. ഒത്തുതീർപ്പിന് മുൻകൈയെടുക്കേണ്ടത് ഉഷയാണ്.അത് വൈകിയാൽ രാജ്യത്തിലെ കായിക താരങ്ങളുടെ അഭിമാനമാകും നഷ്ടപ്പെടുക. സ്വന്തം ദേശീയ പതാകയ്ക്കു കീഴിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥ നമ്മുടെ കായിക താരങ്ങൾക്ക് ഉണ്ടാകരുത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക