Image

ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതർ

Published on 14 April, 2024
ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതർ

ന്യൂഡൽഹി: ഇറാന്‍ തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനേഷ് ഇന്‍റര്‍നെറ്റ് കോള്‍ ചെയ്ത് താന്‍ സുരക്ഷിതനെന്ന് അറിയിച്ചത്. എവിടെ നിന്നാണ് വിളിക്കുന്നതന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. പാലക്കാട് സ്വദേശിയായ സുമേഷിന്‍റെ കുടുംബത്തെ വിളിച്ച കപ്പല്‍ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്നറിയിച്ചു.

ഇറാന്‍റെ പിടിയിലുള്ള കപ്പലില്‍ 4 മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ് . 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്നലെയാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. ചരക്ക് കപ്പല്‍ ഇറാന്‍ സേന പിടികൂടിയ വിവരം ഇന്നലെ ഉച്ചയോടെയായിരുന്നു കുടുംബാംഗങ്ങളെ കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിലുണ്ട്.

യുഎഇയിലെ തുറമുഖ പട്ടണമായ ഫുജൈറയ്ക്ക് 50 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇറാന്‍റെ പ്രത്യേക സൈനിക സംഘം കപ്പല്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു ഇറാന്‍റെ വിശദീകരണം.

അതേസമയം, ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ചരക്കുകപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക