Image

ഇസ്രയേലിനെതിരായ ആക്രമണം പൂര്‍ണ വിജയം : ഇറാൻ സൈന്യത്തെ പ്രശംസിച്ച്‌ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സി

Published on 14 April, 2024
ഇസ്രയേലിനെതിരായ   ആക്രമണം പൂര്‍ണ  വിജയം : ഇറാൻ സൈന്യത്തെ പ്രശംസിച്ച്‌  പ്രസിഡൻറ് ഇബ്രാഹിം റെയ്‌സി

ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡൻറ്. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച്‌ കൊണ്ടാണ് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് ആവർത്തിച്ച്‌ വ്യക്തമാക്കിയത്.

ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡൻറ് വ്യക്തമാക്കി. ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇസ്രയേലിൻറെ സൈനിക താവളങ്ങള്‍ ആയിരുന്നുവെന്നും റെയ്സി വിവരിച്ചു.

പ്രസിഡൻറിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻറെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക