Image

ഇറാന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്നു ഇസ്രയേൽ; പ്രതികരണം തീരുമാനിച്ചില്ല (പിപിഎം) 

Published on 15 April, 2024
ഇറാന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്നു  ഇസ്രയേൽ; പ്രതികരണം തീരുമാനിച്ചില്ല (പിപിഎം) 

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം യുദ്ധപ്രഖ്യാപനമാണെന്നു ഇസ്രയേലി പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് അഭിപ്രായപ്പെട്ടു. സംയമനം പാലിക്കണമെന്ന ആഹ്വാനങ്ങൾ മാനിക്കുമെന്നു വ്യക്തമാക്കുമ്പോൾ തന്നെ ഞായറാഴ്ച രാത്രി സ്കൈന്യൂസ് ടെലിവിഷനിൽ അദ്ദേഹം പറഞ്ഞു: "ഇത് യഥാർഥ യുദ്ധമാണ്. അതായതു യുദ്ധപ്രഖ്യാപനം."

ഇസ്രയേൽ ഇറാനെതിരെ തിരിച്ചടിക്കും എന്നാണ് പ്രതീക്ഷ.  അതിന്റെ വിശദാംശങ്ങൾ ഞായറാഴ്ച വൈകിട്ടു കൂടിയ വാർ ക്യാബിനറ്റ് ചർച്ച ചെയ്തു.    

ഇസ്രയേൽ ആക്രമിച്ചാൽ അതിരൂക്ഷമായ പ്രതികരണം ഉണ്ടാവുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ഇസ്രയേലിനോടൊപ്പം കൂടിയാൽ യുഎസ് താവളങ്ങൾ ആക്രമിക്കും. ഇറാനെ ആക്രമിക്കാൻ യുഎസ് കൂടെ നിൽക്കില്ലെന്നു പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. 

 

ഇസ്രയേലിനു വിജയം തന്നെ 

 

ശനിയാഴ്ച ഇറാൻ വിക്ഷേപിച്ച 99% ഡ്രോണുകളും മിസൈലുകളും തകർത്തത് ഇസ്രയേൽ ആഘോഷിക്കേണ്ട വിജയമാണെന്നു ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടു പറഞ്ഞു. "അത് ആഘോഷിക്കുക," പ്രസിഡന്റ് നിർദേശിച്ചു. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ചു മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമാണ് ഇറാൻ തൊടുത്തത്. അവ തകർക്കാൻ പാശ്ചാത്യ സഖ്യത്തിനു പുറമെ അയൽപക്കത്തെ അറബ് രാജ്യമായ ജോർദാനും സഹായിച്ചു. 

ഡേവിഡ്‌സ് സ്‌ളിംഗ് എന്ന ആകാശ പ്രതിരോധ സംവിധാനമാണ് ഇസ്രയേൽ ഉപയോഗിച്ചത്. നിരവധി മിസൈൽ വേധ സംവിധാനങ്ങളൂം. ഇസ്രയേലി മാധ്യമങ്ങൾ പറയുന്നത് ഒരൊറ്റ ഡ്രോണോ മിസൈലോ ഇസ്രയേലിൽ പതിച്ചില്ല എന്നാണ്. ആദിമ ഗോത്ര വർഗ്ഗത്തിൽ പെട്ട 7 വയസുള്ള ഒരു പെൺകുട്ടിക്കു മാത്രമാണ് തകർന്നു വീണ ഡ്രോൺ ഭാഗങ്ങൾ തെറിച്ചു പരുക്കു പറ്റിയത്. 

യുഎസ് സേന 80 ഡ്രോണുകൾ തകർത്തുവെന്നു സെന്റ്‌കോം അറിയിച്ചു. ഇറാനിൽ നിന്നും യെമെനിൽ നിന്നും വന്ന ആറു ബാലിസ്റ്റിക് മിസൈലുകളെങ്കിലും വീഴ്ത്തി. 

ഇസ്രയേലിന്റെ പ്രസിദ്ധമായ 'അയൺ ഡോം' ഇക്കുറി അപര്യാപ്തമായിരുന്നതിനാൽ കൂടുതൽ ആധുനികമായ സംവിധാനങ്ങൾ കൊണ്ടാണ് ഇറാന്റെ മിസൈലുകളെ നേരിട്ടത്. പോർ വിമാനങ്ങളിൽ നിന്നു മിസൈലുകൾ അടിച്ചു തകർക്കുന്നതാണ് ഡേവിഡ്‌സ് സ്‌ളിംഗ്. അവ ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു തേടിപ്പിടിച്ചു നശിപ്പിക്കും.  

യുഎസ് ഇറാഖിനും സിറിയക്കും മീതെയാണ് മിസൈലുകളെ നേരിട്ടതെന്നാണ് വിവരം. വടക്കൻ ഇറാഖിൽ യുഎസ് സൈനികരെ സംരക്ഷിക്കാൻ പേട്രിയറ്റ് മിസൈൽ വേധ സംവിധാനമുണ്ട്. ചെങ്കടലിൽ യുഎസ്എസ് ഐസനോവർ പടക്കപ്പൽ സമുച്ചയവും. 

ജോർദാൻ കൂടെ ചേർന്നത് അവരുടെ അതിർത്തിക്കുള്ളിലേക്കു മിസൈലുകൾ കടന്നു ജനങ്ങൾക്കു അപകടം ഉണ്ടാക്കുന്നത് തടയാനാണ്. 

Israel says Iran has declared war 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക