Image

സമൂഹത്തിന് നേർക്കുപിടിച്ച കണ്ണാടി :കോരസൺ വർഗീസ് (മീട്ടു റഹ്മത്ത് കലാം)

Published on 15 April, 2024
സമൂഹത്തിന് നേർക്കുപിടിച്ച കണ്ണാടി :കോരസൺ വർഗീസ്   (മീട്ടു റഹ്മത്ത് കലാം)
 
അക്ഷരങ്ങളെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് കോരസൺ വർഗീസ്.കേരളത്തിലെയും ഇന്ത്യയിലെയും അമേരിക്കയിലെയും സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്രീയ സംഭവവികാസങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള ലേഖനങ്ങളിലൂടെയാണ് എഴുത്തുകാരൻ എന്ന നിലയിൽ ഇദ്ദേഹം  വായനക്കാർക്ക് പ്രിയങ്കരനാകുന്നത്. ഇമലയാളി ലിറ്റററി അവാർഡ്,ഫൊക്കാന ലിറ്റററി അവാർഡ്,കലാവേദി യു.എസ്.എ പുരസ്കാരം,സാഹിത്യ സംഭാവനയ്ക്കുള്ള വൈസ് മെൻസ് ക്ലബ് അവാർഡ് എന്നിങ്ങനെയുള്ള അംഗീകാരങ്ങൾ ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.ന്യൂയോർക്ക് സിറ്റി ഹൗസിങ് അതോറിറ്റിയിലെ തിരക്കേറിയ ജോലിക്കിടയിലും,
ഫൊക്കാനയുടെ 'ഹരിതം'മാഗസിന്റെ അണിയറശില്പി,ജയ്ഹിന്ദ് പത്രത്തിന്റെ മാനേജിങ് എഡിറ്റർ എന്നീ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
'വാൽക്കണ്ണാടി' എന്ന ആദ്യപുസ്തകത്തിന് ലഭിച്ച സ്വീകാര്യത പകർന്ന ആത്മവിശ്വാസംകൊണ്ട് രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിൽ ഇരിക്കെ, കോരസൺ വർഗീസ് ഇ-മലയാളി വായനക്കാരോട് സംസാരിക്കുന്നു...
 
ഇന്നുകാണുന്ന കോരസൺ വർഗീസിനെ രൂപപ്പെടുത്തിയതിൽ 
ജനിച്ചുവളർന്ന പശ്ചാത്തലത്തിനുള്ള പങ്ക്?
 
  പിതാവ് സി.കെ.വർഗീസ് മുളമൂട്ടിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് സ്ഥലംമാറ്റം ഉണ്ടാകും.അതുകൊണ്ടുതന്നെ, സർക്കസ് കൂടാരംപോലെ ടെന്റടിച്ചു നടക്കുന്ന ഒരു കുട്ടിക്കാലമാണ് ഓർമ്മയിലുള്ളത്. പുസ്തകങ്ങളുടെ നടുവിലിരിക്കുന്ന അച്ഛനെയാണ് അധികവും കണ്ടിട്ടുള്ളത്. നമ്മൾ യാത്ര പോകുമ്പോൾ 'ഇതിരിക്കട്ടെ' എന്നുപറഞ്ഞ് അച്ഛൻ കയ്യിലൊരു പുസ്തകം വച്ചുതരും. ഞാൻ പോലുമറിയാതെ വായനയുടെ ലോകത്തേക്ക് അദ്ദേഹമാണ് എന്നെക്കൂട്ടിക്കൊണ്ടുപോയത്.അയൽവീടുകളിൽ താമസിച്ചിരുന്ന അച്ഛന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ വീട്ടിൽ വരുമ്പോഴും ചർച്ച ചെയ്തിരുന്നത് പുസ്തകങ്ങളെയും എഴുത്തുകാരെയും കുറിച്ചാണ്.അത്തരം സൗഹൃദവലയമാകാം 17 പുസ്തകങ്ങൾ രചിക്കാൻ അച്ഛനെ പ്രചോദിപ്പിച്ചത്.വ്യക്തിത്വ വികാസമുണ്ടാകുമെന്ന് പറഞ്ഞ്  ബാലജനസഖ്യത്തിലും എൻസിസിയുടെ ക്യാമ്പിലും എല്ലാം നിർബന്ധപൂർവം പറഞ്ഞയച്ചിരുന്നു. സഭാകമ്പമില്ലാതെ ആർക്കുമുൻപിലും സംസാരിക്കാൻ സാധിക്കുന്നത് അതുകൊണ്ടൊക്കെയാകാം. അധ്യാപികയായിരുന്ന
അമ്മ മേരി വർഗീസിലൂടെ ചിത്രരചനയിലും അഭിരുചി ഉണ്ടായി.സ്‌കൂളിൽ പഠിക്കുമ്പോൾ ഡ്രോയിങ്ങിനും പെയ്ന്റിങ്ങിനും സമ്മാനം ലഭിച്ചിട്ടുണ്ട്.1979 ൽ കേരള ബാലജനസഖ്യത്തിന്റെ പെയിന്റിങ് മത്സരത്തിൽ ഗവർണർ ജ്യോതി വെങ്കടാചലത്തിന്റെ കയ്യിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.കോളജ് കാലയളവിൽ സംസ്ഥാനതലത്തിൽ പ്രൈസ് ലഭിക്കുകയും എം.ഇ.ദേവനെപ്പോലെ ഗുരുസ്ഥാനത്തുകാണുന്ന പ്രമുഖരുടെ അഭിനന്ദനം ഏറ്റുവാങ്ങാനും സാധിച്ചു. എഴുതാൻ ഇരിക്കുമ്പോഴും ആദ്യം ഒരു വിഷയം മനസ്സിലേക്ക് കടന്നുവരുന്നത് ഒരു ചിത്രമായിട്ടാണ്. പിന്നീടാണ് വാക്കുകൾ കടന്നുവരുന്നത്.പന്തളം എൻ.എസ്.എസ് കോളജിൽ വച്ച് യൂണിയനിൽ സജീവമായിരുന്നു.കോളജ് മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചു. 
 
ലേഖനങ്ങളോട് കൂടുതൽ താല്പര്യം തോന്നാൻ പ്രത്യേകിച്ചൊരു കാരണം?
 
 മിഷനറി പ്രവർത്തനങ്ങൾ നടത്തുന്ന ഒരു അച്ചൻ,എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു.മാതൃഭൂമിയുടെയും കേരളകൗമുദിയുടെയും വാരിക വായിക്കണമെന്നും, എങ്കിലേ ഭാഷ മെച്ചപ്പെടൂ എന്നും അദ്ദേഹം ഉപദേശിച്ചു. അമ്മച്ചിയും സഹോദരിമാരും മനോരമ വായിക്കുമ്പോൾ,ഞാൻ മാതൃഭൂമി വായിച്ചുതുടങ്ങി. കവിതകളും വായിച്ചിരുന്നെങ്കിലും ലേഖനങ്ങളോട് പ്രത്യേക മമത തോന്നി.അതിനൊരു കാരണമൊന്നുമില്ല.പല ലക്കങ്ങളുടേയും പിറകിൽ എന്റേതായ കുറിപ്പുകൾ എഴുതുമായിരുന്നു. പ്രവാസജീവിതം തുടങ്ങുന്നതിന് മുൻപു  വരെയും ആ ശീലം തുടർന്നു. ഇപ്പോഴും ആ കോപ്പികൾ എന്റെ കൈവശമുണ്ട്.
 
സ്വാധീനിച്ച എഴുത്തുകാരൻ?
 
ലേഖനങ്ങളോടാണ് പ്രിയം. സി.രാധാകൃഷ്ണന്റെ ശൈലിയാണ് എന്റെ മനസ്സിനോട് ഏറ്റവും ചേർന്നുപോകുന്നത്. അദ്ധ്യാത്മികതയും ഫിലോസഫിയും ഇടകലർത്തിയുള്ള എഴുത്ത്, വായനക്കാരനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. കൗതുകത്തോടെ ലോകത്തെ നോക്കിക്കാണുന്ന വ്യക്തിയാണ് ഞാൻ. ചിലപ്പോൾ വീണുകിട്ടുന്ന ചെറിയൊരു വാക്കിന്റെ പിന്നാലെ പോവുകയും അതേക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തി എഴുതാനുമൊക്കെ താല്പര്യം ജനിച്ചത് ഇങ്ങനെ പല എഴുത്തുകാരുടെ ലേഖനങ്ങൾ വായിച്ചതുകൊണ്ടാകാം.
 
 കഴിഞ്ഞ 20 വർഷങ്ങളായി മൻഹാട്ടനിലാണ് ജോലി.
ഉച്ചയ്ക്ക് മുക്കാൽ മണിക്കൂർ നടക്കാൻ പോകും.ഇന്നലെ കണ്ട കാഴ്ചകളല്ല,നാളെ കാണുന്നത്.എന്നും നഗരത്തിനൊരു പുതുമ അനുഭവപ്പെടും.അതുകൊണ്ടുതന്നെ, ഒരൊറ്റ നടത്തത്തിൽ എഴുതാൻ പറ്റിയ എന്തെങ്കിലും വിഷയം മനസ്സിൽ ഉടക്കും.ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകൃതമായ പല ലേഖനങ്ങളും പിറന്നത് അങ്ങനെയാണ്.
 
പ്രവാസജീവിതത്തിന്റെ തുടക്കം?
 
1982ൽ അബുദാബിയിലേക്ക് പോയി. എട്ടുവർഷം അവിടെ ജോലി ചെയ്തു. ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ ആദ്യ സുവനീർ ഇറക്കാൻ ഭാഗ്യമുണ്ടായി.അബുദാബി ഇന്ത്യൻ അസോസിയേഷനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾക്ക് ഞങ്ങൾ അവിടെ ഒത്തുചേരുമായിരുന്നു.നാടകാഭിനയം ഉൾപ്പെടെ പല കഴിവുകൾ ആ സമയത്ത് പരിപോഷിപ്പിച്ചു.അമേരിക്കയുടെ 
 
അമേരിക്കയിൽ എത്തിച്ചേർന്ന കാലം ഓർത്തെടുക്കുമ്പോൾ ഇന്ന് കാണുന്ന പ്രധാന മാറ്റം?
 
96-ൽ ആദ്യം കാണുമ്പോൾ മാൻഹാട്ടനിൽ ഒരു പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതൊക്കെ കണ്ടാണ് സ്ഥിരം ജോലിക്ക് പോയിരുന്നത്. തിരികെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചേരാൻ സാധിക്കുമ്പോൾ ദൈവത്തിന് നന്ദിപറയും. ജൂലിയാനി മേയറായ ശേഷം,നഗരം അടിമുടി മാറി. ഒരു ഭരണകർത്താവിന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുംകൊണ്ട്  എന്തൊക്കെ സാധിക്കുമെന്നതിന് ഉദാഹരണമാണ് അദ്ദേഹം.കുറ്റകൃത്യങ്ങൾ അലിഞ്ഞില്ലാതെയായി എന്നുതന്നെ പറയാം.സിറ്റി ദ്രുതഗതിയിൽ പുരോഗതി പ്രാപിക്കുന്നത് നേരിട്ട് കണ്ടു.ജൂലിയാനിയുടെ വ്യക്തിജീവിതവും രാഷ്ട്രീയവീക്ഷണവും മതിപ്പുളവാക്കുന്നില്ലെങ്കിലും, മേയർ എന്ന നിലയിലെ പ്രവർത്തനങ്ങൾക്ക് മുഴുവൻ മാർക്കും നൽകാം.
 
മിഡിൽ ഈസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ കാണുന്ന പ്രധാന വ്യത്യാസം?

അമേരിക്കയിലെ മലയാളികൾക്ക് മിഡിൽ ഈസ്റ്റിലെ അത്ര വിശാലമായ വീക്ഷണം ഇല്ലെന്ന് തോന്നിയിട്ടുണ്ട്. ഇവിടെ കൂടുതൽ തിരക്കുപിടിച്ച ജീവിതമാണ്.എല്ലാവരും അവരവരുടെ ഒരു ചതുരക്കളത്തിനുള്ളിൽ ഒതുങ്ങിക്കഴിയുകയാണ്. ദിവസവും നാലുമണിക്കൂർ യാത്രചെയ്ത് ജോലിക്ക് പോയി തിരികെ എത്തുമ്പോൾ കുടുംബവുമൊത്ത് ചിലവിടാൻ പോലും സമയം തികയില്ല.സാമൂഹിക സംഘടനകളിൽ ചെന്നാലും പുസ്തകങ്ങളെക്കുറിച്ചോ നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ചോ വ്യക്തമായ കാഴ്ചപ്പാടോടെ സംസാരിക്കുന്ന ആരെയും കാണാറില്ലെന്നതാണ് വലിയൊരു സങ്കടം. എന്നാൽ,ഷാർജയിലെ മലയാളി സംഘടനകളിൽ അത്തരം ചർച്ചകൾ സാധ്യമായിരുന്നു. ലിറ്റററി അസോസിയേഷനുകൾ വന്നതോടെ ഇവിടെയും  ഇപ്പോൾ,കുറെ മാറ്റം വന്നിട്ടുണ്ട്.കോവിഡിന് ശേഷം സൂം മീറ്റിലൂടെ നാട്ടിലുള്ള എഴുത്തുകാരോടുവരെ സംവദിക്കാൻ കഴിയുന്നുണ്ട്.
 
നാട്ടിൽ തുടർന്നിരുന്നെങ്കിൽ താങ്കളിലെ എഴുത്തുകാരൻ എങ്ങനെ മാറുമായിരുന്നു?
 
കേരളത്തിൽ തുടർന്നിരുന്നെങ്കിൽ പൊട്ടക്കുളത്തിലെ തവളയായി പോകുമായിരുന്നെന്ന് തോന്നിയിട്ടുണ്ട്.ലോകം കാണാൻ അവസരം ലഭിച്ചപ്പോഴാണ് വീക്ഷണങ്ങൾ മാറിയത്. ഒരെഴുത്തുകാരനും നാട്ടിൽ തന്നെ ഒതുങ്ങരുതെന്നാണ് എന്റെ അഭിപ്രായം.യാത്ര ചെയ്തുകൊണ്ടേ  ഇരിക്കണം. 
 
എഴുത്തിലേക്കുള്ള വാതായനം എങ്ങനെയാണ് തുറന്നുകിട്ടിയത്?
 
മലയാളം പത്രത്തിൽ  വാണിജ്യ വീക്ഷണം എന്ന കോളമാണ് ആദ്യമായി എഴുതിത്തുടങ്ങിയത്. കൗമുദിയിലൂടെയും മാതൃഭൂമിയിലൂടെയും ഞാൻ ധരിച്ചുവച്ചിരുന്ന അമേരിക്ക കുത്തക മുതലാളിമാരുടേതായിരുന്നു. ആദ്യകാല എഴുത്തിൽ ഈ ചിന്ത നിഴലിച്ചിട്ടുണ്ട്.അനുഭവങ്ങളിലൂടെയാണ് അമേരിക്കയുടെ യഥാർത്ഥ മുഖം ഞാൻ മനസ്സിലാക്കിയെടുത്തത്.
 
അമേരിക്കയുടെ യഥാർത്ഥ മുഖം മനസ്സിലായ അനുഭവങ്ങൾ?
 
 സ്‌കൂൾ കാലയളവിൽ മക്കൾക്ക് സ്പോർട്സിൽ താല്പര്യമുണ്ടായിരുന്നു.
 ജോലി വിട്ടുവന്നാൽ,ഞാനോ ഭാര്യയോ പരിശീലനത്തിനായി അവരെ കൊണ്ടുപോകുന്നത് ജീവിതത്തിന്റെ ഭാഗമായി. അവരെ ഒരു കോർട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതൊക്കെ നല്ല ഓർമ്മകളാണ്. അമേരിക്കയുടെ നേർചിത്രം മനസ്സിലാക്കിയത് എന്നെപ്പോലെ മക്കളുമായി എത്തിച്ചേർന്ന രക്ഷിതാക്കളിൽ നിന്നാണ്. കുട്ടികൾ കളിയിൽ വ്യാപൃതരാകുമ്പോൾ,ഞങ്ങൾ രാഷ്ട്രീയം ഉൾപ്പെടെ നാട്ടിലെ ഓരോ കാര്യങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യും.ഇവിടത്തെ ആളുകളുടെ താല്പര്യങ്ങൾ മനസിലാക്കാനും അതിലൂടെ സാധിച്ചു. വിവിധ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരുമായി ഇപ്പോഴും സൂക്ഷിക്കുന്ന നല്ല സൗഹൃദബന്ധം ലഭിച്ചതാണ് മറ്റൊരു നേട്ടം.
 
സാമൂഹിക സാംസ്കാരിക സാമുദായിക പ്രവർത്തനങ്ങൾ?
 
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോഴും സംഘടനയിൽ സജീവമാണ്.ഫൊക്കാനയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാറുണ്ട്. ഫൊക്കാനയുടെ ഇക്കഴിഞ്ഞ സാഹിത്യ സമ്മേളനം കോ-ഓർഡിനേറ്റ് ചെയ്തതിൽ ഒരാൾ ഞാനായിരുന്നു. 
മലങ്കര ഓർത്തോഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗം,ഭദ്രാസന അൽമായ ട്രസ്റ്റി,ഇന്ത്യൻ ക്രിസ്ത്യൻ ഹോമിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.  50 വർഷം പൂർത്തിയാക്കിയ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിലെ കമ്മിറ്റികളിലും പ്രവർത്തിക്കുന്നുണ്ട്.വൈസ് മെൻസ് ക്ലബിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.നോർത്ത് അറ്റ്ലാന്റിക് റീജിയന്റെ ഡയറക്ടറാണ്.ബോസ്റ്റൺ മുതൽ ഫിലാഡൽഫിയ വരെയുള്ള 8 ക്ലബുകളാണ് ഈ പരിധിയിൽ വരുന്നത്.
76 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഒന്നാണ് വൈസ് മെൻസ് ക്ലബ്.മലേറിയ നിവാരണം,യുവാക്കളുടെ ശാക്തീകരണം എന്നിങ്ങനെ പല കാര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും സൗത്ത് അമേരിക്കയിലുമെല്ലാം സംഘടന ചെയ്യുന്നുണ്ട്.
 
 ദൃശ്യമാധ്യമരംഗത്ത്? 
 
 വാൽക്കണ്ണാടി എന്ന അഭിമുഖപരിപാടി, അൻപതിലേറെ എപ്പിസോഡുകൾ ചെയ്തു. അതിൽ പലരും പ്രസിദ്ധരാണ്. വ്യക്തികൾക്കല്ല വിഷയങ്ങൾക്കായിരുന്നു  മുൻ‌തൂക്കം കൊടുത്തിരുന്നത്. റിപ്പോർട്ടർ ടിവി, പ്രവാസി ചാനൽ, കലാവേദി ടിവി, വാൽക്കണ്ണാടി വിത്ത്‌ കോരസൺ എന്നു തുടങ്ങി വിവിധ ചാനലുകളിൽ വിഷയങ്ങൾ ചർച്ച ചെയ്തു. 
 
തൊഴിൽജീവിതത്തിൽ സംതൃപ്തി തോന്നുന്ന അനുഭവം?
 
ന്യൂയോർക്ക് സിറ്റി ഹൗസിങ് അതോറിറ്റിയുടെ അക്കൗണ്ടിംഗ് സെക്ഷനിൽ മാനേജർ ലെവലിലാണ് ജോലി ചെയ്യുന്നത്.കുറഞ്ഞ വരുമാനമുള്ളവർക്ക് മെച്ചപ്പെട്ട പാർപ്പിടം ഒരുക്കുന്ന ഇവിടുത്തെ രീതി നമ്മുടെ നാട്ടിൽ പിൻപറ്റാവുന്നതാണ്. ഫെഡറൽ ഗവണ്മെന്റിന്റെ ഫണ്ടിങ് കൊണ്ടാണ് വീട് നിർമ്മിച്ചുനൽകുന്നത്.നാല് ചുമരുകൾ പണികഴിപ്പിക്കുന്നതുകൊണ്ട് സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല.ഓരോ കുടുംബത്തിലെയും കുട്ടികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരിഹരിക്കുകയും സമ്മർ ജോബ് നൽകി സ്വയംപര്യാപ്തരാക്കുകയും ചെയ്യും. വീട്ടമ്മമാർക്കും തൊഴിൽചെയ്യാൻ അവസരം ഒരുക്കുകയും പരിശീലനം നൽകുകയും ചെയ്യും.ഇത്തരത്തിൽ വളർന്നുവന്ന പലരും പിന്നീട് സുപ്രീം കോടതി ജഡ്ജിയും പോപ് ഗായകരും ഹോളിവുഡ് താരങ്ങളുമായി തീർന്നിട്ടുണ്ട്.ഈ ആശയം കഴിഞ്ഞ ലോകകേരളസഭയിൽ ഞാൻ പങ്കുവച്ചതാണ്. കേരളത്തിലെ ഭരണകർത്താക്കൾ അത് മുഖവിലയ്‌ക്കെടുത്താൽ നാടിന് നല്ലതാണ്. അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.
 
നാട്ടിലെ എഴുത്തുകാരുമായുള്ള ബന്ധം?
 
ബെന്യാമിനാണ് 'വാൽക്കണ്ണാടി' എന്ന എന്റെ പുസ്തകത്തിന് അവതാരിക എഴുതിയത്. നാട്ടിൽ പോകുമ്പോൾ അതുപോലെ പല എഴുത്തുകാരെയും കാണാറുണ്ട്. സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ അത്തരം സൗഹൃദങ്ങൾ വീണുകിട്ടും.സക്കറിയയുമായും വളരെ നല്ല ബന്ധമാണ്.
 
ഭാവിപരിപാടികൾ?
 
രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.ഉടനെ പ്രസിദ്ധീകൃതമാകും.കേരളത്തിന് പുറത്തുള്ള എന്റെ അനുഭവങ്ങൾ, കഥയുടെ ചാരുതയോടെ അവതരിപ്പിക്കാനാണ് ശ്രമം. അവിചാരിതമായി  മുന്നിൽ വന്നുപെട്ട ചില വ്യക്തികളുടെ പ്രത്യേകിച്ച് ലോകത്തിന് വെളിച്ചമായി തീർന്ന സ്ത്രീകളുടെ അടയാളപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്.
 
കുടുംബം?
 
ഭാര്യ സന്തോഷ്‌കുമാരി വടക്കേ ഇന്ത്യയിലാണ് ജനിച്ചുവളർന്നത്. ഇവിടെ ആശുപത്രിയിൽ കെമിസ്റ്റായി ജോലി ചെയ്യുന്നു. ഞങ്ങൾക്ക് 
മൂന്ന് മക്കളാണ്. ആൺമക്കൾ ഇരട്ടകളാണ്-ക്രിസ്റ്റിൻ,ജോനഥൻ.മകൾ:ക്രിസ്റ്റൽ. ലോങ്ങ് ഐലൻഡിലെ പ്ലെയിൻ വ്യൂവിലാണ് കുടുംബസമേതം താമസം.
 
 
Join WhatsApp News
Mathew v. Zacharia, New yorker 2024-04-15 13:50:26
Koroson Varghese: valkannadi sounded like aranmulla kann adi. My prayer and blessing for you to continue your God given ability with peace in family and society.
Sudhir Panikkaveetil 2024-04-15 14:18:50
പ്രിയ ശ്രീ കോരസൻ, ഫീച്ചർ അതീവമായ ആനന്ദത്തോടെ വായിച്ചു. നിങ്ങൾ നേടിയ നേട്ടങ്ങളും വിജയങ്ങളും തുടർന്നും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.നന്മകൾ നേർന്നുകൊണ്ട്,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക