Image

പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയൻ അന്തരിച്ചു

Published on 16 April, 2024
പ്രശസ്ത സംഗീതജ്ഞൻ കെ. ജി. ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകർന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

 ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെയും  നാരായണിയമ്മയുടേയും  ഇരട്ട മക്കളാണ്  ജയനും വിജയനും.  കര്‍ണാടക സംഗീതത്തിലാണ് ഈ ഇരട്ട സഹോദരങ്ങൾ ആദ്യം മികവ് തെളിയിച്ചത് .  കെജി ജയൻ കെജി വിജയൻ ഇരട്ട സഹോദരങ്ങളുടെ പേര് ചുരുക്കി ജയവിജയ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ഈ കൂട്ട് തെക്കേഇന്ത്യ മുഴുവൻ പ്രണയ ഭക്തി ഗാനങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ അലയടിച്ചിരുന്നു.

ആറാം വയസില്‍ സംഗീത പഠനം ആരംഭിച്ച ജയന്‍ 10ാം വയസ്സില്‍ കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇരുവരേയും കൂടുതല്‍ സംഗീതം പഠിപ്പിക്കണമെന്ന് വീട്ടുകാരോട് പറയുന്നത്.

തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു ഉപരിപഠനം. ഇരുവരുടേയും പാട്ട് ഇഷ്ടപ്പെട്ട ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ, രാജമുദ്രയുള്ള ബട്ടണ്‍ ആണ് ഇരുവര്‍ക്കും സമ്മാനമായി നല്‍കിയത്. പിന്നാലെ ആലത്തൂര്‍ ബ്രദേഴ്‌സിന്റെ അടുത്ത് പാട്ട് പഠിക്കാനുള്ള ഏര്‍പ്പാടും അദ്ദേഹം നേരിട്ട് ചെയ്ത് കൊടുക്കുകയായിരുന്നു.

 വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ  തങ്ങളുടെ ഇഷ്ട ദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാർച്ചന നടത്തിയാണ് സംഗീതയാത്രയ്ക്ക് തുടക്കം കുറിച്ചത്.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞനായിരുന്നു കെ ജി ജയന്‍. ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍.

യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന 'ശ്രീശബരീശാ ദീനദയാലാ...' എന്ന ഗാനം ജയചന്ദ്രനും 'ദര്‍ശനം പുണ്യദര്‍ശനം...' എന്ന പാട്ട് യേശുദാസും പാടി. ശബരിമലനട തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍പ്പിക്കുന്ന പ്രസിദ്ധമായ 'ശ്രീകോവില്‍ നട തുറന്നു...' എന്ന പാട്ട് ചിട്ടപ്പെടുത്തിയതും ജയവിജയന്മാരാണ്.

'നക്ഷത്രദീപങ്ങള്‍ തിളങ്ങി' (നിറകുടം), 'ഹൃദയം ദേവാലയം' (തെരുവുഗീതം), 'കണ്ണാടിയമ്മാ ഉന്‍ ഇദയം'.. (പാദപൂജ), 'ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതന്‍ ഇങ്കേ'.. ( ഷണ്‍മുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഈ ഇരട്ട സഹോദരങ്ങൾ  സംഗീതമേകി. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്ന് വരികയായിരുന്നു.

ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ.ജയൻ എന്നൊരു മകൻകൂടിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക