Image

തൃശൂരിൽ ശക്തമായ ത്രികോണ മത്സരം (കേരളം തിരഞ്ഞെടുപ്പ് ചൂടിൽ - 3: രാഷ്ട്രീയ ലേഖകൻ)

Published on 19 April, 2024
തൃശൂരിൽ ശക്തമായ ത്രികോണ മത്സരം (കേരളം തിരഞ്ഞെടുപ്പ് ചൂടിൽ - 3: രാഷ്ട്രീയ ലേഖകൻ)

ബി.ജെ.പി കേരളത്തിൽ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ ഒന്ന് തൃശൂരാണ്. കഴിഞ്ഞ തവണ ,"തൃശൂർ ഞാൻ ഇങ്ങ് എടുക്കുകയാണ് " എന്നു പറഞ്ഞ് അല്പം വൈകി ഇറങ്ങിയ സുരേഷ് ഗോപി ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെ തുടക്കം മുതൽക്കേ രംഗത്തുണ്ട്. സി.പി.ഐയിലെ വി.എസ്.സുനിൽ കുമാറും നേരത്തെ പ്രചാരണം തുടങ്ങി.നിലവിലെ എം.പിയായ ടി.എൻ. പ്രതാപൻ ചുവരെഴുത്ത് തുടങ്ങിക്കഴിഞ്ഞാണ് കെ.മുരളീധരൻ്റെ മാസ് എൻട്രി. പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതോടെയാണ് മുരളിയെ വടകരയിൽ നിന്ന് തൃശൂരിലേക്കു മാറ്റുവാൻ തീരുമാനിച്ചതെന്ന് പ്രചാരണം ഉണ്ട്. പക്ഷേ, അതിലുപരി, ബി.ജെ.പി. തങ്ങളുടെ ഏക നിയമസഭാ സീറ്റ് നഷ്ടപ്പെടാൻ കാരണക്കാരനായ മുരളിയെ തോൽപി
ക്കാൻ വടകരയിൽ കെ.കെ.ശൈലജയ്ക്ക് വോട്ട് മറിക്കുമെന്ന ആശങ്കയാണ് കാരണം എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്തായാലും എന്നും എവിടെയും വെല്ലുവിളി സ്വീകരിച്ച് കോൺഗ്രസിൻ്റെ തുറുപ്പുചീട്ട് ആയ കെ.മുരളീധരൻ്റെ വരവ് ബി.ജെ.പി.ക്യാംപിലെ അമിത വിശ്വാസം കെടുത്തി.
ജയിച്ചാൽ കേന്ദ്ര മന്ത്രിയെന്നാണു സുരേഷ് ഗോപിയെക്കുറിച്ച് ബി.ജെ.പി. വാഗ്ദാനം. പക്ഷേ, ഇത് രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കെ.സുരേന്ദ്രനും ഉൾപ്പെടെ പലരുടെ കാര്യത്തിലും ബി.ജെ.പി. പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരേഷ് ഗോപിയോട് പ്രത്യേക വാൽസല്യമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ
കെ.മുരളീധരൻ്റെ വരവിന് തൊട്ടുപിന്നാലെ , ഇങ്ങനെയെങ്കിൽ താൻ തിരുവനന്തപുരത്തു പോയി പ്രചാരണം നടത്തുമെന്ന് അണികളോട് രോഷം പ്രകടിപ്പിച്ച സുരേഷ് ഗോപി സ്വയം പിന്നാക്കം പോയി. ജനകീയനെന്ന മേൽവിലാസമാണ് മുൻ മന്ത്രി സുനിൽകുമാറിൻ്റെ അടിത്തറ. പക്ഷേ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി ഇടതു കോട്ടകളിൽ വലിയ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പം ബി.ജെ.പി.- സി.പി.എം. ഡീൽ എന്ന പ്രചാരണവും ശമിച്ചിട്ടില്ല.
മണിപ്പൂർ വിഷയവും ഏറ്റവും ഒടുവിൽ തെലങ്കാനയിൽ സ്കൂളിൽ  ക്രിസ്തീയ വൈദികനു നേരെ ഹിന്ദു സംഘടനകൾ നടത്തിയ ആക്രമണവും ക്രിസ്തീയ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാക്കുമെന്നാണ് സൂചന.സുരേഷ് ഗോപിയെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവരും ഇക്കൂട്ടത്തിൽ വരും.
തൃശൂർ, ആലത്തൂർ, ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ എടുത്താൽ ഏറ്റവും വാശിയേറിയ പോരാട്ടം തൃശൂരിൽ തന്നെ.
ചാലക്കുടിയിൽ നിലവിലെ എം.പി. ബെന്നി ബഹ് നാന് കടുത്ത വെല്ലുവിളി ഉയർത്താൻ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനു കഴിയുന്നുണ്ട്.  ചാലക്കുടി കോൺഗ്രസ് ശക്തി കേന്ദ്രമാണ്. പക്ഷേ, ട്വൻ്റി 20 പിടിക്കുന്ന വോട്ടുകൾ എൽ.ഡി.എഫിനെക്കാൾ യു ഡി എഫിനെ ബാധിക്കാനാണു സാധ്യത. ഇന്നസെൻ്റ് ഒരിക്കൽ ജയിക്കുകയും ഒരിക്കൽ തോൽക്കുകയും ചെയ്ത മണ്ഡലമാണിത്.ബി.ഡി.ജെ.എസിൻ്റെ കെ.എ. ഉണ്ണിക്കൃഷ്ണൻ ആണ് എൻ.ഡി.എ. സ്ഥാനാർഥി.
ആലത്തൂരിൽ 2019 ൽ അട്ടിമറി വിജയം നേടിയ കോൺഗ്രസിൻ്റെ രമ്യ ഹരിദാസ് ഇക്കുറി വെല്ലുവിളി നേരിടുമെന്ന് തുടക്കത്തിൽ പ്രചാരണം ശക്തമായിരുന്നു. പക്ഷേ, അഭിപ്രായ സർവേകൾ രമ്യക്ക് അനുകൂലമാണ്. മന്ത്രി കെ.രാധാകൃഷ്ണൻ ആണ് സി.പി.എം. സ്ഥാനാർഥി.എ.കെ.ബാലൻ സ്ഥാനാർഥിയാകുമെന്നായിരുന്നു ആദ്യം കേട്ടത്.കോട്ട തിരിച്ചുപിടിക്കാൻ രാധാകൃഷ്ണനാണ് മികച്ച
തെന്ന് ഇടതു മുന്നണി വിലയിരുത്തി.
ഡോ.ടി.എൻ.സരസുവാണ് ബി.ജെ.പി.സ്ഥാനാർഥി.
എറണാകുളത്ത് ഹൈബി ഈഡനെ അട്ടിമറിക്കാൻ സി.പി.എമ്മിൻ്റെ കെ.ജെ.ഷൈന് കഴിയുമെന്ന് ഇടതുപക്ഷം പോലും ചിന്തിക്കുന്നുണ്ടാകില്ല. യു.ഡി.എഫ് എന്നും ആദ്യം ഉറപ്പിക്കുന്ന സീറ്റാണ് എറണാകുളം.കെ.വി.തോമസിൻ്റെ മുന്നണി മാറ്റം കോൺഗ്രസുകാരിൽ വീറും വാശിയും കുട്ടിയെന്നാണു വിലയിരുത്തൽ. അതാണു തൃക്കാക്കരയിൽ കണ്ടതും. ഡോ.കെ.എസ്.രാധാകൃഷ്ണൻ ആണ് ബി.ജെ.പി. സ്ഥാനാർഥി.പാർട്ടി വോട്ടുകൾക്ക് അപ്പുറം വ്യക്തിപരമായി വോട്ട് നേടാൻ തക്ക സൗഹൃദങ്ങൾ ഉള്ളവരാണ് ആലത്തൂരിലെ ഡോ.സരസുവും എറണാകുളത്തെ ഡോ.രാധാകൃഷ്ണനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക