Image

നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെയൊക്കെ ജയിലിലിട്ടത്, അതു പറഞ്ഞു വിരട്ടരുത് ; രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

Published on 19 April, 2024
 നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെയൊക്കെ ജയിലിലിട്ടത്, അതു പറഞ്ഞു വിരട്ടരുത് ; രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

കോഴിക്കോട്: എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയേ ജയിലില്‍ അടയ്ക്കാത്തതെന്ന രാഹുലിന്റ വിമര്‍ശനത്തിന് മറുപടിയുമായി പിണറായി വിജയന്‍. ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല തങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോള്‍ ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി, നേരത്തെ നിങ്ങള്‍ക്ക് ഒരുപേരുണ്ട്. ആ രീതിയില്‍ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'നിങ്ങളുടെ മുത്തശ്ശി ഈ രാജ്യത്താകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വര്‍ഷം. ജയിലെന്ന് കേട്ടാല്‍ നിങ്ങളുടെ അശോക് ചവാനെ പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല എന്ന് പറയുന്നവരല്ല ഞങ്ങള്‍', പിണറായി പറഞ്ഞു.

ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും. നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സിബിഐയ്ക്ക് കേസ് കൊടുത്തത്, നിങ്ങള്‍ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട്. വിജിലന്‍സ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐയ്ക്ക് കൊടുത്തത്. സിബിഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. നേരത്തേ വിജിലന്‍സ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തില്‍. എങ്ങനെയാണ് ആ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അന്നത്തെ സിബിഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാന്‍ നോക്കെന്നും പിണറായി പറഞ്ഞു.

അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും അതൊന്നും കാട്ടി തങ്ങളെ വിരട്ടാന്‍ നോക്കരുതെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക