Image

യു എ ഇക്കു പ്രളയത്തിൽ നിന്ന് ആശ്വാസമായില്ല;  കൂടുതൽ മഴ വരുന്നുവെന്നു പ്രവചനം (പിപിഎം) 

Published on 19 April, 2024
യു എ ഇക്കു പ്രളയത്തിൽ നിന്ന് ആശ്വാസമായില്ല;  കൂടുതൽ മഴ വരുന്നുവെന്നു പ്രവചനം (പിപിഎം) 

എഴുപത്തഞ്ചു വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും കനത്ത മഴയിൽ ലോകവുമായുള്ള ബന്ധം തന്നെ അറ്റുപോയ യു എ ഇ കൂടുതൽ മഴ കാത്തു വിറങ്ങലിച്ചു നിൽക്കയാണ്. വർഷം തോറും ഒന്നരക്കോടി ടൂറിസ്റ്റുകൾ വന്നു പോകുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നു ദുബായ് അടച്ചിടുമ്പോൾ രാജ്യം ഫലത്തിൽ ഒറ്റപ്പെടുകയാണ്. 

വെള്ളിയാഴ്ച മഴയൊന്നു മാറി നിന്നെങ്കിലും ആശ്വസിക്കാൻ വകയുണ്ടായില്ല. ശനിയാഴ്ച മുതൽ ചൊവാഴ്ച വരെ മഴയുണ്ടാകും എന്ന പ്രവചനം നിലനിൽക്കെ എല്ലാ നഗരങ്ങളിലും പ്രധാന പാതകളെല്ലാം അടച്ചിട്ടിരിക്കയാണ്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് ഈ പ്രളയത്തിനു പ്രധാന കാരണമെങ്കിലും, ഇടയ്ക്കിടെ മേഘങ്ങളിൽ രാസവസ്തുക്കൾ സ്പ്രേ ചെയ്തു മഴ പെയ്യിക്കുന്ന രാജ്യത്തിനു പ്രതീക്ഷിക്കാൻ കഴിഞ്ഞതിന്റെ എത്രയോ ഇരട്ടി മഴയാണ് ഇക്കുറി ഉണ്ടായത്. 

ക്ലൗഡ് സീഡിംഗ് നടത്തിയതു കൊണ്ടല്ല ഈ മഴ ഉണ്ടായതെന്ന് ഔദ്യോഗിക വിശദീകരണമുണ്ട്. എന്തു കൊണ്ടു മഴ ഇത്ര തീവ്രമായി എന്നതിന് ചില സാങ്കേതിക വിശദീകരണങ്ങൾ വിദഗ്‌ധർ നൽകുന്നുമുണ്ട്. രണ്ടായാലും രാജ്യമാകെ സ്ഥാപിച്ചപ്പോൾ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് പ്രവാസികൾ തന്നെയാണ്. സർക്കാർ ജോലി ചെയ്യുന്ന എമിറാറ്റി പൗരന്മാർക്ക്  വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതിയുണ്ട്. സ്വകാര്യ മേഖലയിലാണ് പ്രവാസികളിൽ മഹാഭൂരിപക്ഷവും. അവർക്കു അങ്ങിനെയൊരു സൗകര്യം നൽകുന്നത് ചുരുക്കം ചില കമ്പനികൾ മാത്രം. അപ്പോൾ അവധിയെടുക്കുക മാത്രമേ വഴിയുള്ളൂ. 

ഒരു വർഷം കൊണ്ട് പെയ്യുന്ന മഴ 12 മണിക്കൂറിൽ പെയ്‌തിറങ്ങി എന്നാണ് കണക്ക്. 1949ൽ ഗൾഫ് തന്നെ പിച്ചവച്ചു നടക്കുന്ന കാലത്താണ് ഇതു പോലൊരു മഴ ഇതിനു മുൻപ് ഉണ്ടായത്. ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ല എന്ന വിശദീകരണം സ്വീകരിക്കാൻ മടിക്കുന്നവർ ഓർക്കേണ്ടത് 1949ൽ അങ്ങിനെയൊരു സാങ്കേതിക വിദ്യ തന്നെ ഉണ്ടായിരുന്നില്ല എന്നാണ്. 

ജലവിതരണത്തെ പോലും ബാധിച്ച പ്രതിസന്ധിയാണിത്. ടാപ്പ് തുറന്നാൽ വെള്ളം കിട്ടാത്ത അവസ്ഥ വരെയുണ്ട്. വൈദ്യുതി പലേടത്തും വിച്ഛേദിച്ചിട്ടുണ്ട്. കാരണം വെള്ളത്തിൽ കൂടി ഷോക്ക് ഏൽക്കണമെന്ന അപകടമുണ്ട്. 

ദുബായ് അടച്ചു പൂട്ടിയതോടെയാണ് ഈ പ്രതിസന്ധി ലോകം ശ്രദ്ധിച്ചത്. എണ്ണ കുറവുള്ള എമിറേറ്റിന്റെ പ്രധാനപ്പെട്ട ഒരു വരുമാനം ടൂറിസമാണ്. വർഷം തോറും 1.5 മില്യൺ ടൂറിസ്റ്റുകൾ കടന്നു പോകുന്ന ദുബായിൽ വിമാനത്താവളം അടച്ചതോടെ ആർഭാട ഹോട്ടലുകളും പൂട്ടേണ്ടി വന്നു. ബാങ്കുകൾ പ്രവർത്തിക്കാതെ വന്നപ്പോൾ സാമ്പത്തിക ഇടപാടുകളും സ്തംഭിച്ചു. 

ദുബായിലേക്കു യാത്ര ചെയ്യേണ്ട എന്ന് ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ദുബായിയുടെ എമിറേറ്റ്സ് എയർലൈനും ഷാർജയുടെ എയർ അറേബ്യയും എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ സർവീസുകളും യു എ എയിലേക്കു എത്തുന്നില്ല. അടിയന്തര യാത്രകൾ വേണ്ടിവരുന്നവർ കഷ്ടത്തിലായി. 

പ്രളയം ഒഴിവാക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ പഠിച്ചു നടപ്പാക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 

Flood-hit UAE warned of more rain 

 

 

യു എ ഇക്കു പ്രളയത്തിൽ നിന്ന് ആശ്വാസമായില്ല;  കൂടുതൽ മഴ വരുന്നുവെന്നു പ്രവചനം (പിപിഎം) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക