Image

മാസ്സ്, ആക്ഷന്‍, കോമഡിയുമായി ആവേശം വാനോളം

Published on 19 April, 2024
മാസ്സ്, ആക്ഷന്‍, കോമഡിയുമായി ആവേശം വാനോളം

വിഷുവിനും ഈസ്റ്ററിനും തിയേറ്ററില്‍ അക്ഷരാര്‍ത്ഥത്തില്‍ വെടിക്കെട്ടുതിര്‍ത്ത് കടന്നു വന് ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ എന്ന നടന്റെ ഇതു വരെ കാണാത്ത രൂപവും ഭാവവും ചുറ്റുമുള്ളവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനവും എല്ലാം കൊണ്ട് ആഘോഷപ്പൂരമൊരുക്കിയ, ഇപ്പോഴും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മുന്നേറുന്ന ചിത്രം.

രംഗന്‍ അഥവാ രംഗണ്ണന്‍ എന്ന റൗഡിയുടെ കഥയാണ് ആവേശം. ആദ്യന്തം ഒരു പക്കാ എന്റര്‍ടെയ്ന്റ്‌മെന്റായി ഒരുക്കിയ ചിത്രത്തില്‍ കന്നഡ സംസാരിക്കുന്ന കഥാപാത്രമായി ഫഹദ് തിളങ്ങുന്നു. ബാംഗ്‌ളൂരിലെ ഒരു സ്ഥാപനത്തില്‍ പഠിക്കാനെത്തുന്ന മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നത്തില്‍ രംഗണ്ണന്‍ ഇടപെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. കോളേജ് ഹോസ്റ്റലില്‍ സാധാരണ പോലെ തന്നെ തമാശകളും കളിയും ചിരിയുമായി നടക്കുന്ന സുഹൃത്തുക്കള്‍. കോളേജ് മുറ്റത്തു തുടങ്ങുന്ന പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിജീവിതത്തിലേക്കു കൂടി കടക്കുന്നതോടെ ആവേശത്തിന്റെ അമിട്ടു പൊട്ടാന്‍ തുടങ്ങുന്നു. രംഗണ്ണനും കൂട്ടുകാരും കൂടി ഈ പ്രശ്‌നത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെയാണ് സീന്‍ മാറുന്നത്. ആരാണ് രംഗണ്ണനെന്നും അയാളുടെ പശ്ചാത്തലവും അയാളുടെ ശത്രുക്കള്‍ ആരെല്ലാമാണെന്നു പറഞ്ഞു കൊണ്ടും ചിത്രം മുന്നോട്ടു പോകുന്നു.

പതിവു കഥാപാത്രങ്ങളില്‍ നിന്നു മാറി നിന്നു കൊണ്ട് അസാധാരണമായ ശരീരഭാഷയും മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും കൊണ്ട് അത്യുജ്ജ്വല പ്രകടനം നടത്തിയ ഫഹദിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അഭിനയത്തികവിന്റെ സകല അതിരുകളും ഭേദിച്ചു മുന്നേറുകയാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ആവേശത്തില്‍. ഫഹദിന്റെ ഇതു വരെ കണ്ടിട്ടില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കാണ് പ്രേക്ഷകര്‍ സാക്ഷിയാവുക. ഇത്രമാത്രം എനര്‍ജെറ്റിക്കായി എങ്ങനെ ഈ വിധം പ്രകടനം നടത്താന്‍ കഴിയുമെന്ന് ശങ്കിച്ചു പോവും വിധമാണ് തിരശ്ശീലയെ തീ പിടിപ്പിക്കുന്ന മട്ടിലുള്ള ഈ മനുഷ്യന്റെ പ്രകടനം. കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന രംഗണ്ണനായി ഫഹദ് ജീവിക്കുകയായിരുന്നു. ഉറക്കെയുള്ള സംസാരവും അടുത്ത നിമിഷം രംഗണ്ണന്‍ എന്തു ചെയ്യുമെന്ന ആകാംക്ഷയുമെല്ലാം നിലനിര്‍ത്താന്‍ കഴിയുന്ന കഥാപാത്രം. ഫൈറ്റ് സീനുകളില്‍ പ്രകടിപ്പിച്ച മികവാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

രംഗന്റെ വിശ്വസ്തനായ അമ്പാനായി എത്തുന്നത് സജിന്‍ ഗോപുവാണ്. ഫഹദിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സജിന്‍ സന്ദര്‍ഭിക കോമഡി കൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ഒട്ടേറെ അവസരങ്ങളുണ്ട് ചിത്രത്തില്‍. മിഥുന്‍.ജെ.എസ്, റോഷന്‍ ഷാനവാസ്, ഹിപ്സ്റ്റര്‍ എന്നിവരുടെ കഥാപാത്രങ്ങളും മികച്ചതായി. സിനിമയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രകടനമാണ് ഇവര്‍ കാഴ്ച വച്ചത്. രഗന്റെ മനസ്സില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന , തങ്കം മോഹന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ഏറെ മികച്ചതായി. രംഗന്റെ മാത്രമല്ല, പ്രേക്ഷകരുടെ മനസ്സിലും അവര്‍ ഇടം പിടിക്കുന്നു. ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണം ചിരിക്കും ചിന്തയ്ക്കും വക നല്‍കുന്നു.

രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച ജീത്തു മാധവന്‍ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിസ്വീകരിച്ചിരിക്കുകയാണ്. ടൈറ്റിലിലുള്ള ആവേശം ചിത്രത്തിലെ ഓരോ സീനിലും നിറഞ്ഞു നില്‍ക്കുന്നു. മാസ്സും കോമഡിയും ത്രില്ലും കൂട്ടിക്കലര്‍ത്തിയൊരുക്കിയ ചിത്രം അവധിക്കാല ആഘോഷങ്ങള്‍ക്ക് ഏറ്റവും മികച്ച വിഭവമാണ്. ചിത്രത്തിലെ രംഗങ്ങള്‍ ഇത്രയധികം രസകരമാക്കിയതില്‍ സുഷിന്‍ ശ്യാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും കൈയ്യടി നേടുന്നു. സമീര്‍ താഹിറിന്റെ ഛായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്.

യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടു കൊണ്ടാണ് പടമിറക്കിയതെങ്കിലും ആസ്വദിച്ചു ചിരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാം.

Join WhatsApp News
പന്തളം 2024-04-20 00:55:35
മലയാള സിനിമയിലെ നായികാ പ്രാധാന്യത്തെ മുച്ചൂടേയും മുടിച്ചുകളഞ്ഞു എന്നും കൂടെ ചേർത്തു പറഞ്ഞില്ലെങ്കിൽ പൂർണ്ണതയാവില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക