Image

ആദ്യഘട്ടത്തില്‍ 59.71 ശതമാനം: ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; ബീഹാറിൽ കുറവ്

Published on 19 April, 2024
ആദ്യഘട്ടത്തില്‍ 59.71 ശതമാനം: ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; ബീഹാറിൽ കുറവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ   രാജ്യത്താകെ 60 (59.71) ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലും ത്രിപുരയിലുമാണ് മികച്ച് പോളിങ് രേഖപ്പെടുത്തിയത്. കുറവ് പോളിങ് ബിഹാറിലാണ്.

ഏറ്റവും ഉയർന്ന പോളിംഗ് പശ്ചിമബംഗാളില്‍ രേഖപ്പെടുത്തി- 77.6 ശതമാനം . ത്രിപുരയിൽ 76.10 ശതമാനമാണ് പോളിങ്. കനത്ത പോരാട്ടം നടക്കുന്ന ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 46.3 ശതമാനം പോളിംഗാണ് ഇവിടെ പോള്‍ ചെയ്തത്.

വൈകുന്നേരം അഞ്ചുവരെയുള്ള പോളിംഗ് ശതമാനം ചുവടെ:

മഹാരാഷ്ട്ര (54.9), തമിഴ്‌നാട് (62), ആന്‍ഡമാന്‍ നിക്കോബാര്‍(56.9), അരുണാചല്‍ പ്രദേശ് (64.4), ആസാം (70.8), ഛത്തീസ്ഗഡ് (64.3), ജമ്മു കാഷ്മീര്‍ (65.1), മണിപ്പുര്‍ (67.7), മേഘാലയ (69.9) മിസോറാം (52.7), നാഗാലാന്‍ഡ് (55.8), പുതുച്ചേരി(72.8), രാജസ്ഥാന്‍ (50.3), സിക്കിം (68.1), യുപി (57.5), ഉത്തരാഖണ്ഡ് (53.6), പശ്ചിമ ബംഗാള്‍ (77.6), ബിഹാര്‍ (46.3), ലക്ഷദീപ് (59), മധ്യപ്രദേശ് (63.3), ത്രിപുര (76.1).

ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62.08 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50 ശതമാനം മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ഉത്തരാഖണ്ഡില്‍ 53 ശതമാനവും ഉത്തര്‍പ്രദേശില്‍ 57.54 ശതമാനവും മണിപ്പൂരില്‍ 67.46 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍.

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക