Image

കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ - 5 (രാഷ്ട്രീയ ലേഖകൻ)

രാഷ്ട്രീയ ലേഖകന്‍ Published on 20 April, 2024
 കേരളം തിരഞ്ഞെടുപ്പ് ചൂടില്‍ - 5 (രാഷ്ട്രീയ ലേഖകൻ)

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നഷ്ടപ്പെട്ട ഏക മണ്ഡലം ആലപ്പുഴയാണ്. അവിടെ ഷാനിമോള്‍ ഉസ്മാനെ ചെറിയ ഭൂരിപക്ഷത്തില്‍ പിന്‍തള്ളാന്‍ എ.എം.ആരിഫിനു സാധിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ സി.പി.എമ്മിന്റെ മൂന്ന് എം.പി.മാരില്‍ ഒരാളായിരുന്നു ആരിഫ്. കഴിഞ്ഞ തവണ മത്സരരംഗത്തു നിന്നു വിട്ടുനിന്ന കെ.സി.വേണുഗോപാലിനെ ഇറക്കി ആലപ്പുഴ തിരിച്ചുപിടിക്കാന്‍ ഉറച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.നിലവില്‍ രാജ്യസഭാ അംഗമായ വേണുഗോപാലിന്റെ വരവ് സി.പി.എമ്മിന് ഇഷ്ടപ്പെട്ടിട്ടില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്ന് അവര്‍ പറയുമ്പോള്‍ വേണുഗോപാല്‍ ജയിക്കുമെന്നു സമ്മതിക്കുകയാണ്. നേരത്തെ രണ്ടു തവണ ഇവിടുന്നു ജയിച്ച കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഏറെ കരുത്തനാണ്. 2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ആര്‍. ഗൗരിയമ്മയെ തോല്‍പിച്ച ആരിഫും വേണുഗോപാലിനെപ്പോലെ മൂന്നു തവണ എം.എല്‍.എ ആയിരുന്നു.

ബി.ജെ.പി.സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. മത്സരിച്ചിടത്തോക്കെ വോട്ട് വര്‍ധിപ്പിച്ച ചരിത്രമാണ് ശോഭയുടേത്.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ്.

കൊല്ലത്ത് എം.എ.ബേബിയെയും കെ .എന്‍ ബാലഗോപാലിനെയും പരാജയപ്പെടുത്തിയ എന്‍.കെ. പ്രേമചന്ദ്രന് നിലവില്‍ എം.എല്‍.എ.ആയ മുകേഷ് വലിയ വെല്ലുവിളിയാകില്ലെന്നാണ് പൊതു വിലയിരുത്തല്‍. നിയമസഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ്.ആധിപത്യം, മികച്ച പാര്‍ലമെന്റേറിയന്‍ എന്ന   പ്രേമചന്ദ്രന്റെ പ്രതിഛായയില്‍ മറികടക്കാമെന്നാണ് യു.ഡി എഫ്. കണക്കുകൂട്ടല്‍.പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റ് കന്റീനില്‍ ഭക്ഷണം കഴിച്ച കഥയൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് അത് തിരിഞ്ഞുകൊണ്ടു.

മുകേഷിനെപ്പോലെ നടനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറും.
ആറ്റിങ്ങലില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും നിലവിലെ എം.പി. കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും ഇപ്പോള്‍ വര്‍ക്കല എം.എല്‍ എ ആയ സി.പി.എമ്മിലെ വി. ജോയിയും മത്സരിക്കുന്നു. തുടരെ അഞ്ചു തവണ കോന്നി എം.എല്‍.എ ആയിരുന്ന അടുര്‍ പ്രകാശ് മികച്ച മന്ത്രിയുമായിരുന്നു.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.വി. ജോയിക്ക് പാര്‍ട്ടിയുടെ സംഘടനാ ശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ, എസ്.എഫ്.ഐ. നേതൃത്വത്തില്‍ വയനാട് വെറ്ററിനറി കോളജില്‍ നടന്ന ദാരുണ സംഭവങ്ങളും സിദ്ധാര്‍ഥന്റെ മരണവും വോട്ടര്‍മാരെ, പ്രത്യേകിച്ച് വനിതകളെ സ്വാധീനിക്കും. സിദ്ധാര്‍ഥന്റെ വീട് ഈ മണ്ഡലത്തിലാണ്. ത്രികോണ മത്സരമെന്നു പറയാമെങ്കിലും യഥാര്‍ഥ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാകാനാണു സാധ്യത.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു തവണയും ജയിച്ച ശശി തരൂരിന്റ വ്യക്തിപ്രഭാവം ഇത്തവണയും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുമ്പോള്‍, ഇതുവരെ തരൂര്‍ നേരിട്ട ഏറ്റവും കരുത്തനായ എതിരാളിയാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നും ഓര്‍ക്കണം.തരൂരിനെപ്പോലെ ഒരു പ്രഫഷണല്‍ പ്രതിഛായ രാജീവ്  ചന്ദ്രശേഖറിനുമുണ്ട്. സി.പി.ഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മുന്‍പ് ജയിച്ചത് കോണ്‍ഗ്രസില്‍ കരുണാകര പക്ഷം തുണച്ചതുകൊണ്ടാണ്.ജനകീയനായ പന്ന്യനു പക്ഷേ, എതിരാളികളുടെ പ്രഫഷണല്‍ മേന്മയെ അതിജീവിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും.

തൃശൂരിനൊപ്പം ബി.ജെ.പി.പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക