Image

വിധി നിർണയിക്കാൻ ദക്ഷിണേന്ത്യ (എസ്‌ സുന്ദര്ദാസ്)

Published on 22 April, 2024
വിധി നിർണയിക്കാൻ ദക്ഷിണേന്ത്യ (എസ്‌ സുന്ദര്ദാസ്)

see on magazine: https://mag.emalayalee.com/magazine/apr2024/#page=10

ഇത്തവണ ലോകസഭാ  തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ആര് നേട്ടമുണ്ടാക്കുമെന്നത് പ്രധാനമാണ്. കോൺഗ്രസോ ബിജെപിയോ ആകില്ല, പ്രാദേശിക കക്ഷികളുടെ ഇടപെടലാകും ഇതിൽ നിർണായകം  

ആസന്നമായ ലോകസഭാതെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എയും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യമുന്നണിയും തമ്മിലാണ് അധികാരത്തിനുവേണ്ടിയുള്ള വടംവലി . നിലവിലെ ലോകസഭയിൽ ബി ജെ പിക്ക് സ്വന്തമായിത്തന്നെ ഭൂരിപക്ഷം ഉണ്ട്. അത് നിലനിർത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എൻ ഡി എ  മുന്നണി നാനൂറിൽ അധികം സീറ്റുകൾ  നേടുമെന്ന് അവകാശപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൻ ഡി എക്ക് അഥവാ ബി ജെ പിക്ക് വ്യക്തമായ മുൻ‌തൂക്കം ഉണ്ടെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസും അവർ ഉൾക്കൊള്ളുന്ന മുന്നണികളും ബി ജെ പിക്ക് ശക്തമായ പ്രതിരോധം ഉയർത്തുന്നുണ്ട്. ലോകസഭാമണ്ഡലങ്ങളുടെ എണ്ണത്തിൽ ഉത്തരപ്രദേശ് (80 ),ബീഹാർ(40), മഹാരാഷ്ട്ര (48 ) പശ്ചിമ ബംഗാൾ (42 ) എന്നീ സംസ്ഥാനങ്ങൾ ആണ് മുന്നിലുള്ളത്. അവയെല്ലാം ചേർന്നാൽ 210  സീറ്റുകളാണ്. പശ്ചിമബംഗാളിൽ 2019 -ലെ ലോകസഭാതെരഞ്ഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 22  സീറ്റുകളും കോൺഗ്രസ് 2 സീറ്റുകളും നേടിയപ്പോൾ ബി ജെ പി 18  സീറ്റുകൾ കരസ്ഥമാക്കി. മറ്റു മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി മുന്നണിയാണ് ഭൂരിപക്ഷം സീറ്റുകളും നേടിയത്.  ഈ നാല് സംസ്ഥാനങ്ങളിലും ബി ജെ പി 2019 -ലെ   സീറ്റുകൾ നിലനിർത്തുകയോ കൂടുതൽ നേടുകയോ ചെയ്‌താൽ മാത്രമേ മോദിയുടെ സ്വപ്നം യാഥാർത്ഥ്യമാകൂ. 
സംസ്ഥാനങ്ങളിൽ കോൺഗ്രസോ ബി ജെപിയോ മാത്രമല്ല  പ്രാദേശിക പാർട്ടികളാകും  കൂടിയാണ്  പ്രധാന ഇടപെടൽ നടത്തുക.  കേരളത്തിൽ യുഡിഎഫ് 2019 -ലെ വിജയം ആ വർത്തക്കണമെന്നില്ല. അവരിൽനിന്ന് രണ്ടോ മൂന്നോ സീറ്റുകളെങ്കിലും പിടിച്ചെടുക്കുക എന്നത് സി പിഎമ്മിന്റേയും സി പി ഐയുടെയും നിലനിൽപ്പിന് അനിവാര്യമാണ്. യു ഡി എഫ് 20  സീറ്റുകളിലും വിജയിക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും ബഹുഭൂരിപക്ഷം സീറ്റുകളും അവർ നേടുമെന്നുതന്നെയാണ് പ്രീപോൾ സർവേകൾ സൂചന നൽകുന്നത്. 
തമിഴ്‌നാട്ടിൽ ബി ജെ പി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും (അവരുടെ സംസ്ഥാനപ്രസിഡന്റ് അണ്ണാമലൈ തീവ്രശ്രമം തന്നെ നടത്തുന്നു. മോദിയും  അദ്ദേഹത്തിൽ വലിയ പ്രതീക്ഷ അർപ്പിച്ചിട്ടുണ്ട്.) ഡി എം കെ മുന്നണിക്കുതന്നെയാണ് ഇപ്പോൾ മുന്നിൽ. ഒന്നോ രണ്ടോ സീറ്റുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞാൽ പോലും ബി ജെ പിക്ക് അതൊരു വലിയ നേട്ടമാകും. സഖ്യകക്ഷിയായ പി എം കെ യിലാണ് അവരുടെ വലിയ പ്രതീക്ഷ. കോൺഗ്രസ് കൂടുതൽ ദുര്ബലമായതും അവരുടെ ഒരു സിറ്റിംഗ് എം എൽ എ  യെ റാഞ്ചിയെടുക്കാൻ കഴിഞ്ഞതും ബി ജെ പി ക്ക് ആത്മവിശ്വാസം പകരുന്നു. എന്നാൽ മുഖ്യമന്ത്രി സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കുക അനായാസമല്ലെന്നും അവർക്കറിയാം. 2019- വിജയം ഡി എം കെ മുന്നണി ആവർത്തിച്ചാൽ ബി ജെ പി തമിഴ് നാട്ടിൽ പുതിയ തന്ത്രങ്ങൾ തേടേണ്ടിവരും. തമിഴ്‌നാട്ടിൽ 2019 -ൽ എന്നപോലെ ഇത്തവണയും ഡി എം കെ മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്ന് സർവേകൾ പറയുന്നു. എന്നാൽ TV9 ഭാരതവര്ഷ  നടത്തിയ അഭിപ്രായ സർവേ പ്രകാരം ഡി എം കെ മുന്നണി ഭൂരിപക്ഷം സീറ്റുകൾ നേടുമെങ്കിലും കഴിഞ്ഞ  തെരഞ്ഞെടുപ്പിൽ ഒന്നും നേടാതിരുന്ന ബി ജെ പി ഇത്തവണ 3 സീറ്റുകൾ വരെ നേടാമെന്ന് പ്രവചിക്കുന്നു. എ ഐ എ ഡി എം കെ ഒരു സീറ്റും നേടാനിടയില്ലെന്നും ആണ് പ്രവചനം.  പ്രസ്തുത സർവേ പ്രകാരം കോൺഗ്രസ് 8 സീറ്റുകളും സി പി ഐ,സി പി എം പാർട്ടികൾ ഓരോ സീറ്റു വീതവും നേടിയേക്കും.
  കര്ണാടകത്തിൽ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ  ആകെ യുള്ള 28  സീറ്റുകളിൽ 26  സീറ്റുകളും ബി ജെ പി നേടിയിരുന്നു. കോൺഗ്രസ്സിനും ജെഡിഎസിനും ഓരോ സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാനഭരണം കോൺഗ്രസ്സിന്റെ കൈകളിലാണ്. ദുർബലമായ ജെ ഡി എസ്‌ ഇപ്പോൾ ബി ജെ പി പക്ഷത്താണ്. പകുതി സീറ്റുകളിലെങ്കിലും കോൺഗ്രസ് വിജയം നേടിയാൽ അത് ബി ജെ പിക്ക് വൻ തിരിച്ചടിയാകും. തന്ത്രങ്ങളും കുതന്ത്രങ്ങളും എല്ലാം അറിയാവുന്ന ഡി കെ ശിവകുമാറാണ് കോൺഗ്രസ്സിനായി കരുനീക്കം നടത്തുന്നതെന്നും ഓർക്കുക. കർണാടകയിലെ പ്രീപോൾ സർവേകൾ കോൺഗ്രസ്സിന് വലിയ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ ഒതുങ്ങിപ്പോയ കോൺഗ്രസ് ഇത്തവണ 17  സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് വലിയ നഷ്ടമുണ്ടാക്കുക ബി ജെ പിക്കായിരിക്കും. 2019 -ൽ ഒരു സിസിറ്റ് മാത്രം ലഭിച്ച ജെഡിഎസ്സിന് കൂടതലായി ഏത് കിട്ടിയാലും ലാഭമെന്ന് കരുതാം.
തെലങ്കാനയിലേക്ക് പോയാൽ കഴിഞ്ഞ തെരഞ്ഞ്ഞെടുപ്പിൽ 17 -ൽ ഒമ്പത് സീറ്റുകൾ നേടിയത് ബിആർഎസ്‌ ആണ്. കോൺഗ്രസ്സിനും ബിജെപിക്കും യാഥക്രമം 3, 4 സീറ്റുകൾ വീതം ലഭിച്ചു. ഒവൈസിയുടെ എഐഎംഐഎം ഒരു സെറ്റ് കരസ്ഥമാക്കി. ഇത്തവണ ബി ആർ എസ്‌ ആകെ തകർന്ന നിലയിലാണ്. ഇതിനിടയിൽ സംസ്ഥാന ഭരണം അവരിൽനിന്നും കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടുമെന്നാണ് കരുതപ്പെടുന്നത്. തെലങ്കാനയിൽ സർവേകൾ പറയുന്നത് കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നാണ് കോൺഗ്രസ് 9 സീറ്റുകൾവരെയും ബി ജെ പി 5 സീറ്റുകൾ വരെയും നേടുമെന്ന് ചില സർവേകൾ പ്രവചിക്കുന്നു. സ്വാഭാവികമായും നഷ്ടം ബി ആർ സിനായിരിക്കുമല്ലോ. ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റ് നിലനിർത്തുമെന്ന് മിക്ക സർവേകളും വ്യക്തമാക്കുന്നു.
2019 -ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസും ബിജെപിയും ' പൂജ്യന്മാർ' ആയിരുന്നു. ആകെയുള്ള 25  സീറ്റുകളിൽ 22  സീറുകളും വൈ എസ്‌ ആർ കോൺഗ്രസ് നേടിയപ്പോൾ 3 സീറ്റുകൾ തെലുങ്കുദേശത്തിന് ലഭിച്ചു. ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. വൈ എസ്‌ ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരി വൈ എസ്‌ ശർമിള ഇപ്പോൾ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റാണ്. സഹോദരനുനേരെ രൂക്ഷമായ കടന്നാക്രമണമാണ് പ്രചാരണരംഗത്ത് ശർമിള നടത്തുന്നത്. ജഗൻ മോഹൻ റെഡ്ഢി നേരിടുന്ന ഭരണ വിരുദ്ധ വികാരം  തങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്ന്    കോൺഗ്രസ് കരുതുന്നു. ബി ജെപിയാകട്ടെ തെലുഗുദേശം പാർട്ടിയോടോപ്പമാണ് മത്സരരംഗത്തുള്ളത്. പൂജ്യത്തിൽനിന്ന് എന്ത്  നേടിയാലും കോൺഗ്രസ്സിനും ബി ജെ പിക്കും ലാഭമാണ്. പ്രീപോൾ സർവേകൾ പ്രവചിക്കുന്നത് ബി ജെ പി-തെലുഗുദേശം മുന്നണിയും വൈ എസ്‌ ആർ കോൺഗ്രസും തമ്മിലുള്ള കിടമത്സരമാണ്. കോൺഗ്രസ് ഏറ്റവും പിന്നണിയിലാണ്. ജഗൻ മോഹൻ റെഡ്ഢിയുടെ ജനക്ഷേമപദ്ധതികൾ വൈ എസ്‌ ആർ കോൺഗ്രസ്സിന് ഗുണകരമാകുമെന്നാണ് സർവേകൾ പറയുന്നത്.
സർവേകൾ പൊതുവിൽ ബി ജെ പി മുന്നണിയുടെ ഭരണ തുടര്ച പ്രവചിക്കുന്നുണ്ടെങ്കിലും ഒരു മൃഗീയഭൂരിപക്ഷത്തെ തള്ളിപ്പറയുന്നു. തെരഞ്ഞെടുപ്പിൽ ഒരു വലിയ  അട്ടിമറി സംഭവിച്ചാൽ മാത്രമേ ഭരണമാറ്റം  ഉണ്ടാകൂ. ഉത്തര പ്രദേശ്  (70), രാജസ്ഥാൻ  (23), മധ്യ  പ്രദേശ്  (29), ഗുജറാത്ത്  (26), മഹാരാഷ്ട്ര  (26) പശ്ചിമ ബംഗാൾ  (26) എന്നിങ്ങനെ സീറ്റുകൾ ബി ജെ പി നേടുമെന്ന് ഒരു പ്രമുഖ സർവേ പ്രവചിക്കുന്നുണ്ട്. അതുതന്നെ ഇരുനൂറിലേറെ സീറ്റുകളായി. ഈ സംസ്ഥാനങ്ങളിൽ ഗണ്യമായ ഒരു തകർച്ച നേരിട്ടാൽ മാത്രമേ ബി ജെ പിക്ക് ഭയപ്പെടാനുള്ളൂ. എന്നാൽ സർവേകളിൽ വെളിപ്പെടാത്ത ചില അടിയൊഴുക്കുകൾ ഉണ്ടാകാം.  തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത ജനഹിതമായി അത് വെളിപ്പെടും. അങ്ങനെ ഒന്നായിരുന്നു 1977 -ൽ സംഭവിച്ചത്. 
എസ്‌ സുന്ദര്ദാസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക