Image

ശത്രുവാര്, മിത്രമാര്... (ജോളി അടിമത്ര - ഉയരുന്ന ശബ്ദം-110)

Published on 22 April, 2024
ശത്രുവാര്, മിത്രമാര്... (ജോളി അടിമത്ര - ഉയരുന്ന ശബ്ദം-110)

കേരളത്തില്‍ വെള്ളിയാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിധിയെഴുത്തു നടക്കും. വോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞാനും. ശരിക്കും നമ്മളൊക്കെ മനുഷ്യന്‍മാരാണെന്ന ഒരു തോന്നല്‍ ഏറെനാളിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയായാണ് തോന്നിത്തുടങ്ങിയത്. പാര്‍ട്ടിനോക്കാതെ എല്ലാവര്‍ക്കും എന്തൊരു  കാര്യമാ നമ്മളെയിപ്പോള്‍. എന്നാ ചിരിയാ നമ്മളെ നോക്കി എല്ലാരും. അതിനിപ്പം ജാതീം മതവും ഒന്നുമില്ലെന്നേ !. മിനിഞ്ഞാന്ന് കോട്ടയം ടൗണില്‍ നില്‍ക്കുമ്പോഴാ  ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ  സ്ഥാനാര്‍ഥി കൈവീശി ചിരിച്ചോണ്ടുപോകുന്നത് കണ്ടത്. ഫോട്ടോയിലൊക്കെ ചുവന്നുതുടുത്തിരിക്കുന്ന  നേതാവ് തന്നെയോ അതെന്നായി സംശയം. അടുത്തുനിന്ന ഒരു കാര്‍ന്നോര് സംശയം ചോദിച്ചത് ഇച്ചിരി ഉറക്കെയായിപ്പോയി.
'' കണ്ടില്ലേ, പാവം വെയിലുകൊണ്ട് കറുത്തുവാടിപ്പോയി, അതിന്റെ ഗുണം ഉണ്ടാവുമോ ആവോ,' 'എന്ന് .കേട്ടുനിന്ന് ഒരു പയ്യന്റെ മറുപടി എല്ലാവരേം പൊട്ടിച്ചിരിപ്പിച്ചുകളഞ്ഞു.
''പണ്ടും ഇങ്ങനൊക്കെത്തന്നെയാരുന്നു അമ്മാവാ, കളറുകൂട്ടി ഫോട്ടോ അടിച്ചാ മതിലേല്‍ ഒട്ടിക്കുന്നത് '', എന്ന്. വോട്ടു ചോദിക്കാത്ത പാര്‍ട്ടിക്കാരും കൂട്ടത്തിലുണ്ട്. ചോദിച്ചില്ലെങ്കിലും നമ്മുടെ വോട്ടു അവര്‍ക്കു കിട്ടുമെന്നാ അവറ്റകളുടെ ധാരണ . ആകെപ്പാടെ ഇവറ്റകള് നമ്മുടെ കാലുപിടിക്കുന്ന ഒരേ ഒരു സമയമാ ഇലക്ഷന്‍ കാലം. അന്നേരവും വാതുറന്ന് ഒരു വോട്ടുചോദിച്ചില്ലെങ്കില്‍ വേറെ ആമ്പിള്ളാര്‍ക്കു കൊടുക്കും ഞാനെന്റെ വോട്ട്. 
അങ്ങനിരുന്നപ്പഴാ എന്റെ കുടുംബസുഹൃത്ത് ഒരമ്മച്ചി സംശയം ചോദിച്ചത്.ഇന്നലെ ഒരു കല്യാണത്തിന് പള്ളിമുറ്റത്തുവച്ച് മിണ്ടിപ്പറഞ്ഞുനിന്നപ്പോ അമ്മച്ചി ചോദിച്ചു, '' വോട്ടു ചെയ്യാന്‍ പോണ്ടേ, ദിവസം ഇങ്ങടുത്തു ''.
 എണ്‍പത്തഞ്ചിലും എന്നാ ആവേശമാ അമ്മച്ചിക്കെന്ന് ഓര്‍ത്തു നില്‍ക്കുമ്പോ ദാ, വരുന്നു അടുത്ത വെടി..
 ''ഞാന്‍ എന്തായാലും വോട്ടുചെയ്യാന്‍ പോകും. പക്ഷേ ഒരെണ്ണത്തെ വെറുതെ വിടില്ല, ആര്‍ക്കും കൊടുക്കത്തില്ല.എല്ലാവര്‍ക്കും നിരത്തിക്കുത്തും ''.
 ചുറ്റുംനിന്ന സ്ത്രീകളൊക്കെ ചിരിച്ചു..അമ്മച്ചി തുടര്‍ പ്രസ്താവന ഇറക്കി.
  ''ഏതവനെ ജയിപ്പിച്ചാലും കണക്കാ. ഇവനെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല. ജയിച്ചുകഴിഞ്ഞാല്‍ തോന്നിയവാസമല്ലിയോ.. നമ്മളു കോണ്‍ഗ്രസ്സിനു കുത്തിയാല്‍ ജയിച്ചു കഴിയുമ്പോ അവന്‍ ബിജെപിയിലോട്ടു ചാടും. നമ്മളു കമ്മൂണിസ്റ്റിനു കുത്തിയാലെന്നാ കാര്യം. കേന്ദ്രം ഭരിക്കുന്നത് വേറെ ആമ്പിള്ളാരാ. പാര്‍ലമെന്റില്‍ ചെന്നു വാ പൊളിക്കാതെ അഞ്ചുവര്‍ഷമിരുന്നിട്ട് പിന്നേം അടുത്ത ഇലക്ഷനും വോട്ടു ചോദിച്ചോണ്ടു വരും. ഇവന്‍മാര്‍ക്കു കോളാന്നേ .പെന്‍ഷനും കിട്ടും, വല്യ നേതാവുമായി. നമ്മള്‍ക്ക് വന്നു വന്നു റേഷന്‍പോലുമില്ലന്നായി.. ബിജെപിക്കു കുത്തിയിട്ടെന്നാ കാര്യം .വയസ്സന്‍മാരുടെ ഉള്ള ആനുകൂല്യം പോലും എടുത്തുകളഞ്ഞില്ലിയോ ..കഴിഞ്ഞ തവണ വോട്ടുചോദിച്ചപ്പോ ഏതാണ്ടൊക്കെ അക്കൗണ്ടിലിടാമെന്നു വാക്കു പറഞ്ഞുപറ്റിച്ച പാര്‍ട്ടിയാ.. '', അമ്മച്ചിയുടെ വീറും ചൂരും ചുറ്റും നിന്ന പെണ്ണുങ്ങളിലേക്കും പടര്‍ന്നു കയറി.
അതെ , നിഷ്പക്ഷനായ പൗരന് ആകെ വട്ടു കറിയ മട്ടായി .ഒറ്റ പാര്‍ട്ടിയേം നമ്പാന്‍ വയ്യാത്ത അവസ്ഥ. ഇവന്‍മാര് എന്താ കാട്ടിക്കൂട്ടുന്നതെന്ന് ഒരു പിടീം കിട്ടുന്നില്ല. കേരളത്തില്‍ വരുമ്പോ കടിച്ചുകീറുന്ന രണ്ടുകൂട്ടര് അതിര്‍ത്തി കടന്നാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന കാഴ്ച. നേരും നെറിയുമില്ലാത്ത നിലപാട്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുമ്പോള്‍ പിണറായിയെ കണ്ടമാനം വിമര്‍ശിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പിണറായി സര്‍ക്കാറിനെതിരെ നടപടിയെടുക്കാത്തത് ചില ധാരണപ്രകാരമാണെന്നൊക്കെയാണ് കാച്ചിവിടുന്നത്. പിണറായി അതിനു ചുട്ട മറുപടി അപ്പപ്പോള്‍ത്തന്നെ രാഹുല്‍ ഗാന്ധി കൊടുക്കുന്നു. എല്ലാം കേട്ടുനില്‍നില്‍ക്കുന്ന  പ്രതിപക്ഷ നേതാവ് , പിണറായി സര്‍ക്കാറിനെ അന്നുതന്നെ കാടടച്ച് വെടിവയ്ക്കുന്നു. പിറ്റേന്ന് പിണറായിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ 'ഇന്ത്യാ ഇന്ത്യാ 'എന്നും പറഞ്ഞ് കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കാന്‍  കെട്ടിപ്പിടിച്ച് സംഘബലം  കാണിക്കുന്നു. ഒപ്പം ആവേശത്തോടെ കൈകോര്‍ത്തു  നില്‍ക്കുന്ന ആനി രാജ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കുന്നു. അവിടെ മിത്രം, ഇവിടെ ശത്രു !.കേരളത്തിലെ രാഷ്ട്രീയശത്രുക്കള്‍ കേന്ദ്രത്തിലെത്തുമ്പോള്‍ ചേട്ടന്‍ബാവയും അനിയന്‍ ബാവയുമാകുന്ന ഇന്ദ്രജാലം !.എന്തെന്തു മായക്കാഴ്ചകള്‍..ശത്രുവാര്, മിത്രമാര്...ശരിക്കും ഇന്നാട്ടിലെ പൗരന്‍മാരെ പടുവിഡ്ഡികളാക്കുന്ന നാടകങ്ങള്‍..

ഇനി നമ്മള്‍  ഏറെ പ്രതീക്ഷയോടെ വോട്ടുകൊടുത്തവന്‍ ജയിച്ചുകഴിഞ്ഞാലോ ? അവനിഷ്ടമുള്ള പാര്‍ട്ടിയിലേക്ക് യാതൊരു ഉളിപ്പുമില്ലാതെ ചേക്കേറും. കേന്ദ്രമന്ത്രിസഭയില്‍ ' സഹ' യാക്കമെന്നു പറഞ്ഞാല്‍ മറുകണ്ടം ചാടുകമാത്രമല്ല നിലത്തുകിടന്ന് ഇഴയുകയും ചെയ്യുന്ന സ്ഥിതി. ഒറ്റയൊരുത്തനും വിശ്വസിച്ച് വോട്ടുകൊടുക്കാന്‍ പറ്റാത്ത ഗതികേടിലാണ് നമ്മള്‍. കോണ്‍ഗ്രസ്സിനു ചൂണ്ടിക്കാണിക്കാന്‍ നല്ലൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇതുവരെ ഉണ്ടായിട്ടില്ല. ' ഞാനാകാം ഞാനാകാം ' എന്നുപറഞ്ഞ് തള്ളിനില്‍ക്കുന്നതല്ലാതെ ജനത്തിന് ആവേശം നല്‍കുന്ന , അഴിമതിക്കാരനല്ലാത്ത ഒരാളുണ്ടോ ?ഇന്ത്യമുന്നണി വിജയംകൈവരിച്ചാല്‍ പിന്നെ സംഭവിക്കുന്നത് ആകെയുള്ള ഒരു പ്രധാനമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള കൂട്ടയടി ആയിരിക്കുമെന്നതില്‍ തര്‍ക്കമേയില്ല. മുന്നണിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പറ്റിയ  ഒരു നേതാവില്ലെന്നത് പകല്‍പോലെ  സത്യം . ഇരുമ്പും കളിമണ്ണും തമ്മില്‍ ചേരില്ലെന്നപോലെയാണ് ഇന്ത്യാമുന്നണിയിലെ അവിയല്‍പാര്‍ട്ടികളുടെ ബാന്ധവം.

ഇടതന്റെ ഗ്യാസ് ലീക്കായിക്കഴിഞ്ഞു. കേരളത്തില്‍മാത്രമാണ് അവര്‍ക്കൊരു പിടിവള്ളി അവശേഷിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിലും ത്രിപുരയിലും സിപിഎം , കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ ഭാഗമായതോടെ അവര്‍ മച്ചാമച്ചാ ആയിക്കഴിഞ്ഞെന്ന തോന്നല്‍ ജനത്തിനുണ്ടായിരിക്കുന്നു. ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുമാത്രമാണ് പരസ്പരമുള്ള ചെളിവാരിയെറിയല്‍ എന്നൊരു തോന്നല്‍ ശക്തമാണ്. അതേസമയം കേരളത്തില്‍ ബിജെപിയുമായല്ല, യുഡിഎഫുമായാണ് മത്സരമെന്നാണ് സിപിഎം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ചുരുക്കത്തില്‍ ജനത്തിന് ഇരുപാര്‍ട്ടികളും ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മൂന്നാംവട്ടവും ബിജെപിക്ക്  ചാന്‍സ് കൊടുക്കണോ എന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ട്. ജനാധിപത്യമാണ്. മാറിമാറി ഭരിക്കട്ടെ എന്നൊരു പഴയ ചിന്ത മനസ്സില്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇന്നാട്ടിലെ ന്യൂനപക്ഷവിഭാഗത്തിന് ആശങ്ക പെരുകുകയാണ്. അതു തണുപ്പിക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. പകരം പെട്രോള്‍ കോരി ഒഴിക്കുന്നുമുണ്ട്. പൗരത്വനിയമം വലിയൊരു ചോദ്യചിഹ്നമാണ്. കോണ്‍ഗ്രസ്സാവട്ടെ ഇക്കാര്യത്തില്‍ ഇതുവരെ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. മണിപ്പൂര്‍ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനു പുറമെയാണ് രാജ്യത്തിന്റെ മറ്റുപലയിടങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും സ്‌കൂളുകളും പുരോഹിതരും അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേരളത്തിലെ പലസഭാനേതൃത്വങ്ങളും  ഈ ആക്രമണത്തെ പരസ്യമായി അപലപിക്കയും ചെയ്തിട്ടുണ്ട്.
ഭാരതത്തിലെ 144 കോടി ജനങ്ങളില്‍  മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം അനിഷേധ്യമായ സത്യമാണ്. 2011 ലെ സെന്‍സസ് തിരിച്ചറിഞ്ഞതിന്റെ മൂന്നിരട്ടിയോളം 2050 ആകുമ്പോഴേക്കും പെരുകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011-ല്‍ 103 ദശലക്ഷം വയോജനങ്ങളാണ് നമ്മുടെ രാജ്യത്തുണ്ടായിരുന്നത്. 2050-ല്‍ എത്തുമ്പോഴേക്ക് ഇത് 319 ദശലക്ഷമായിഉയരുമെന്ന്. പ്രതിവര്‍ഷം ഏകദേശം മൂന്നു ശതമാനം വളര്‍ച്ച !. ഇത്രയധികം മുതിര്‍ന്ന പൗരന്‍മാരുള്ള ഒരു രാജ്യത്ത് അവരുടെ ക്ഷേമത്തിനായി നമ്മുടെ സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. നീതിപൂര്‍വ്വമുള്ള ഇപിഎഫ് പെന്‍ഷന്‍ പുനര്‍നിര്‍ണയത്തിനായി  പ്രതീക്ഷയര്‍പ്പിച്ച് സുപ്രിംകോടതിവരെ പോയിട്ടും നീതി അകന്നകന്നു പോകുന്ന  സങ്കടകരമായ അവസ്ഥ.ഇപിഎഫില്‍ ഉടമകളില്ലാതെ കിടക്കുന്ന 42,000 കോടിരൂപ ഉപയോഗിച്ച് ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ ശുപാര്‍ശ നല്‍കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിക്കുമെന്ന് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുപോലും എങ്ങും എത്തിയിട്ടില്ല. അതിനു പുറമെയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ ടിക്കറ്റ് നിരക്കിളവ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്..കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ  റെയില്‍വേ ടിക്കറ്റ് നിരക്ക് ഇളവ് പിന്നീട് പുനസ്ഥാപിച്ചിട്ടേയില്ല. വിദേശരാജ്യങ്ങളില്‍ ഏറ്റവും കരുണയോടെ ,ആദരവോടെ  പരിഗണിക്കപ്പെടുന്നവരാണ് വയോജനങ്ങള്‍. വലിയ സാംസ്‌കാരികനിലവാരം പുലര്‍ത്തുന്നു എന്ന് മേനി നടിക്കുന്ന ഇന്ത്യാമഹാരാജ്യത്ത് യാതൊരു പരിഗണനയുമില്ലാത്ത , സൗജന്യങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരായി  മുതിര്‍ന്ന പൗരന്‍മാരെ ഭാരതസര്‍ക്കാര്‍  കാണുന്നു എങ്കില്‍ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ വയോജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. അങ്ങോട്ടുമാത്രം പാലമിട്ടിട്ടു കാര്യമില്ലല്ലോ.
ഏതായാലും കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഏറെ ചിന്താക്കുഴപ്പങ്ങളുള്ള ഒരു തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടക്കുന്നത്. ബിജെപി രണ്ടു സീറ്റ് പിടിച്ചെടുക്കുമോ എന്നതാണ് ഏതു നാട്ടുകവലയിലെയും മുറുക്കാന്‍ കടകളിലെയും നാലാള്‍കൂടുന്നിടത്തെയും ചര്‍ച്ച. ഇത്തിരികൂടെ കാത്തിരിക്കാം അല്ലേ..?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക