Image

അസർബൈജാനിലെ കാറ്റ് ( യാത്രയ്ക്കിടയിൽ - 2 - കെ.പി.സുധീര )

Published on 23 April, 2024
അസർബൈജാനിലെ  കാറ്റ് ( യാത്രയ്ക്കിടയിൽ - 2 - കെ.പി.സുധീര )

കാറ്റിൻ്റെ നഗരം എന്നാണ് ബാക്കുവിനെ വിളിക്കുന്നത്. അസർബൈജാനെ അഗ്നിയുടെ നാടെന്നും.
മഴയാണെങ്കിലും മഞ്ഞാണെങ്കിലും വെയിലാണെങ്കിലും തണുത്ത കാറ്റടിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് നമുക്ക് ജാക്കറ്റും ഹാറ്റും നല്ല ഷൂസും ഇല്ലാതെ നടക്കുക പ്രയാസം. തലയും കാലും തീർച്ചയായും സുരക്ഷിതമായിരിക്കണം -അത് കൊണ്ട് സോക്സണിയാതെ വീട്ടിൽ പോലും ആരും ഇരിക്കില്ല.
കഴിഞ്ഞ തവണ ഞങ്ങൾ അവിടെ പോയപ്പോൾ  പുറത്ത് പോയ  മകൻ അമിത് ഫോണിൽ  വിളിച്ചു പറഞ്ഞു. " ഇന്ന് പുറത്ത്  നല്ല കാറ്റാണ്. ഓടിക്കുന്ന കാറ് പോലും അൽപ്പം ആടി ഉലയുന്നുണ്ട്. "
ഇതിൻ്റെ ഗൗരവം മനസ്സിലാക്കാതെ ഭർത്താവ് വെറുതെ ഒന്ന് പുറത്തിറങ്ങി. ഹാറ്റും ജാക്കറ്റും എല്ലാമുണ്ട്.റോഡ് ക്രോസ് ചെയ്ത് പട്ടേൺ ടാങ്ക്  ( മിലിറ്ററി ടാങ്ക്) കാണാമല്ലോ എന്ന് കരുതിയാണത്രെ പോക്ക്. കാറ്റിൽ പിടിച്ചു നിൽക്കാനാവാതെ കമ്പിവേലിയിൽ പിടിച്ച് കുറേ നിന്നു. പിന്നെ ആടിയുലഞ്ഞ് വല്ല വിധവും ക്രോസ് ചെയ്ത് വിളർത്ത മുഖത്തോടെ അൽപം ചകിതനായി വീട്ടിലെത്തി.
പിന്നീട് ടെലിവിഷനിലൂടെ അറിഞ്ഞു: കാറ്റിൻ്റെ തീക്ഷ്ണത മൂലം എത്രയോ പേർക്ക് പരിക്കേറ്റു. ഒരു കാർ മറിഞ്ഞു.
58 mph-ൽ കൂടുതൽ വേഗതയിൽ സ്ഥിരമായ വേഗതയുള്ള ഉയർന്ന കാറ്റ്, അല്ലെങ്കിൽ 58 mph-ൽ കൂടുതലുള്ള ഇടയ്ക്കിടെയുള്ള കാറ്റ്.  കാറ്റിന്റെ  തീക്ഷണത ഉളവാക്കുന്ന നാശത്തിൻ്റെ അവസ്ഥകൾ കണ്ട് സർക്കാർ മുന്നറിയിപ്പുമായി മുന്നോട്ട്
വന്നു.    
"ഉയർന്ന കാറ്റിൽ നിന്നുള്ള ജീവനും സ്വത്തിനും ഒരു ഉയർന്ന ഭീഷണി.
താഴ്ന്ന മണിക്കൂറിൽ 35 മൈൽ വരെ മണിക്കൂറിൽ 25 മുതൽ 30 മൈൽ വരെ ആഞ്ഞടിക്കുന്നു .
ശ്രദ്ധിക്കുക: "ഉയർന്ന കാറ്റിന്റെ" അവസ്ഥയിൽ, ചെറിയ ശാഖകൾ മരങ്ങൾ ഒടിഞ്ഞുവീഴുകയും അയഞ്ഞ വസ്തുക്കൾ പറന്നുയരുകയും ചെയ്യുന്നു. പൂമുഖങ്ങൾ, കാർപോർട്ടുകൾ, മേൽത്തട്ട്, അല്ലെങ്കിൽ പൂൾ ചുറ്റുപാടുകൾ എന്നിവയ്ക്ക് കാറ്റിൽ കേടുപാടുകൾ സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. ഒറ്റപ്പെട്ട വൈദ്യുതി മുടക്കം പോലും സംഭവിക്കാം. കാറ്റ് ഉയർന്ന വാഹനങ്ങൾക്കും പ്രദേശത്തെ തടാകങ്ങളിൽ ബോട്ട് യാത്രക്കാർക്കും അപകടകരമാണെന്ന് കണക്കാക്കുന്നു. "ഉയർന്ന കാറ്റ് കേടുവരുത്തുന്നു" എന്ന സാഹചര്യത്തിൽ, നങ്കൂരമിടാത്ത മൊബൈൽ വീടുകൾ, പൂമുഖങ്ങൾ, കാർപോർട്ടുകൾ, ആവരണങ്ങൾ, പൂൾ ചുറ്റളവുകൾ, മേൽക്കൂരയിൽ നിന്ന് ചില ഷിംഗിൾസ് എന്നിവയ്ക്ക് കാറ്റിൽ കേടുപാടുകൾ സംഭവിക്കുന്നു. ദുർബലമായതോ രോഗം ബാധിച്ചതോ ആയ മരങ്ങൾ വീശിയടിക്കുന്ന മരങ്ങൾ വലിയ ശാഖകൾ തകർക്കുന്നു. അയഞ്ഞ വസ്‌തുക്കൾ അനായാസം വീശുകയും അപകടകരമായ പ്രൊജക്‌ടൈലുകളായി മാറുകയും ചെയ്യും. വ്യാപകമായി വൈദ്യുതി മുടക്കം ഉണ്ടാകാം. കാറ്റ് ഉയർന്ന വാഹനങ്ങൾക്കും പ്രദേശത്തെ തടാകങ്ങളിൽ ബോട്ട് യാത്രക്കാർക്കും വളരെ അപകടകരമാണെന്ന് കണക്കാക്കുന്നു. ജാഗ്രതൈ."
ഇത്തരം കാലാവസ്ഥാ ഭീഷണി ബോധവത്കരണം കാറ്റിൻ്റെ ഇത്തരം അവസ്ഥയിൽ ചിലപ്പോൾ  ഉണ്ടാവുമത്രെ.
ഉറങ്ങാൻ കിടന്നാൽ പല പല ശബ്ദങ്ങൾ കേട്ട് ഞെട്ടി ഉണരും - ചിലപ്പോൾ കൂവൽ പോലെ, മറ്റു ചിലപ്പോൾ തേങ്ങൽ പോലെ, ചിലപ്പോൾ ചൂളം വിളി - ചിലപ്പോൾ മൂളൽ, മുരളൽ - പകലും തഥൈവ - ഒരു അന്ധവിശ്വാസവും ഇല്ലാത്തവരും ഒന്ന് അമ്പരന്നേക്കും -
വല്ല പ്രേതബാധയുമുണ്ടോ ?
കാരണം നിശ്ശേഷ നിശബ്ദമായ  ഏകാന്ത ഗൃഹത്തിൽ പല തരം അജ്ഞാത ശബ്ദങ്ങൾ - മറ്റാരോ അവിടെ ഉള്ളത് പോലെ !ആദ്യം ഞെട്ടൽ- ആരുമില്ല വാതിലും ജനലും ബന്ധിച്ചിരിക്കുന്നു - എല്ലാം സുഭദ്രം -പിന്നെന്താ ശബ്ദം?
മടിച്ചു മടിച്ചു പറഞ്ഞപ്പോൾ മുന്ന പറഞ്ഞു പ്രേതമല്ലമ്മേ  ഇവിടുത്തെ കാറ്റിന് ഭ്രാന്താണ് -അത് പല വികൃതിയും കാണിക്കും -സംഗതി ഇതാണ് കാറ്റ് ജാലകപ്പഴുതുകളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ്.
പക്ഷെ ഒന്നുണ്ട് - നാട്ടിൽ ,വീട്ടിൽ, ഏകാന്ത വിചിത്രമായ ചില നേരങ്ങളിൽ, നീ ഒറ്റയ്ക്കാണ് - ഒറ്റയ്ക്കാണ് എന്ന് ആത്മാവ് നിരന്തരം മന്ത്രിക്കും - ഈ ചിന്ത എന്നിൽ അനാഥത്വം നിറയ്ക്കും - ഒറ്റയ്ക്കാവൽ എത്ര ഭീകരമെന്ന് അനുഭവിച്ചവർക്കേ അറിയൂ -
എന്നാലിവിടെ എപ്പോഴും കൂടെ ആളുണ്ട് - പുറത്ത് പോവുന്നത് ഒന്നിച്ച് - ചിലപ്പോൾ മുന്നയും പികയും ബിസിനസ്സ് മീറ്റിംഗിന് പോവുമ്പോൾ, തനിച്ചാവുമ്പോൾ, വായിക്കാനും എഴുതാനുമിരിക്കുമ്പോൾ - നീ ഒറ്റയ്ക്കല്ല , ഞാനുണ്ട് കൂടെ എന്ന് മാരുതൻ നിമന്ത്രണം ചെയ്ത് സമാശ്വസിപ്പിക്കും - കാറ്റു പോലും ചിലപ്പോൾ നമുക്ക് കൂട്ടിന് വരിക എത്ര ആശ്വാസകരമാണ്!

അസർബൈജാനിൽ ഇപ്പോൾ വസന്തകാലമാണ്. ഏത് ഋതുവിലും
അസർബൈജാൻ ജീവിക്കാൻ നല്ല സ്ഥലമാണ്. തണുപ്പും കാറ്റും നേരിടാൻ എല്ലാ സന്നാഹങ്ങളോടും കൂടി ഇവിടെയുള്ളവർ സ്വസ്ഥമായി ജീവിക്കുന്നു.

അസർബൈജാനിലെ  കാറ്റ് ( യാത്രയ്ക്കിടയിൽ - 2 - കെ.പി.സുധീര )
അസർബൈജാനിലെ  കാറ്റ് ( യാത്രയ്ക്കിടയിൽ - 2 - കെ.പി.സുധീര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക