Image

റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍

Published on 23 April, 2024
റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍

റുവാണ്ടയിലേക്ക് അഭയാര്‍ഥികളെ അയക്കുന്നതു സംബന്ധിച്ച വിവാദ ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്. അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ ജൂലൈയില്‍ ആരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ”എല്ലാ മാസവും അഭയാര്‍ഥികള്‍ക്കുവേണ്ടി ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഈ വിമാനങ്ങള്‍ പറക്കും. ഇത് അസാധാരണവും നൂതനവുമാണ്,” ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.

2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണാണ് ആദ്യമായി റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ബില്‍ ബ്രിട്ടന്റെ ആഭ്യന്തര അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ സുപ്രീം കോടതിയുടെ വിധി മാനിക്കാതെ പുതിയ ബില്‍ പാസാക്കിയെങ്കിലും റുവാണ്ടയിലേക്ക് വലിയ തോതില്‍ അഭയാര്‍ഥികളെ അയയ്ക്കില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. നിലവിലെ ബ്രിട്ടന്റെ മനുഷ്യാവകാശ നിയമങ്ങള്‍ റുവാണ്ട ബില്ലിനു ബാധകമല്ലെന്നും റുവാണ്ടയെ സുരക്ഷിതസ്ഥലമായി ബ്രിട്ടിഷ് ജഡ്ജിമാര്‍ കണക്കാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

അതേസമയം വിദേശത്ത് അഭയം തേടുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ക്കുള്ള കരാറിലേര്‍പ്പെടാന്‍ ഓസ്ട്രിയ, ജര്‍മനി പോലുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ വിധി വരാനുള്ള പദ്ധതി കൂടിയാണ് റുവാണ്ട ബില്‍. തിരഞ്ഞെടുപ്പ് സുനകിനും പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നുള്ള വിലയിരുത്തലുകള്‍ക്കിടയില്‍ ബില്‍ അവതരിപ്പിച്ചതോടെ സുനകിന്റെ ജയസാധ്യത വര്‍ധിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക