Image

പുഷ്പ-2; ആദ്യഗാനത്തിന്റെ റിലീസ് ഉടന്‍ 

സ്വന്തം ലേഖകന്‍ Published on 25 April, 2024
പുഷ്പ-2; ആദ്യഗാനത്തിന്റെ റിലീസ് ഉടന്‍ 

ആരാധകരുടെയും സിനിമാ പ്രേമികളുടെയും കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട്  സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ-2 വിന്റെ ആദ്യ ഗാനത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് 11 മണിക്കാണ് പുഷ്പ-2വിലെ ആദ്യ ഗാനം പുറത്തു വിടുക. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഇഷ്ടമാകുമെന്ന സൂചനയാണ് നല്‍കുന്നത്. 2024 ഓഗസ്റ്റ് 15നായിരിക്കും പുഷ്പ-2 തിയേറ്ററുകളിലെത്തുക. 

2021ലാണ് പുഷ്പയുടെ ആദ്യഭാഗം തിയേറ്ററുകളിലെത്തിയത്. പാന്‍-ഇന്‍ഡ്യന്‍ ആയെത്തിയ ചിത്രം ഭാഷയുടെഅതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് ബോക്‌സോഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകംകണ്ടത്. അല്ലു അര്‍ജ്ജുവിന്റെ വേറിട്ട ഗെറ്റപ്പും ഇതിലെ ഗാനങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. പുഷ്പയിലെ മാസ് ഡയലോഗുകളും ഇതിലെ ഗാനങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. പുഷ്പയില്‍ ഉജ്ജ്വലമായ പ്രകടനം കൊണ്ട് മലയാളത്തിന്റെ ഫഹദ് ഫാസിലും ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡും അല്ലു അര്‍ജ്ജുന് നേടിക്കൊടുത്തിരുന്നു. ആദ്യഭാഗത്തില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയില്‍ നിര്‍ത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഇനിയെന്താകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജ്ജുന്റെ ചിത്രം, ഇന്ത്യയൊട്ടാകെ തരംഗമായ പുഷ്പ ദ് റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പുഷ്പ 2വിനെ കുറിച്ചുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും പ്രഖ്യാപനവും  വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ബോക്‌സോഫീസ് ഹിറ്റാകാന്‍ പുഷ്പ-2 ന്റെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ പ്രേക്ഷകര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക