Image

മെയ് 8 ( ഓര്‍മ്മകള്‍)- (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 25 April, 2024
 മെയ് 8 ( ഓര്‍മ്മകള്‍)- (രാജന്‍ കിണറ്റിങ്കര)

1970 ലെ ഒരു മെയ് മാസത്തില്‍ രാവിലെ ഉമ്മറത്തെ പുളിമാവിന് കല്ലെറിയുകയായിരുന്ന അവനെ അമ്മ പുറകിലൂടെ വന്ന് കൈയില്‍ കോരിയെടുത്ത് കിണറ്റുകരയിലെ അലക്കാനിട്ട കരിങ്കല്ലിന്‍മേല്‍ കൊണ്ടു ചെന്ന് നിര്‍ത്തി .  വള്ളി ട്രൗസറിട്ട അവനെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവന്‍ രണ്ടു കൈകളും മുന്നില്‍ പിണച്ചുവച്ച് തുള്ളിച്ചാടി.  കിണറ്റുകരയിലെ ഇരുമ്പു ബക്കറ്റ് പലവട്ടം വെള്ളത്തില്‍ മുങ്ങിത്താണു. ആ വെള്ളമൊക്കെ അവന്റെ കുറ്റി മുടികളുള്ള തലയിലൂടെ ഒലിച്ചിറങ്ങി താഴത്തെ ഓവുചാലിലൂടെ കവുങ്ങിന്‍ തോട്ടത്തില്‍ ചെന്നു വീണു.. മുറ്റത്തെ ചരലില്‍ വീണ് മുറിവ് പറ്റിയ കാലില്‍ തണുത്ത വെള്ളം വീണപ്പോള്‍ അവന്‍ നീറ്റലില്‍ പുളഞ്ഞു.

കുളി കഴിഞ്ഞ് അമ്മ പലവട്ടം തല തോര്‍ത്തി നെറുകയില്‍ രാസ്‌നാദി പൊടി തിരുമ്പി ഇടനാഴികയിലേക്ക് നടത്തി. അവിടെ വച്ച് അവന് പുതിയ ട്രൗസറും ഷര്‍ട്ടും കിട്ടി, മണവും കൊണവും ഇല്ലാത്ത ഒരു വെള്ള പൊടി  മുഖത്ത് പൂശി.. മണമായിരുന്നില്ല, നിറമായിരുന്നു കാര്യം. പിന്നെ രാവിലത്തെ ദോശയില്‍ നിന്ന് ഒന്ന് രണ്ട് കഷണം അമ്മ മടിയിലിരുത്തി ചട്‌നിയില്ലാതെ അവന്റെ വായില്‍ വച്ച് കൊടുത്തു. അവനത് വരാന്‍ പോകുന്ന അപകടം മനസ്സിലാവാതെ സ്വാദോടെ അകത്താക്കി.  ദോശ കഴിച്ച് അമ്മ മുഖം മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ച് അവനെ ഉമ്മറത്തെക്ക് ആനയിച്ചു , അവിടെ അച്ഛന്‍ പതിവില്ലാതെ ഒരു ചുളിഞ്ഞ അരക്കയ്യന്‍ ഷര്‍ട്ടുമിട്ട് കാത്തു നില്‍പ്പുണ്ടായിരുന്നു.

അവന്റെ കൈ  അച്ഛന്റെ കൈയിലേല്‍പ്പിച്ച് അമ്മ ചുവരില്‍ ബന്ധിക്കപ്പെട്ട ഭഗവാന്‍മാരെ നോക്കി കൈകൂപ്പി.  അച്ഛന്‍ അവന്റെ കൈ പിടിച്ച് മുറ്റവും കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോള്‍ വിട് മുഴുവന്‍ അവനെ യാത്രയാക്കാന്‍ ഉമ്മറത്തെ തിണ്ണയിലും  അടുക്കള ജനാലക്കലും ഒത്തുകൂടി  . യാത്രയുടെ ചതി മനസ്സിലാക്കാതെ അവന്‍ വഴിയോരത്തെ കാഴ്ചകള്‍ കണ്ട് അച്ഛന്റെ കൈ മുറുകെ പിടിച്ച് പൊടി പറക്കുന്ന പഞ്ചായത്ത് റോഡിലൂടെ നടന്നു.  വഴിവക്കില്‍ ചിലരൊക്കെ അച്ഛനോട് ലോഹ്യം ചോദിക്കുന്നുണ്ട്, അച്ഛന്‍ തന്റെ സ്ഥായിയായ പുഞ്ചിരിയോടെ ആരോടും മറുപടി പറയാതെ നടത്തത്തിന് വേഗം കൂട്ടി.

ചായക്കടകളും പല ചരക്ക് കടകളും ഉണക്കമീന്‍ കടകളും അവന്‍ ആദ്യമായി ആ യാത്രയില്‍ കണ്ടു. യാത്രയുടെ ഒടുവില്‍ ചോലപ്പാടും കഴിഞ്ഞ് വലതു ഭാഗത്തെ ചെറുതെങ്കിലും ഓടു മേഞ്ഞ ഒരു ഷെഡിലേക്ക് അച്ഛന്‍ പടവുകള്‍ കയറി. കയറും മുന്നെ അച്ഛന്‍ പടിഞ്ഞാട്ട് ചൂണ്ടി പറഞ്ഞു, 'ദാ, അതാണ് മലമക്കാവ് അമ്പലം. '   അമ്മ പായസം വെക്കാന്‍ പോകുന്ന സ്ഥലം ഇതാണല്ലേ, അവന്‍ മനസ്സില്‍ പറഞ്ഞ് കൈ കൂപ്പി. 

ഷെഡിന്റെ വരാന്തയില്‍ ഒന്നുരണ്ട് പേര്‍ നില്‍ക്കുന്നുണ്ട്.  അച്ഛന്‍ അവനേയും കൂട്ടി ഒരു മുറിയിലേക്ക് കടന്നു. മുറിയിലെ മേശക്ക് മുന്നില്‍ തടിച്ച കണ്ണട വച്ച ശാന്തനായ മനുഷ്യന്‍ അച്ഛനെ നോക്കി ചിരിച്ചു.  പിന്നെ എന്തൊക്കെയോ ഒരു കടലാസില്‍ കുറിച്ചു.  എഴുത്തിനിടയില്‍ തല ഉയര്‍ത്തി നോക്കി  അയാള്‍ അച്ഛനോട് ചോദിച്ചു, 'മോന്റെ ജനനത്തീയതി എന്താ '?   അതൊന്നും അറിയില്ല, മിഥുനത്തിലാണ് പിറന്നാള്‍, അച്ഛന്‍ മറുപടി പറഞ്ഞു.  എങ്കില്‍ നമുക്ക് മെയ് 8 ഇടാം ല്ലേ,  അയാളുടെ ചോദ്യത്തിന് അച്ഛന്‍ മൗനസമ്മതം നല്‍കി.  ജനനത്തിയതി ചോദിക്കാനാണോ മാങ്ങക്ക് കല്ലെറിഞ്ഞിരുന്ന തന്നെ കുളിപ്പിച്ച് സുന്ദരനാക്കി ഇവടേക്ക് പിടിച്ചു വലിച്ച് കൊണ്ടുവന്നത്? അച്ഛന് ആ കൂളിപ്പറമ്പിലെ നീലി പുല്ലരിയാന്‍ പോകുമ്പോള്‍  ഇവിടെ കയറി ഒന്ന് തന്റെ പിറന്നാള്‍ പറയണം എന്ന് പറഞ്ഞാല്‍ പോരേ. അവന്‍ മനസ്സില്‍ ചോദിച്ചു.

അല്‍പ്പ സമയത്തിന് ശേഷം അച്ഛന്‍ അവന്റെ കൈ പിടിച്ച് തിരിച്ചിറങ്ങുമ്പോള്‍ സൗമ്യനായ അയാള്‍ അവന്റെ കവിളില്‍ മെല്ലെ തലോടി.. അറിവിന്റെ ലോകത്തെ ആദ്യത്തെ സ്‌നേഹ സ്പര്‍ശമായിരുന്നു അതെന്ന് അവന് അന്നറിയില്ലായിരുന്നു. 

 തിരിച്ചു പോരുമ്പോള്‍ അച്ഛന്റെ നടത്തത്തിന് സ്പീഡ് കുറവായിരുന്നു.   കുറച്ച് ദൂരം നടന്നപ്പോള്‍ അച്ഛന്‍ റോഡരികിലുള്ള ഓല മേഞ്ഞ ഒരു കടയിലേക്ക് കയറി.  എണ്ണയുടെയും പഴത്തിന്റെയും ഗന്ധം തങ്ങി നില്‍ക്കുന്ന കടയിലെ കാലിളകുന്ന ബഞ്ചില്‍ അച്ഛന്‍ അവനെ ഇരുത്തി.  കുറച്ച് കഴിഞ്ഞപ്പോള്‍ മധുരമുള്ള ഒരു ഉണ്ടയും ഒരു കുപ്പി ഗ്ലാസില്‍ ചായയും അവന്റെ മുന്നിലെത്തി.  ' കഴിച്ചോ', മുന്നിലെ ചൂടുള്ള ചായ ഊതി അച്ഛന്‍ അവനോട് പറഞ്ഞു.    ആദ്യമായിട്ടായിരുന്നു അവന്‍ അങ്ങനെ ഒരു സാധനം കഴിക്കുന്നത്, അതിന്റെ രുചി അവന് വല്ലാതെ ബോധിച്ചു. ഇതുപോലുള്ള ആചാരങ്ങള്‍ നാളെയും ഉണ്ടാകുമോ എന്തോ, അവന്റെ കുഞ്ഞു മനസ്സ് സ്വയം ചോദിച്ചു.

കടയില്‍ നിന്നിറങ്ങി നേരത്തെ കണ്ട ഉണക്കമീന്‍ കടയും നിരപ്പലകയിട്ട പല ചരക്കു കടകളും താണ്ടി അവന്‍ നടന്നു. കഴിച്ച ഉണ്ടയുടേയും ചായയുടേയും പ്രസരിപ്പില്‍ അച്ഛന്റെ കൈ വിടുവിച്ച് അവന്‍ റോഡിലൂടെ പൊടി പറത്തി ഓടിക്കൊണ്ടിരുന്നു.  എടാ, ഓടണ്ട ആ ഇടവഴിയില്‍ വല്ല ഇഴജന്തുക്കളും കാണും, അച്ഛന്‍ വിളിച്ചു പറഞ്ഞു.  അവനതൊന്നും കേള്‍ക്കാതെ ഓടി, അച്ചനെത്തും മുന്നേ അമ്മയുടെ അടുത്ത് കഴിച്ച ഉണ്ടയുടെ രുചി വര്‍ണ്ണിക്കാന്‍ ,  ഉമ്മറത്ത് കാത്ത് നില്‍ക്കുന്ന അമ്മയുടെ മടിയിലിരുന്ന് കഴിച്ചതും കണ്ടതും വിവരിക്കുമ്പോള്‍ പടികടന്ന് അച്ഛനും എത്തി.  അച്ഛന്‍ എത്തിയതും വിട്ടുകാര്‍ എല്ലാവരും ചുറ്റും കൂടി.  'സ്‌കൂളില്‍ ചേര്‍ത്തു, മ്മടെ പണിക്കിട്ടിലെ പരമേശ്വരന്‍ നായര് മാഷാ ഹെഡ്മാഷ് , കാളി ടീച്ചറാണത്രെ ഒന്നാം ക്ലാസില്‍ ടീച്ചര്‍'  (അച്ഛന്‍ എല്ലാവരേയും മ്മടെ ചേര്‍ത്താണ് പറയുക, നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഒക്കെ അച്ഛന് മ്മടെ ആണ്)  ഇത്രയും പറഞ്ഞ് അച്ഛന്‍ മുറുക്കാന്‍ ചെല്ലം തുറന്ന് ഒരു തളിര്‍വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചു '

അവന്‍ അതൊന്നും ശ്രദ്ധിക്കാതെ പാതി വഴിയില്‍ നിര്‍ത്തിയ മാങ്ങയേറ് പുനരാരംഭിക്കാന്‍ അമ്മയുടെ പിടിവിടുവിച്ച് നല്ല കല്ലുകള്‍ പെറുക്കാന്‍ തൊടിയിലേക്കോടി.   പഴുത്ത മാങ്ങകളിലേക്ക് ഉന്നം നോക്കുമ്പോള്‍ ഉമ്മറത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു, 'ഇനി കളിയൊക്കെ നിര്‍ത്തിക്കോ, അടുത്ത മാസം സ്‌കൂളില്‍ പോകേണ്ടതാ, കാളി ടീച്ചറടെ കൈയിന്ന് നല്ല പെട കിട്ടും ' .  തന്നെ സ്‌കുളില്‍ ചേര്‍ത്തെന്നും ഈ തണല്‍ മുറ്റത്തെ തന്റെ സ്വാതന്ത്ര്യങ്ങള്‍ ഇവിടെ ബന്ധിക്കപ്പെടുകയാണെന്നുമുള്ള ഭീകര സത്യം അവന്‍ അറിഞ്ഞു.  ആദ്യമായി അവന്റെ മാങ്ങക്കെറിഞ്ഞ കല്ല് ലക്ഷ്യം തെറ്റി തൊടിയിലെ കുളത്തില്‍ പതിച്ചു.

പരമേശ്വരന്‍ നായര് മാഷ് നെറ്റിയിലൊട്ടിച്ച മെയ് 8 ന്റെ ജന്മദിനവുമായി ആധാറും പാന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും നാട് ചുറ്റുമ്പോള്‍ ചുമരില്‍ തൂക്കിയ കലണ്ടറില്‍ മിഥുനത്തിലെ ഒരു വെളുത്ത നക്ഷത്രം പരതുന്നു, അമ്മയുടെ പീള കെട്ടിയ കണ്ണുകള്‍...


*രാജന്‍ കിണറ്റിങ്കര*

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക