Image

ചുനാവ് (കവിത: വേണു നമ്പ്യാർ)

Published on 25 April, 2024
ചുനാവ് (കവിത: വേണു നമ്പ്യാർ)

1
ഒട്ടിയൊട്ടി നട്ടെല്ല് തൊട്ട വയറ് സുന്ദരകാണ്ഡം വായിക്കുന്നു
ബുള്ളറ്റ് വേണ്ട
ബാലറ്റ് വേണ്ട
കടമെങ്കിൽ കടമായി
തൽക്കാലം ആര് തരും
കത്തലടക്കാൻ ഒരു ഓംലെറ്റ് !

2
ചൂതാട്ടത്തിൽ
നമുക്ക് നഷ്ടപ്പെടാനുള്ളത്
ഒരു ചൂതുപടവും
കുറച്ച് കരുക്കളും
കളത്തിൽ രാജാവും മന്ത്രിയും എന്നും 
കാലാൾപ്പടക്ക് പിറകിലായിരിക്കും.

3
വിരലിൽ മഷി
പടരുമ്പോൾ ഒരു സുഖമുണ്ട്
ഇനി ഒരു മരിച്ചവനും
ക്യൂവിൽ വരി നിന്ന് ദംഷ്ട്രകളുമായ്
എന്റെ അവകാശത്തിനു
കത്തി വെക്കില്ലല്ലോ!

4
ആസുരമത്സരമാ
ലൈസൻസ് വേണ്ട
കോമൺ സെൻസ് വേണ്ട
നോൺ സെൻസ് തട്ടി വിടാം
ഡ്രൈവിങ്ങ് ലൈസൻസില്ലാത്ത കിളി
ആറുവരി പാതയിൽ
ഇരുപത്തി നാല് ചക്രമുള്ള
കൺടെയിനർ ഓടിക്കും
ചിഹ്നങ്ങളിൽ നന്മയെ തിരഞ്ഞ് 
അവസാനം തിന്മയെ വീട്ടിലേക്ക്
എഴുന്നള്ളിക്കരുത്.

5
എന്റെ വീട്ടിലെ കറുത്ത കോഴി
ഇതിനകം പതിനാറ് വെളുത്ത മുട്ടയിട്ടു
നിന്റെ വീട്ടിലെ ചുവന്ന മച്ചിക്കോഴി
മുട്ടയിട്ട ചരിത്രമില്ല
ആ ഒറ്റക്കാരണം പറഞ്ഞ്
ആർക്കും നിഷേധിക്കാനൊക്കില്ല
ഓംലെറ്റിനുള്ള നിന്റെ അവകാശത്തെ
പ്രത്യേകിച്ചും വയറൊട്ടിയ
ഈ തിരഞ്ഞെടുപ്പ് കാലത്ത്!


6
നാവിനും കൈക്കും
ചരണങ്ങളിലും
പ്രചാരണങ്ങളിലും
നല്ല ഊക്കായിരിക്കും
സിംഹാസനത്തിൽ
ആരുഢമുറപ്പിക്കുമ്പോൾ
അവയവങ്ങൾ
തളർവാതം പിടിപെട്ട് 
തളരരുത്!

 

7
ആരെയും അധികം  
ഒക്കത്ത് എടുക്കണ്ട
ഓമനിക്കേണ്ട
അധികാരം കിട്ടുമ്പോൾ
മട്ട് മാറും
ചുങ്കമധികം ചുമത്താൻ വരുമ്പോൾ
അങ്കത്തട്ടിൽ കണ്ട ആളായിരിക്കില്ല.

8
വിഗ്രഹങ്ങളെയും 
പൊൻതിടമ്പുകളെയും
എടുത്തു പൊക്കുമ്പോൾ
സ്വന്തം പോക്കറ്റടിക്കപ്പെടാതെ സൂക്ഷിക്കുക.

പൊക്കപ്പെടുന്നവരുടെ
കാലുകൾ പോളിയൊ ബാധിച്ചതു
പോലെയാകും
ഇന്ന് പോളിങ്ങ് ദിനമാണ്
കഴിയുമെങ്കിൽ സ്വന്തം കാലിൽ തന്നെ
നടന്നു പോയി
അടിപൊളിയായി ബട്ടൻ അമർത്തുക
നിങ്ങളെ അടിച്ചമർത്താൻ
ആരെയും അനുവദിക്കരുത്!

9
കവികൾ മുൻകൂറായി
ചരമക്കുറിപ്പെഴുതി വെച്ച
ഇളംനീലക്കുത്തായ നമ്മുടെ ഭൂമി,
അതിന്റെ ചിഹ്നത്തിൽ, ഒരു വോട്ട് 
നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ബൂത്തിലേക്കു തിരിക്കുമ്പോൾ
ഇക്കാര്യവും ഒന്ന് ശ്രദ്ധിക്കുക:

ഹരിതഗൃഹവാതകങ്ങൾക്കും
പ്ലാസ്റ്റിക്കിനും നോ വോട്ട്!

Join WhatsApp News
കുഞ്ചൻനമ്പിയാർ 2024-04-27 13:49:46
"കർണ്ണങ്ങൾക്ക് സഹിക്കാതുള്ളൊരു വണ്ണമതാക്കി ചൊല്ലും ദുഷ്‌കവി ഇത്ഥം സൽക്കവി ദുഷ്‌കവി ഭേദം സിദ്ധമതായ് വരുമെന്നതിനർത്ഥം "
വേണുനമ്പ്യാർ 2024-04-28 02:51:04
I am neither a good poet nor a bad one. You can call me a practising poet! If you have no ill feeling towards me, I must Thank you for sparing some time to read the political poem which of course is not to be sung but to be pondered over taking into acccount weakness and strength of our democracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക