Image

രൂപാന്തരം (കവിത: രമാ പിഷാരടി)

Published on 07 May, 2024
രൂപാന്തരം (കവിത: രമാ പിഷാരടി)

കടലതുണ്ടായിരുന്നു കിഴക്കിൻ്റെ-

കടലതായിരുന്നാദികാലക്കടൽ

ലയമതുണ്ടായിരുന്നു ബിഹാഗിൻ്റെ-

കിളികൾ വാനത്തിലാകെ പറന്നവർ..

 

ജനലിനപ്പുറം  യുദ്ധമാണെങ്കിലും

ജനലഴിച്ചില്ലുടഞ്ഞ് പോയെങ്കിലും

മതിലതൊന്ന് കരിങ്കല്ലിനാൽ തീർത്ത്-

മനസ് മൗനത്തിനുള്ളിലാഴ്ന്നീടുന്നു

ഇരുള് മേയുന്ന ദു:സ്പനമൊന്നിനെ-

മിഴികൾ മെല്ലെയൊതുക്കി വയ്ക്കുമ്പോഴും

എവിടെയോ വീണ് കല്ലിച്ച നോവുകൾ-

ചിതറി വീഴുന്ന ചോർന്ന മേൽക്കൂരയിൽ

വെയില് തുള്ളുന്നിടയ്ക്കിടെ പൊള്ളലിൻ

കനല് വേവുന്നു തീക്കുണ്ഡമൊന്നിലായ്..

 

പറയുവാനെന്തപസ്വരങ്ങൾ വീണ്-

ചിറകടർന്ന് മുറിഞ്ഞ സ്വപ്നങ്ങളെ-

ഉലയിലിട്ടുമിത്തീയിൽ പുകയ്ക്കവേ

പകുതിയും വെന്ത് വെണ്ണീരതാകുന്നു

 

ഹൃദയഗ്രാമത്തിലൊരുമരത്തണലത്ത്

ദയ പകർത്തിത്തളർന്ന് പോയെങ്കിലും

കരുതലെന്ന പോലീമതിൽക്കെട്ടിൻ്റെ-

വിടവ് ചിന്തേര് തേച്ചങ്ങടയ്ക്കണം

കനല് തുള്ളുന്ന വെയില് കാണുമ്പോഴും

മഴയിടയ്ക്കിടെ പെയ്യുന്നുവെങ്കിലും

പവിഴമല്ലിയും തുമ്പയും മുറ്റത്ത്

പഴയഗ്രാമമായ് പൂത്ത് നിൽക്കുമ്പോഴും

പഴയ ഞാനെത്ര മാറിയെന്നോർത്തെൻ്റെ

ഹൃദയസ്പന്ദങ്ങളത്ഭുതപ്പെട്ട് പോയ്

മറവിയിൽ നിന്നിടയ്ക്ക് പെൺകുട്ടിയായ്-

കിലുകിലെച്ചിരിച്ചാർത്ത് നടന്നൊരാൾ

എവിടെ മാഞ്ഞിന്ദ്രജാലത്തിലെന്ന പോൽ

എവിടെ മാഞ്ഞവൾ മഞ്ഞുനീർപ്പാളിയിൽ

അവളെ രാകിച്ചുരുക്കിച്ചുരുക്കിയീ-

മനസ്സിലെ പട്ടുതൂവാലയിൽ ചുറ്റി

കനമതില്ലാതെ, കണ്ണുനീരില്ലാതെ 

കതകുകൾ സാക്ഷചേർത്തങ്ങടച്ചൊരു

അറയിലിന്നവൾ മിന്നാമിനുങ്ങ് പോൽ

തിളതിളങ്ങുന്നു അന്ധകാരത്തിൻ്റെ

പടവുകൾ കടന്നെഴുതാനിരിക്കുന്നു

അവളിൽ നിന്നുണർന്നെത്തുന്നു മറ്റൊരാൾ

അവളതാ മതിൽ കാത്ത് സൂക്ഷിക്കുന്നു...

അകമതിൽ ഒരാളാത്മാവുണർത്തുന്ന-

വരികൾ തേടി സശ്രദ്ധമിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക