Image

ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വസന്തം; ബയേണ്‍ ബാഴ്‌സായെ പൊളിച്ചടുക്കി

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വസന്തം; ബയേണ്‍ ബാഴ്‌സായെ പൊളിച്ചടുക്കി
മാഡ്രിഡ്: യൂറോപ്പിലെ ചാമ്പ്യന്മാരുടെ ചാമ്പ്യന്‍ ആരായാലും അതൊരു ജര്‍മന്‍ ടീമായിരിക്കുമെന്ന് ഉറപ്പായി. സ്പാനിഷ് ടീമുകളെ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി ആധികാരികമായി മറികടന്ന് ബൊറൂസിയ ഡോര്‍ട്ടമുണ്ടും ബയേണ്‍ മ്യൂണിച്ചും ചാംപ്യന്‍സ് ലീഗ് ഫൈനലിന് ഓള്‍ ജര്‍മന്‍ പരിവേഷം ഉറപ്പാക്കി.

റയല്‍ മാഡ്രിഡിനെ മറികടന്ന് മുന്നേറാന്‍ ബൊറൂസിയയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നെങ്കില്‍, ബാഴ്‌സലോണയ്‌ക്കെതിരേ ബയേണ്‍ മ്യൂണിച്ച് സ്വന്തമാക്കിയത് ഏകപക്ഷീയമായ വിജയം. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ നേടിയ 4-0 വിജയത്തിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ രണ്ടാം പാദത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ 3-0 ജയം.

രണ്ടാം പാദത്തില്‍ നാലു ഗോളിലേറെ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രം ഫൈനല്‍ എന്ന ലക്ഷ്യത്തിലേക്ക് ലയണല്‍ മെസി എന്ന അര്‍ജന്റൈന്‍ രാജകുമാരന്റെ പ്രതിഭയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ബാഴ്‌സയ്ക്ക് നിരാശ മാത്രം. ഡച്ച് വിങ്ങര്‍ ആര്യന്‍ റോബന്‍ 49-ാം മിനിറ്റിലാണ് ബയേണിനെ മുന്നിലെത്തിക്കുന്നത്. തോമസ് മുള്ളര്‍ 72-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. 76-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ (76) സെല്‍ഫ് ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.

ആദ്യ പകുതിയില്‍ നിറം മങ്ങിയ മെസിയെയും സാവിയെയും ഇനിയേസ്റ്റയെയും രണ്ടാം പകുതിയില്‍ ബാഴ്‌സ കോച്ച് ടിറ്റോ വിലനോവ പിന്‍വലിച്ചു. പരിക്ക് കാരണം കാര്‍ലോസ് പുയോളും ഹാവിയര്‍ മഷെരാനോയും സെര്‍ജിയോ ബുസ്‌ക്വറ്റ്‌സും രണ്ടു മഞ്ഞ കാര്‍ഡ് കണ്ടതിനാല്‍ ജോര്‍ഡി ആല്‍ബയും വിട്ടുനിന്നതോടെ കളിക്കുമുമ്പെ തോല്‍വി ഉറപ്പിച്ച മട്ടിലായിരുന്നു ബാഴ്‌സ.

മേയ് 25ന് ലണ്ടനിലെ വെംബ്ലിയിലാണ് ഫൈനല്‍. ജര്‍മന്‍ ടീമുകളായ ബയേണ്‍ അഞ്ചാമത്തെ കിരീടം തേടുമ്പോള്‍ ബൊറൂസിയ രണ്ടാമത്തെ കിരീടം സ്വപ്നം കാണുന്നു. ബയേണ്‍ അവസാനമായി 2001 ലും ബൊറൂസിയ 1997 ലുമാണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായത്. ജര്‍മന്‍ ലീഗ് ഫൈനലിലും ഇവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

സ്‌പെയിനിലെ മാഡ്രിഡ് സെന്റ് യാഗോ ബേര്‍ണബിയോ സ്റ്റേഡിയത്തില്‍ ഏതാണ്ട് 97,000 കാണികളായിരുന്നു ഗാലറിയില്‍ ഉണ്ടായിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക