Image

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു

ജോസ് കുമ്പിളുവേലില്‍ Published on 02 May, 2013
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു
ബര്‍ലിന്‍: യുറോസോണ്‍ പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്ക് കുറച്ചു. 0.75% ല്‍ നിന്ന് 0.50% ആക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ ഇതാദ്യമായാണ് പലിശനിരക്കില്‍ റെക്കോഡ് മാറ്റം വരുത്തിയത്. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. 

ഇതുമൂലം 17 അംഗ യൂറോ സോണ്‍ രാജ്യങ്ങളെ പിടിച്ചു നിര്‍ത്താനാവുമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടല്‍. യൂറോസോണിലെ ഏറ്റവും ശക്തമായ രാജ്യം ജര്‍മനിയാണ്.

യൂറോ സോണിലെ റെക്കോര്‍ഡ് തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ബാങ്കിനെ ഇതിനു പ്രേരിപ്പിച്ചത്. ഇതാവട്ടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയുമാണ്. ഇസിബി പ്രസിഡന്റ് മാരിയോ ഡ്രാഗി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഇതിനിടയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ്, പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റാ എന്നിവര്‍ യൂണിയന്റെ ചെലവുചുരുക്കല്‍ പോളിസിയില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ചു.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റൗമ്പെ അംഗരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ ഉപാധികളും ഏറ്റവും നല്ല രീതിയില്‍ നടപ്പിലാക്കുവാന്‍ അതാത് അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

മേയ് രണ്ടിലെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്(പിഎംഐ) അനുസരിച്ച് യൂറോസോണിലെ മിക്ക രാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്. ജര്‍മനിയുടെ മാനുഫാക്ച്ചറിംഗ് ഇന്‍ഡക്‌സ് മാര്‍ച്ചില്‍ 49 ആയിരുന്നത് ഏപ്രിലില്‍ 48.1 ആയി കുറയുകയും ചെയ്തു. ഫ്രാന്‍സ്, ഇറ്റലി സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെയും ഇന്‍ഡക്‌സ് കുറഞ്ഞതായാണ് കണക്ക്. 17 അംഗ യൂറോ സോണ്‍ മൊത്തത്തില്‍ മാര്‍ച്ചില്‍ 46.8 ല്‍ നിന്ന് പോയ മാസത്തില്‍ 46.7 ആയി കുറഞ്ഞതും ഇസിബി പലിശനിരക്കില്‍ മാറ്റം വരുത്താനുള്ള മറ്റൊരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പലിശ നിരക്കിലെ മാറ്റം യൂറോ ഡോളര്‍ അനുപാതത്തിലും കുറവുണ്ടാക്കി. യൂറോ 1.315 ല്‍ നിന്ന് 1.115 ആയിട്ടാണ് ഡോളര്‍ നിരക്കുമായി ഇപ്പോള്‍ തട്ടിക്കുന്നത്. ഇതോടെ രാജ്യാന്തര വായ്പാ പലിശ നിരക്കിലും കുറവുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ജര്‍മനിയില്‍ വായ്പാ പലിശ നിരക്ക് 2.50 ല്‍ താഴെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്ക് 2 ശതമാനത്തിലും താഴെയാവാന്‍ സാദ്ധ്യതയുണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം ജര്‍മനിയിലെ ബാങ്കുകളുടെ നഗരമായ ഫ്രാങ്ക്ഫര്‍ട്ടിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക