Image

ഗ്ലാസ്‌ഗോ അതിരൂപതയില്‍ ഫാ. ജോര്‍ജ് തെള്ളിയാങ്കലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

Published on 04 May, 2013
ഗ്ലാസ്‌ഗോ അതിരൂപതയില്‍ ഫാ. ജോര്‍ജ് തെള്ളിയാങ്കലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു
ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ. ഫാ. ജോര്‍ജ് തെള്ളിയാങ്കലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷിച്ചു. സെന്റ് ജെയിംസ് കാത്തലിക് ചര്‍ച്ച് ക്രൂസ്റ്റണ്‍ ഗ്ലാസ്‌ഗോ പള്ളിയില്‍ നടന്ന വി. കുര്‍ബാനക്ക് ഗ്ലാസ്‌ഗോ ആര്‍ച്ച് ബിഷപ്പും എഡിന്‍ബറോ അതിരൂപത അഡ്മിനിസ്‌ട്രേറ്ററുമായ ഫിലിപ്പ് ടര്‍ട്ടഗാലിയ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഫാ. ജോണ്‍ ലിയോണ്‍, റവ. ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. 

ഗ്ലാസ്‌ഗോയിലെ കേരള ക്രിസ്ത്യാനികള്‍ ആത്മീയമായി വളരെ പ്രചോദനം നല്‍കുന്നുവെന്നും നിങ്ങളുടെ ജീവിത മാതൃക യേശുക്രിസ്തുവിന്റെ ദര്‍ശനമായ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പനയുടെ പ്രായോഗികതയാണെന്നും ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ എളിമയുടേയും ലാളിത്യത്തിന്റേയും ജീവിക്കുന്ന സാക്ഷ്യമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. 

വി. കുര്‍ബാനക്കുശേഷം മുത്തുക്കുടകള്‍, താലപ്പൊലിയേന്തിയ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, സ്‌കോട്ടിഷ് ബാന്‍ഡ് തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആര്‍ച്ച് ബിഷപ്പിനെയും ഇടവക വികാരി ഫാ. ജെയിംസ് ലിയോണിനേയും ഫാ. ജോര്‍ജ് തെള്ളിയാങ്കലിനേയും പ്രദക്ഷിണമായി പള്ളിയില്‍നിന്നും പാരിഷ് ഹാളിലേക്ക് ആനയിച്ചു. ജൂബിലി ആഘോഷം ആര്‍ച്ച് ബിഷപ് ടര്‍ട്ടാഗ്ലിയ ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍ ആര്‍ച്ച് ബിഷപ്പിന് പൊന്നാട അണിയിച്ചു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ജൂബിലിയേറിയനെ പൊന്നാട അണിയിച്ചു. ഫാ. ജോണ്‍ ലിയോണ്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റീസ് സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സിലിന്‍, തമ്പി എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ജോജി നന്ദി പറഞ്ഞു. സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ലഘുഭക്ഷണത്തോടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ഷാജി കൊറ്റനാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക