Image

നിയോ നാസി കൊലപാതകം; ജര്‍മനിയില്‍ വിചാരണ ആരംഭിച്ചു

Published on 07 May, 2013
നിയോ നാസി കൊലപാതകം; ജര്‍മനിയില്‍ വിചാരണ ആരംഭിച്ചു
ബര്‍ലിന്‍: യുദ്ധാനന്തരം ജര്‍മനിയെ നടുക്കിയ നിയോ നാസി കൊലപാതക കേസിന്റെ വിചാരണ ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ മ്യൂണിക്കില്‍ ആരംഭിച്ചു.

തെളിവുകള്‍ ഒട്ടും അവശേഷിപ്പിക്കാതെ കൊലപ്പെടുത്തിയ കേസിന്റെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച വിചാരണകളിലൊന്നാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിയോ നാസി പ്രവര്‍ത്തകര്‍ പത്തു പേരെ കൊന്നൊടുക്കിയതു സംബന്ധിച്ച കേസുകളാണിവ. മരിച്ചവരില്‍ കൂടുതല്‍ പേരും ടര്‍ക്കി വംശജരായിരുന്നു.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരിയെന്നു വിശേഷിപ്പിക്കുന്ന എന്‍എസ്‌യു (നാഷണല്‍ സോഷ്യലിസ്റ്റ് അണ്ടര്‍ഗ്രൗണ്ട്) പ്രവര്‍ത്തക 38 കാരിയായ ബീയാറ്റെ ഷെപ്പെ എന്ന യുവതി കോടതിയിലെത്തിയപ്പോള്‍ പലരും അമ്പരന്നു. ഒരു ചിത്രശലഭത്തെപ്പോലും നോവിക്കാന്‍ കഴിയാത്തതുപോലെ നിഷ്‌കളങ്കമായ മുഖവും ചിരിയുമുള്ള ഈ പെണ്‍കുട്ടിയോ ഒമ്പതു പേരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കാപാലിക എന്ന ചോദ്യമാണ് എല്ലാവരുടെയും മുഖത്തുനിന്നും വായിക്കാനായത്. കോടതിയിലെത്തിയ ബിയാറ്റെ അക്ഷാഭ്യയായി കൈയുംകെട്ടി നിന്ന് ആരോപണങ്ങളെല്ലാം നിഷേധിച്ചു.

മുന്‍പ് ലെഫ്റ്റ് വിംഗ് മിലിട്ടറി ഗ്രൂപ്പ് എന്നറിയപ്പെടുന്ന റെഡ് ആര്‍മി ഫാക്ഷന്റെ (ഞഅഎ) മുഖ്യ വക്തായിരുന്നു ഇവര്‍.

രാജ്യത്തെ ഏറ്റവും അപകടകാരിയായ നിയോ നാസി എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ബീയാറ്റിനു നല്‍കിയിരിക്കുന്ന വിശേഷണം. 28 വധശ്രമക്കേസുകളിലും പ്രതിയാണവള്‍. 

വിചാരണ കോടതിയിലും പരിസരത്തും മ്യൂണിക്ക് നഗരത്തിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിചാരണ നടക്കുമ്പോള്‍ ഒരുപറ്റം ടര്‍ക്കികള്‍ കോടതിക്ക് പുറത്ത് ഇവരെ തൂക്കിലേറ്റണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി. 

രാജ്യത്തെ നടുക്കിയ നിയോ നാസി കൊലപാതകങ്ങള്‍ ഇവയാണ്.

2000- ന്യൂറംബര്‍ഗില്‍ സിംസെക് എന്‍വര്‍ വെടിയേറ്റു മരിച്ചു

2001- ന്യൂറംബര്‍ഗില്‍ തന്നെ അബ്ദുറഹിം ഒസുദോഗ്രുവിനു വെടിയേറ്റു, ഹാംബുര്‍ഗില്‍ സുലൈമാന്‍ ടാസ്‌കോപ്രുവിനു വെടിയേറ്റു, മ്യൂണിച്ചില്‍ ഹാബില്‍ കിലിച്ചിനു വെടിയേറ്റു.

2004- റോസ്റ്റോക്കില്‍ മെഹ്മെത് തുര്‍ഗുത്തിന് വെടിയേറ്റു

2005- ഇസ്മയില്‍ യാസറിന് ന്യൂറംബര്‍ഗില്‍വച്ച് വെടിയേറ്റു, മ്യൂണിച്ചില്‍ തിയോഡറോസ് ബൗള്‍ഗാരിഡസിനും വെടിയേറ്റു.

2006- ഡോര്‍ട്ട്മുണ്ടില്‍ മെഹ്മത് കുബൈസിക്കും കാസ്സലില്‍ ഹാലിത് യോഗ്‌സാറ്റും വെടിയേറ്റു വീണു

2007- മൈക്കല്‍ കീസ്‌വെറ്റര്‍ ഹീല്‍ബ്രോണില്‍ വെടിയേറ്റു മരിച്ചു.

റോസ്റ്റോക്ക്, ഹാംബുര്‍ഗ്, ഡോര്‍ട്ട്മുണ്ട്, കാസ്സല്‍, ഹയില്‍ബ്രോണ്‍, ന്യൂറംബര്‍ഗ്, മ്യൂണിക് എന്നീ നഗരങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്. 

എന്നാല്‍ ഇതിനിടെ നിയോ നാസി പ്രസ്ഥാനത്തിനു വേണ്ടി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അറസ്റ്റിലായവരുടെ വിചാരണവേളയില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ സീറ്റ് അനുവദിച്ചില്ലെന്നു പരാതി കഴിഞ്ഞ രണ്ടാഴ്ചകളായി ജര്‍മനിയില്‍ ചൂടുപകര്‍ന്നിരുന്നു.

സീറ്റുകള്‍ അനുവദിക്കപ്പെട്ട രീതിയെ അസോസിയേഷന്‍ ഓഫ് ജര്‍മന്‍ ജേര്‍ണലിസ്റ്റ്‌സ് വിമര്‍ശിച്ചു. ആദ്യവട്ട വിചാരണയ്ക്കു സാക്ഷ്യം വഹിക്കാന്‍ വിദേശ മാധ്യമങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്കു വേണ്ടി രണ്ടാമതും ഡ്രോ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വിചാരണ നടത്താന്‍ കാലതാമസവും നേരിട്ടു. 

എന്നാല്‍, പ്രമുഖ ജര്‍മന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികളും ഇപ്പോഴും പുറത്തുതന്നെ എന്ന വസ്തു നിലനില്‍ക്കെയാണ് വിചാരണം വീണ്ടും ആരംഭിച്ചത്. 4 ടര്‍ക്കി മാധ്യങ്ങള്‍ക്ക് അനുമതി നല്‍കിയതിനെയും ജര്‍മന്‍ മാധ്യമങ്ങള്‍ ചോദ്യംചെയ്തിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയില്‍ നിയോ നാസികളുടെ ആക്രമണത്തില്‍പ്പെട്ടവരെയും അതില്‍ ജീവഹാനി സംഭവിച്ചവരെയും കുറിച്ചുള്ള അന്വേഷണത്തിന് മെര്‍ക്കല്‍ സര്‍ക്കാര്‍ 2012 ല്‍ ഒരു പാര്‍ലമെന്റ് അന്വേഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ചെയര്‍മാനായി മലയാളി വംശജനും ജര്‍മന്‍ പാര്‍ലമെന്റ് അംഗവുമായ സെബാസ്റ്റ്യന്‍ ഇടാത്തിയെ (43) ചെയര്‍മാനായി നിയമിച്ചിരുന്നു. കമ്മിറ്റിയില്‍ പതിനൊന്ന് അംഗങ്ങളാണുള്ളത്. ജര്‍മനിയിലെ പ്രതിപക്ഷമായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ് ഇദ്ദേഹം.

കൊലപാതകങ്ങളുടെ അന്വേഷണങ്ങളില്‍ ജര്‍മനിയിലെ ഇന്റലിജന്‍സ് വിഭാഗവും കുറ്റാന്വേഷണവിഭാഗവും പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലാണ് പാര്‍ലമെന്റിന്റെ കമ്മിറ്റി രൂപീകരിച്ചത്. 2000 നും 2007 നും ഇടയില്‍ ഒന്‍പത് തുര്‍ക്കി വംശജരും ഗ്രീക്ക് ബിസിനസുകാരും ഒരു വനിതാ പോലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കൊലപാതകത്തിന്റെ ഒരു തെളിവുപോലും ഇതുരെ ജര്‍മന്‍ ഇന്റലിജന്റ്‌സ് സേന കണ്ടു പിടിക്കപ്പെട്ടില്ല. പൂര്‍വജര്‍മന്‍ സംസ്ഥാനമായ തൂറിംഗന്‍ ഉള്‍പ്പെടുന്ന നഗരങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. 

നിയോ നാസി സെല്ലിന്റെ വലതുപക്ഷ തീവ്രവാദി വിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ് അണ്ടര്‍ഗ്രൗണ്ട്(എന്‍എസ്‌യു) അനുയായികളാണ് ഈ സംഭവങ്ങള്‍ക്കു പിന്നിലെന്ന് സര്‍ക്കാര്‍ അന്നുമുതല്‍ സംശയിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക