Image

ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം വിശ്വാസവര്‍ഷ സെമിനാര്‍ നടത്തി

ജോസ് കുമ്പിളുവേലില്‍ Published on 07 May, 2013
ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം വിശ്വാസവര്‍ഷ സെമിനാര്‍ നടത്തി
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി സെമിനാര്‍ നടത്തി. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് മൗറീഷ്യസ് ദേവാലയ പാരീഷ് ഹാളില്‍ മേയ് ഒന്നിന് (ബുധന്‍) നടന്ന സെമിനാറില്‍ ബെല്‍ജിയം ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുന്ന ഫാ.ജിജോ ഇണ്ടിപറമ്പില്‍ വിശ്വാസവര്‍ഷത്തെയും പരിശുദ്ധ കുര്‍ബാനയെയും അധികരിച്ച് ക്ലാസുകള്‍ എടുത്തു.

ദിവ്യബലിയുടെ തുടക്കത്തില്‍ ആലപിക്കുന്ന അന്നാപ്പെസഹാ തിരുനാള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പൊരുളും വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന ദിവ്യരഹസ്യങ്ങളുടെ ചെറുതും വലുതുമായ വിശകലനങ്ങളും അള്‍ത്താരയില്‍ നടത്തുന്ന വൈവിധ്യങ്ങളായ അടയാളങ്ങളും കാലമനുസരിച്ചുള്ള ശുശ്രൂഷാ പ്രാര്‍ഥനകളുടെ പ്രാധാന്യങ്ങളും ചേര്‍ത്ത് വളരെ വിശദമായി പ്രതിപാദിച്ച ജിജോ അച്ചന്റെ ക്ലാസ് ഏറെ വിജ്ഞാനപ്രദമായിരുന്നു. വിശുദ്ധ കുര്‍ബാന ഒരു ഓര്‍മ്മപുതുക്കല്‍ മാത്രമല്ല പിതാവായ ദൈവത്തിന് പുത്രനോടുള്ള സ്‌നേഹത്തിന്റെ സമ്പൂര്‍ണവും പരമവും ഉദാത്തവുമായ ബലിയര്‍പ്പണവുമാണെന്ന് ജിജോ അച്ചന്‍ വരച്ചുകാട്ടി. 

ആഗോള കത്തോലിക്കാ സഭ 2012/13 വിശ്വാസവര്‍ഷമായി ആചരിക്കുന്ന ഈയവസരത്തില്‍ കത്തോലിക്കാ വിശ്വാസം ഊട്ടിയുറപ്പിച്ച് കൈത്തിരി വെളിച്ചമായി വരും തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എടുത്തുപറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളില്‍ നിന്നുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയിലെ വിവിധ കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. രാവിലെ പത്തിനാരംഭിച്ച സെമിനാര്‍ വൈകുന്നേരം അഞ്ചിന് നടന്ന ദിവ്യബലിയോടുകൂടി സമാപിച്ചു. 

ഈ വര്‍ഷത്തെ ദിവ്യകാരുണ്യ(യൂക്കരിസ്റ്റിക്) കോണ്‍ഗ്രസ് ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ജര്‍മനിയിലെ കൊളോണിലാണ് നടക്കുന്നത്. ലോര്‍ഡ്, ടു ഹും ഷാല്‍ വി ഗോ, ഗുരോ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കാണ് പോകേണ്ടത് (ജോണ്‍ 6:68) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. അഞ്ചു ദിവസം നീളുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്ര ചര്‍ച്ചകളും യൂത്ത് ഫെസ്റ്റിവലും സാംസ്‌കാരിക പരിപാടികളുമുണ്ടാകും. . യൂക്കരിസ്റ്റിക് കോണ്‍ഗ്രസിന്റെ സംഘാടക ചുമതല ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിനും കൊളോണ്‍ അതിരൂപതയ്ക്കുമാണ്. 193 രാജ്യങ്ങളില്‍ നിന്നുള്ള എട്ടു ലക്ഷം കത്തോലിക്കാ പ്രതിനിധികളെയാണ് കോണ്‍ഗ്രസിലേക്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സമൂഹവും അതില്‍ ഭാഗഭാക്കാവും. അതിനുള്ള ഒരുക്കങ്ങള്‍ കൊളോണില്‍ നടന്നുവരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക