Image

ഡേവിസ് ആറ്റുപുറത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published on 09 May, 2013
ഡേവിസ് ആറ്റുപുറത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
വിയന്ന: 2013 ഏപ്രില്‍ 27ന് അന്തരിച്ച വിയന്ന മലയാളി ഡേവിസ് ആറ്റുപുറത്തിന് നൂറു കണക്കിന് മലയാളികളുടെ അശ്രുപുഷ്പങ്ങള്‍ ഏറ്റുവാങ്ങി വിയന്നയുടെ മണ്ണില്‍ ലയിച്ചു. ജീവിതയാത്ര അവസാനിപ്പിച്ച് അദ്ദേഹം നടന്നകലുമ്പോള്‍ ബാക്കിവച്ച ആ ഓര്‍മ്മകള്‍ തന്നെയാകും വിയന്നയിലെ മലയാളി സമൂത്തിന് കൂട്ട്. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച വിയന്നയിലെ പന്ത്രണ്ടാമത്തെ ജില്ലയിലുള്ള മൈഡിലിംഗ് സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. 

വിയന്നയിലെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുകളും കണ്ണീരോടെയാണ് അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചത്. വിയന്നയിലെ മലയാളി സംഘടനകളും വിവിധ മലയാളി സ്ഥാപന ഉടമകളും അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

ഉച്ചകഴിഞ്ഞ് രണേ്ടാടെ വിയന്നയിലെ പന്ത്രണ്ടാമത്തെ ജില്ലയിലുള്ള മൈഡിലിംഗ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂക്ഷകള്‍ ആരംഭിച്ചത്. ലളിതമായി ജീവിക്കുകയും ആത്മാര്‍ഥത പുലര്‍ത്തുകയും ചെയ്ത നല്ല സുഹൃത്ത് വിടചൊല്ലിയപ്പോള്‍ പ്രിയപെട്ടവരുടെയും സുഹൃത്തുക്കളുടെയും ദുഃഖം കണ്ണുനീര്‍ തുള്ളികളായി പെയ്തിറങ്ങി. 

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. ഡോ. തോമസ് താണ്ടിപ്പിള്ളി സംസ്‌കാര ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോയി പ്ലാത്തോട്ടത്തില്‍, ഫാ. തോമസ് പ്രശോഭ്, ഫാ. ബിജി ചിറത്തിലാട്ട്, ഫാ. തോമസ് കൊച്ചുചിറ, ഫാ. പി. വില്‍സണ്‍ ഏബ്രഹാം, ഫാ. തോമസ് വടാത്തുമുകളേല്‍, ഫാ. പി. സേവ്യര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

പ്രവര്‍ത്തനശൈലികൊണ്ട് ഓസ്ട്രിയയിലെ മലയാളി സമൂഹത്തിന് എന്നും പ്രിയങ്കരനായിരുന്നു അദ്ദേഹം. അത് അദ്ദേഹത്തെ നയിച്ചത് ഓരോ മലയാളിയുടെയും മനസുകളിലേക്കാണ്. ഓസ്ട്രിയന്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. വിയന്നയില്‍ ആദ്യത്തെ തെന്നിന്ത്യന്‍ റെസ്റ്ററന്റും തെന്നിന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റും തുടങ്ങിയത് ഡേവിസ് ആറ്റുപുറമാണ്. മലയാളം പത്രങ്ങളും വാരികകളും വിദേശത്ത് അന്യമായിരുന്ന സമയത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചു അദ്ദേഹം അത് ഓസ്ട്രിയയില്‍ ലഭ്യമാക്കി. വിയന്നയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം കെസിഎസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ഡേവിസിന്റെ നിര്യാണത്തെ തുടര്‍ന്ന് കുടുംബാംഗംങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം നിന്ന് എല്ലാ കാര്യങ്ങളിലും സഹകരിച്ച സുഹൃത്തുകള്‍ക്കും സംസ്‌കാര ശുശ്രുഷയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറ്റുപുറം കുടുംബത്തിനുവേണ്ടി ഡെന്നിസ് ചിറയത്ത് നന്ദി രേഖപ്പെടുത്തി. 

സംസ്‌കാര ശുശ്രുഷകളുടെ കൂടുതല്‍ ചിത്രങ്ങള്‍ ഐസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക