Image

കൈരളി നികേതന്‍ യുവജനോത്സവം സമാപിച്ചു

Published on 09 May, 2013
കൈരളി നികേതന്‍ യുവജനോത്സവം സമാപിച്ചു
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യുണിറ്റിയുടെ (ഐസിസി, വിയന്ന) കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി നടത്തിയ യുവജനോത്സവം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. മൂന്ന് ഘട്ടമായി സംഘടിപ്പിച്ച മേളയിലെ ജനപ്രിയ ഇനങ്ങളായ കലാമത്സരങ്ങളാണ് കഴിഞ്ഞ ദിവസം വിയന്നയില്‍ വിസ്മയം വിരിയിച്ചത്. 

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക്ക് നൃത്തങ്ങള്‍, ക്രിസ്ത്യന്‍ ഡാന്‍സ് എന്നീ ഇനങ്ങളാണ് ഫ്‌ളോറിസ്‌ഡോര്‍ഫിലുള്ള ഹൗസ് ദേര്‍ ബെഗേഗ്‌നുംഗില്‍ നടന്നത്. നിറഞ്ഞ സദസില്‍ സംഘടിപ്പിച്ച മേളയില്‍ വിയന്നയിലെ രണ്ടാം തലമുറയില്‍പ്പെട്ട നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. 

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ.ഡോ. തോമസ് താണ്ടിപ്പിള്ളി, ഫാ. ജോയി പ്ലാത്തോട്ടത്തില്‍, വിയന്ന മലങ്കര മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ് പ്രശോഭ്, ജനറല്‍ കണ്‍വീനര്‍ ജോസ് ഒലിമലയില്‍ എന്നിവര്‍ ഐസിസിക്ക് വേണ്ടിയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ബൗസ്പാര്‍ കാസെയ്ക്ക് വേണ്ടി തോമസ് മുളയ്ക്കലും ജരാര്‍ദ് സ്‌റ്റൈനിംഗറും ട്രോഫികള്‍ വിതരണം ചെയ്തു. ചിത്രരചന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. 

കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതുതലമുറയ്ക്കുവേണ്ടി വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന യുവജനോത്സവം സംഘാടക മികവുകൊണ്ടും മത്സരാര്‍ഥികളുടെ മത്സരചാതുര്യംകൊണ്ടും വിയന്ന മലയാളികള്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ നന്ദി രേഖപ്പെടുത്തി.

മത്സരങ്ങളുടെ ഫലവും കൂടുതല്‍ ചിത്രങ്ങളും ഐസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക