Image

ബര്‍മിംഗ്ഹാമില്‍ യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയും വടംവലി മത്സരവും മേയ് 25ന്

Published on 10 May, 2013
ബര്‍മിംഗ്ഹാമില്‍ യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയും വടംവലി മത്സരവും മേയ് 25ന്
ബര്‍മിംഗ്ഹാം: ഈ വര്‍ഷത്തെ യുക്മ നാഷണല്‍ സ്‌പോര്‍ട്‌സും വടംവലി മത്സരവും മേയ് 25ന് ബര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ യുക്മയുടെ വിവിധ റീജിയണുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഒത്തുചേരുന്നതിനും സൗഹൃദം പങ്കു വയ്ക്കുന്നതിനും കൂട്ടായ്മക്ക് സാഹചര്യമൊരുക്കുന്നതിനും ഉള്ള ഉത്തമ വേദിയായി ആണ് നാഷണല്‍ സ്‌പോര്‍ട്‌സിനെ കണക്കാക്കുന്നത്. 

അംഗ അസോസിയേഷനുകളിലും പങ്കാളികളിലും ആവേശത്തിന്റെ തിരയിളക്കമുണര്‍ത്തുന്ന നാഷണല്‍ കായിക മേളയില്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കാന്‍ റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. ബെര്‍മിംഗ്ഹാമിലെ ഏറ്റവും വലിയ കായിക വേദിയായ വിന്‍ഡ്‌ലി ലെഷര്‍ സെന്ററിലാണ് ഇത്തവണയും യുക്മ നാഷണല്‍ കായിക മേള അരങ്ങേറുന്നത്. ഒരു ദിവസം മുഴുവന്‍ ഉല്ലസിക്കാനുള്ള കായിക മാമാങ്കം അരങ്ങേറുന്നതിനുള്ള എല്ലാ സൗകര്യവും ഒത്തു ചേര്‍ന്ന വേദിയാണിത്. യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ഉദ്ഘാടനം ചെയ്യുന്ന നാഷണല്‍ കായിക മേളക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 10ന് ആരംഭിക്കും. വിവിധ റീജിയണുകളില്‍ നിന്നും നാഷണല്‍ ലെവലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കായികതാരങ്ങളുടെ ലിസ്റ്റ് മേയ് 21ന് മുമ്പായി നാഷണല്‍ സ്‌പോര്‍ട്‌സ് കമ്മറ്റിക്ക് എത്തിച്ചു നല്‍കേണ്ടതാണെന്ന് നാഷണല്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് മൈലപറമ്പില്‍ അറിയിച്ചു. എല്ലാ റീജിയണല്‍ ഭാരവാഹികളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

യുക്മയുടെ പ്രമുഖ റീജിയണുകളില്‍ എല്ലാം തന്നെ ഇതിനകം സ്‌പോര്‍ട്‌സ് മേളകള്‍ നടത്തിക്കഴിഞ്ഞു. വെയില്‍സ് റീജിയന്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കലാമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. 

നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കായികമേള മേയ് 18നും സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണിന്റ കായികമേള മേയ് 19നും പ്രഖ്യാപിച്ചിരിക്കുകയാണ്. റീജിയണല്‍ മത്സരങ്ങള്‍ നടന്ന അതേ രീതിയില്‍ തന്നെയാണ് നാഷണല്‍ മത്സരങ്ങളും തയാര്‍ ചെയ്തിരിക്കുന്നത്. 

കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200, 400 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോംഗ് ജംപ് മത്സരങ്ങളും റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്. ഇതിനു പുറമേ മേളയുടെ പ്രധാന ആകര്‍ഷണമായി വടംവലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും നല്‍കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജിയണും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ച് ആദരിക്കും. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയണും ചാമ്പ്യന്‍ അസോസിയേഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനും കിരീട മോഹത്തോടെ പൂര്‍വാധികം ശക്തിയോടെ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. 

വേദിയുടെ വിലാസം: Wyndley Leisure Cetnre, Clifton Road Sutton Colfield,Birmingham, B73 6EB.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക