Image

നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമാവും ; എങ്കില്‍ ശിക്ഷയുറപ്പ്

ജോസ് കുമ്പിളുവേലില്‍ Published on 12 May, 2013
നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമാവും ; എങ്കില്‍ ശിക്ഷയുറപ്പ്
ലണ്ടന്‍: ബ്രിട്ടനില്‍ നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിവാഹത്തിനു പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുത്തി നിയമപ്രകാരം ശിക്ഷാര്‍ഹരാവും.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ സര്‍ക്കാരിനു വേണ്ടി എലിസബത്ത് രാജ്ഞി നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് നിര്‍ബന്ധിത വിവഹം അടക്കമുള്ള വിഷയങ്ങള്‍ക്ക് വിശദീകരണം സര്‍ക്കാര്‍ നല്‍കിയത്. നിര്‍ബന്ധ വിവാഹത്തിന് ഇരകളാകുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നിയമങ്ങള്‍ ശക്തമാക്കുമെന്നും ബ്രിട്ടനിലെ ഹോം സെക്രട്ടറി തെരേസാ മേയ് വ്യക്തമാക്കി. അതുപോലെ പേരുമാറ്റിയുള്ള കല്യാണങ്ങളും ക്രിമിനല്‍ കുറ്റവും ശിഷാര്‍ഹവുമാണ്. 

നിര്‍ബന്ധിത വിവാഹം അടിമത്തത്വത്തിന് തുല്യമാണെന്നാണ് തെരേസ മേയ് വിശദീകരിച്ചത്. ബ്രിട്ടനില്‍ അടിമത്വം ലവലേശമില്ല അവര്‍ വ്യക്തമാക്കി.

അടിമത്വം ക്രിമിനല്‍ കുറ്റമാകുമെങ്കില്‍ നിര്‍ബന്ധിത വിവാഹവും അതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനില്‍ കുടിയേറിയിരിക്കുന്ന വിദേശികളുടെ ഇടയില്‍ നിര്‍ബന്ധിത വിവാഹം രഹസ്യമായ പരസ്യമായിരിക്കെ മേലില്‍ ഇത്തരക്കാര്‍ നിയമത്തിന്റെ പിടിയില്‍ എത്തുമെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് കുടിയേറിയിരിക്കുന്ന ഇന്ത്യക്കാര്‍,പാക്കിസ്ഥാനികള്‍, ബംഗ്ലാദേശികള്‍ എന്നീ സമൂഹങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത വിവാഹം നിരവധി നടക്കുന്നുണ്‌ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതായി മേയ് പറഞ്ഞു.

2008/09 ല്‍ ഇത്തരത്തിലുള്ള 1,600 ഓളം കേസുകളാണ് സര്‍ക്കാരിന്റെ മുമ്പില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍, ഘാനാ തുടങ്ങിയ രാജ്യക്കാര്‍ വീസക്കുവേണ്ടിയാണ് നിര്‍ബന്ധിത വിവാഹത്തിന്റെ പിടിയില്‍പ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. ഇന്ത്യാക്കാരും ഇക്കാര്യത്തില്‍ മോശമല്ല. ബ്രിട്ടനിലെ ഗുജറാത്തി,ബംഗാളി, പഞ്ചാബി, കാശ്മീരി സമൂഹങ്ങളില്‍ കൂടുതലായി നിര്‍ബന്ധവിവാഹങ്ങള്‍ നടക്കുന്നുണ്‌ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മേയ് വ്യക്തമാക്കി. സ്ത്രീകളാണ് ഇതില്‍ കൂടുതല്‍ ഇരകളാകുന്നതെന്നും അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക