Image

യൂറോപ്പ് മലയാളികളെ വരവേല്‍ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങി

Published on 12 May, 2013
യൂറോപ്പ് മലയാളികളെ വരവേല്‍ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങി
സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്റെ നേതൃത്വത്തില്‍ നടക്കുന്ന യൂറോപ്പ് പ്രവാസി മലയാളി സംഗമത്തിനായി സ്വിറ്റസര്‍ലന്‍ഡ് ഒരുങ്ങി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒരുമിപ്പിച്ചു ചേര്‍ത്തുകൊണ്ട് ആദ്യമായാണ് ഒരു മലയാളി സംഗമം നടക്കുന്നത്.

ജൂണ്‍ എട്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടക്കുന്ന സംഗമത്തില്‍ കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. കേരള നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, കേരള ഭക്ഷ്യ വികസന മന്ത്രി അനൂപ് ജേക്കബ്, മുന്‍മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുക്കും.

എട്ടിന് രാവിലെ യൂറോപ്പിലെ രണ്ടാം തലമുറ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയവും 'പ്രവാസി മലയാളികള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. ഉച്ചകഴിഞ്ഞ് പൊതുസമ്മേളനം നടക്കും.. വൈകിട്ട് നടക്കുന്ന കലാസന്ധ്യയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നാല്‍പ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന നൃത്തശില്‍പം, തുടര്‍ന്ന് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും പിന്നണി ഗായിക റിമിടോമിയും പിന്നണി ഗായകന്‍ പ്രദീപ് ബാബുവും നയിക്കുന്ന ഗാനമേള, ഏഷ്യാനെറ്റ് വൊഡാഫോണ്‍ കോമഡി സ്റ്റാര്‍സ് വിജയികളായ വിഐപി ടീമിന്റെ കോമഡി ഷോ എന്നിവ അരങ്ങേറും.

പ്രവാസി മലയാളികള്‍ സംഗമത്തില്‍ പങ്കെടുക്കുവാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന സ്വിസ്-യൂറോപ്പ് ടൂര്‍ പാക്കേജ്, ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകളില്‍ മിതമായ നിരക്കില്‍ താമസസൗകര്യം എന്നിവ സംഗമത്തിന്റെ ആകര്‍ഷകഘടകങ്ങളാണ്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററിലാണ് സംഗമം നടക്കുന്നത്. സൗണ്ട് എന്‍ജിനിയര്‍ ഫ്രാന്‍സിസ് ആണ് സമ്മേളനത്തിന്റെ ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സംഗമത്തിന്റെ വിജയത്തിനായി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് ജോബിന്‍സണ്‍ കൊറ്റത്തില്‍, ജനറല്‍ സെക്രട്ടറി മജു പേയ്ക്കല്‍, ട്രഷറര്‍ ജോര്‍ജ് നമ്പുശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

അയര്‍ലന്‍ഡ്, ഇറ്റലി, യുകെ, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക