Image

ഇന്ത്യന്‍ സമൂഹം കേവലാര്‍ തീര്‍ഥാടനം നടത്തി

Published on 13 May, 2013
ഇന്ത്യന്‍ സമൂഹം കേവലാര്‍ തീര്‍ഥാടനം നടത്തി
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിയ്ക്കുന്ന കേവലാര്‍ തീര്‍ത്ഥാടനം ഈ വര്‍ഷത്തെ സ്വര്‍ക്ഷാരോഹണ ദിനമായ മെയ് ഒന്‍പത് വ്യാഴാഴ്ച നടത്തി

മെയ് 9 വ്യാഴാഴ്ച രാവിലെ എട്ടു മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമില്‍ നിന്നും പ്രത്യേകം ബസിലാണ് സംഘം മധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കേവലാറിലേയ്ക്കു യാത്രയായത്. യാത്രയ്ക്കിടയില്‍ ഇത്തവണ പ്രസിദ്ധമായ ഗോഹ് നഗരവും സന്ദര്‍ശിച്ചു. ഗോഹിലെ സെന്റ് അര്‍നോള്‍ഡ് ജാന്‍സന്റെ ജന്മഗൃഹവും ദേവാലയും ഇന്‍ഡ്യന്‍ കമ്യൂണിറ്റിയംഗങ്ങള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന് കേവലാറിലെത്തിയ സംഘം 11.30 ന് ബൈഷ്ട് കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, എംസിബിഎസ് അംഗമായ റവ.ഡോ.തോമസ് കോഴിമല എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരായി. കോഴിമലയച്ചന്‍ വചനപ്രഘോഷണം നടത്തി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി യൂത്ത് കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഉച്ചവിശ്രമത്തിനു ശേഷം മൂന്നുമണിയ്ക്ക് മെഴുകുതിരി കപ്പേളയില്‍ ഒത്തുകൂടി പരിശുദ്ധാത്മാതാവിന്റെ നിറവിനായുള്ള പ്രാര്‍ത്ഥനകളും വചനചിന്തകളും പങ്കുവെച്ചു. പ്രാര്‍ത്ഥനകള്‍ക്ക് റവ.ഡോ.തോമസ് കോഴിമല നേതൃത്വം നല്‍കി. ഇഗ്‌നേഷ്യസച്ചന്‍ സമാപനാശീര്‍വാദം നല്‍കി. കാപ്പിയും ലഘുഭക്ഷണത്തെയും തുടര്‍ന്ന് വൈകുന്നേരം നാലര മണിയോടുകൂടി പരിപാടികള്‍ സമാപിച്ചു. കൊളോണില്‍ നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജര്‍മനിയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേര്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. കമ്യൂണിറ്റി കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി ഉള്‍പ്പടെയുള്ളവര്‍ തീര്‍ത്ഥാടനത്തിന് സഹായങ്ങള്‍ ചെയ്തു. 

സ്റ്റൈലര്‍ മിഷന്റെയും സന്യാസ സമൂഹത്തിന്റെയും(സൊസീറ്റാസ് വെര്‍ബി ഡിവൈന്‍ -ദൈവ വചന സഭ- എസ്‌വിഡി) ) സ്ഥാപകനായ സെന്റ് അര്‍നോള്‍ഡ് ജാന്‍സന്റെ ജന്മംകൊണ്ടു അനുഗ്രഹീതമായ ഗോഹ് നഗരം സ്ഥിതിചെയ്യുന്നത് മധ്യജര്‍മനിയിലെ നീഡര്‍റൈന്‍ എന്ന പ്രദേശത്താണ്. 1837 നവംബര്‍ അഞ്ചിനാണ് അര്‍നോള്‍ഡ് ജാന്‍സന്‍ ജനിച്ചത്. പതിനൊന്നു മക്കളില്‍ രണ്ടാമനായിരുന്നു അര്‍നോള്‍ഡ്. 

1861 ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് അദ്ധ്യാപക വൃത്തിയില്‍ കയറിയ അദ്ദേഹം കുറച്ചുകാലം കഴിഞ്ഞ് ജോലിയുപേക്ഷിച്ച് സാമൂഹ്യവും സാംസ്‌കാരികവും ദൈവീകവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ലോകത്തിലെ മിക്കരാജ്യങ്ങളിലും ചുറ്റി. 1875 സെപ്റ്റംബര്‍ 8 നാണ് എസ്‌വിഡി/ദൈവ വചന സഭ സ്ഥാപിച്ചത്. 1909 ജനുവരി 15 ന് ഹോളണ്ടിലെ സ്റ്റൈല്‍ എന്ന സ്ഥലത്തു വെച്ചാണ് ജര്‍മന്‍ മിഷനറിയായ അദ്ദേഹം മരിച്ചത്. 1975 ഒക്‌ടോബര്‍ 19 ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ പുണ്യാത്മാക്കളുടെ ഗണത്തിലേക്കുയത്തി. 2003 ഒക്‌ടോബര്‍ 5 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 

ആഗോളതലത്തില്‍ എസ്‌വിഡി സഭയ്ക്ക് 100 രാജ്യങ്ങളില്‍ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ മുംബൈയിലും കേരളത്തില്‍ കടുത്തുരുത്തിയിലുമാണ് എസ്‌വിഡി സഭയുടെ ആസ്ഥാനം. സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ദൈവീക തലങ്ങളില്‍ എസ്‌വിഡി സഭ മിഷനറി പ്രവര്‍ത്തനം നടത്തുന്നുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക