Image

കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും ഡ്രീംലൈനര്‍ സര്‍വീസ്

ജോസ് കുമ്പിളുവേലില്‍ Published on 21 May, 2013
കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കും ഡ്രീംലൈനര്‍ സര്‍വീസ്
ബര്‍ലിന്‍: എയര്‍ ഇന്ത്യ കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള സര്‍വീസുകള്‍ക്ക് ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കും. ആഡംബര സമൃദ്ധമെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം.

കൂടുതല്‍ സമയം പറക്കാനുള്ള ശേഷിയും 20 ശതമാനം ഇന്ധനലാഭവുമാണ് ഡ്രീംലൈനറിന്റെ പ്രധാന സവിശേഷതകളായി എയര്‍ ഇന്ത്യ എണ്ണുന്നത്. നിലവില്‍ വിദേശ സര്‍വീസിനും മറ്റുമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടുതല്‍ ഇന്ധനചെലവുള്ള ബോയിങ് 777 പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവ പിന്നീട് വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യും.

ഈ മാസം 22നായിരിക്കും കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള ആദ്യ ഡ്രീലൈനര്‍ സര്‍വീസ്. ഇതു കൂടാതെ ഡല്‍ഹിയില്‍ നിന്നും ബെര്‍മിങ്ഹാം, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലേക്കും മൂന്നുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കും.

ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നിവിടങ്ങളിലേക്കും ഒക്‌റ്റോബറില്‍ റോം, മിലാന്‍ എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചു സര്‍വീസ് നടത്തും. റഷ്യയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്നു. എയര്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആറ് ഡ്രീം ലൈ നര്‍ വിമാനങ്ങള്‍ ഉണ്ട്.

ഈ വര്‍ഷം അവസാനത്തോടെ എട്ടു വിമാനങ്ങള്‍ കൂടി ലഭ്യമാകും. ഓര്‍ഡര്‍ നല്‍കിയത് 27 എണ്ണത്തിനാണ്. മെട്രൊ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കായും ഡ്രീം ലൈന്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ ഉപയോഗിക്കും. ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഡ്രീം ലൈനര്‍ വിമാനങ്ങള്‍ആഭ്യന്തര സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കു സര്‍വീസുകള്‍ ആരംഭിക്കാനും വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എയര്‍ ഇന്ത്യ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക