Image

നോട്ടര്‍ഡാം കത്തീഡ്രലില്‍ 78 വയസുകാരന്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി

ജോസ് കുമ്പിളുവേലില്‍ Published on 21 May, 2013
നോട്ടര്‍ഡാം കത്തീഡ്രലില്‍ 78 വയസുകാരന്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി
പാരീസ്: പാരീസിലെ ലോകപ്രശസ്തമായ നോട്ടര്‍ഡാം കത്തീഡ്രലിനുള്ളിലെ പ്രധാന അള്‍ത്താരയ്ക്കു മുന്നില്‍ 78 വയസുകാരന്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി. മെയ് 21 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലുമണിയ്ക്കാണ് സംഭവം. വലതുപക്ഷക്കാരനായ ഡൊമിനിക് വെന്നര്‍ എന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് ജീവനൊടുക്കിയതെന്നു പാരീസിലെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 

ഫ്രാന്‍സില്‍ അടുത്തകാലത്ത് ഏറെ വിവാദമുയര്‍ത്തിയ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ വെന്നര്‍ പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായിരുന്നു. സീക്രട്ട് ആര്‍മി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ ഡൊമിനിക് വെന്നറുടെ മൃതദേഹത്തില്‍ നിന്നു പോലീസ് ഒരു കുറിപ്പ് കണ്‌ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സന്ദര്‍ശകരെ കത്തീഡ്രലില്‍ തല്‍ക്കാലത്തേക്കു മാറ്റി.

നോട്ടര്‍ഡാം കത്തീഡ്രലിന്റെ 850 -ാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആഘോഷിച്ചത്. ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തമായ സന്ദര്‍ശനകേന്ദ്രമായ ഇവിടെ പ്രതിവര്‍ഷം 14 ദശലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്. 850 -ാം വര്‍ഷികം പ്രമാണിച്ചു കത്തീഡ്രലിലെ മണി പുതുക്കി സ്ഥാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക