Image

ഓസ്ട്രിയന്‍ പൗരത്വ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍

Published on 22 May, 2013
ഓസ്ട്രിയന്‍ പൗരത്വ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍
വിയന്ന: ഓസ്ട്രിയന്‍ പൗരത്വം ലഭിക്കാന്‍ വേണ്ട അടിസ്ഥാന ഘടകമായി ജര്‍മന്‍ ഭാഷയെ ഉയര്‍ത്തികൊണ്ട് പുതിയ ഓസ്ട്രിയന്‍ പൗരത്വ നിയമം നിലവില്‍ വന്നു. നല്ല ജോലിയും വരുമാനവും സ്ഥിരമായി രാജ്യത്ത് താമസിക്കുന്നുവെന്ന കാരണങ്ങള്‍ മാത്രം മതിയാവില്ല ഇനി പൗരത്വം ലഭിക്കാന്‍. ഓസ്ട്രിയയില്‍ ജര്‍മ്മന്‍ഭാഷ പഠിച്ച് ഉദ്ഗ്രഥനബോധത്തോടുകൂടി ജീവിക്കുന്നവര്‍ക്കു മാത്രമേ പുതിയ നിബന്ധനകള്‍ അനുസരിച്ച് പൗരത്വം ലഭിക്കുകയുള്ളൂ.

ഇനിമുതല്‍ എത്ര ഉയര്‍ന്ന വരുമാനം ഉള്ള ആളായാലും ഭീമമായ തുക നികുതി അടയ്ക്കുന്ന ആളായാലും ജര്‍മ്മന്‍ ഭാഷ ആവശ്യത്തിന് അറിഞ്ഞില്ലെങ്കില്‍ പൗരത്വം ഓസ്ട്രിയയില്‍ എക്കാലവും നിരസിക്കപ്പെടും. 

ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓസ്ട്രിയന്‍ പൗരത്വനിയമാവലിയിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാജ്യത്ത് 6 വര്‍ഷക്കാലം സാമൂഹ്യവകുപ്പിന്റെ സഹായമില്ലാതെയും സ്വന്തം വരുമാനത്തോടുകൂടിയും ജീവിക്കുകയും ജര്‍മന്‍ഭാഷ സ്‌കൂള്‍ ഫൈനല്‍ ലെവലിലോ ബി രണ്ട് ലെവലിലോ അറിയുകയും ചെയ്താല്‍ പൗരത്വത്തിന് അപേക്ഷിക്കാം.

പുതുക്കിയ നിയമം അനുശാസിക്കുന്ന ലെവലില്‍ ജര്‍മന്‍ഭാഷ പഠിച്ചിട്ടില്ലെങ്കില്‍ ആറുവര്‍ഷത്തിനുള്ളില്‍ മൂന്നു വര്‍ഷമെങ്കിലും പൊതുജനതാത്പര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ മുഴുവന്‍ സമയ വോളന്റിയറായി സജീവമായി പ്രവര്‍ത്തിച്ചിട്ടുണെ്ടങ്കില്‍ ബിഒന്ന് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പൗരത്വത്തിനു അപേക്ഷിക്കാം. സംഘടനയിലെ പ്രവര്‍ത്തനത്തിന് പകരം 3 വര്‍ഷം ഓസ്ട്രിയയില്‍ ആരോഗ്യ സാമൂഹ്യസേവന വിദ്യാഭ്യാസ രംഗങ്ങളില്‍ വേതനത്തോടുകൂടി ജോലി ചെയ്തിട്ടുണെ്ടങ്കില്‍ അതും മതിയാകും. 6 വര്‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ ഉതകുന്ന മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഇല്ലാത്തവര്‍ക്ക് 10 വര്‍ഷം കാത്തിരിക്കേണ്ടി വരും. 'ഓസ്ട്രിയന്‍ പൗരത്വം സ്വന്തം സുഖസുരക്ഷിത ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കിട്ടുന്ന ഒന്നല്ലായെന്ന് എല്ലാവരും മനസ്സിലാക്കണം, പൗരത്വനിയമങ്ങളുടെ പുതിയ നിബന്ധനകള്‍ അവതരിപ്പിച്ചുകൊണ്ട് സ്‌റ്റേറ്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ കുര്‍ത്സ് പ്രസ്താവിച്ചു.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍:

സ്വന്തം വരുമാനം കഴിഞ്ഞ 6 വര്‍ഷങ്ങളിലെ 36 മാസമെങ്കിലും മാസം തോറും 1000 യൂറോ നെറ്റ് കുറഞ്ഞത് ലഭിച്ചിരിക്കണം. 

അപേക്ഷിക്കുന്നതിനു മുന്‍പ് 6 മാസം തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണം. 

വിവാഹിതരാകുന്നതിനു മുന്‍പ് കുഞ്ഞ് ജനിച്ചാലും പിതാവിനോ മാതാവിനോ ഓസ്ട്രിയന്‍ പൗരത്വമുണെ്ടങ്കില്‍ അത് കുഞ്ഞിന് ലഭിക്കും. അഡോപ്റ്റ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് 14 വയസുവരെ പൗരത്വം എളുപ്പത്തില്‍ ലഭിക്കാനുള്ള വകുപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

പുതുതായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നാളിതുവരെയുള്ള മറ്റ് നിബന്ധനകള്‍ തുടര്‍ന്നും ബാധകമായിരിക്കും. 

അപേക്ഷകര്‍ പൗരത്വപരീക്ഷ പാസാകാണം. പുതിയ പരീക്ഷയില്‍ ചരിത്രപരമായ അറിവിനേക്കാള്‍ ഓസ്ട്രിയില്‍ രാജ്യത്തെ സാമൂഹിക സാംസ്‌കാരിക കാര്യങ്ങളില്‍ ഇന്റഗ്രേറ്റ് ചെയ്തു ജീവിക്കുന്ന മൂല്യങ്ങള്‍ക്കായിരിക്കും പ്രാധാന്യം. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക