Image

മൂന്നാം വര്‍ഷവും മെര്‍ക്കല്‍ തന്നെ ലോകത്തെ ഏറ്റവും ശക്തയായ വനിത

ജോസ് കുമ്പിളുവേലില്‍ Published on 23 May, 2013
മൂന്നാം വര്‍ഷവും മെര്‍ക്കല്‍ തന്നെ ലോകത്തെ ഏറ്റവും ശക്തയായ വനിത
ബര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തയായ വനിതയായി ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ബ്‌സ് മാഗസിന്‍ ആണു പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്നാം തവണയും പട്ടികയില്‍ ഒന്നാമതെത്തിയ അംഗലാ മെര്‍ക്കല്‍ എട്ടാമത്തെ തവണയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്.

ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൗസഫ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമത് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്‌ടേഷന്‍ കോ ചെയര്‍മാനും ബില്‍ ഗേറ്റ്‌സിന്റെ ഭാര്യയുമായ മെലിന്‍ഡ ഗേറ്റ്‌സ്. മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം രണ്ടാമതായിരുന്നെങ്കില്‍ ഇപ്രാവശ്യം അഞ്ചാമതാണ്. ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ആറാം സ്ഥാനത്തും ഐബിഎമ്മിന്റെ ചീഫ് എക്‌സിക്യുട്ടീവ് വിര്‍ജീനിയ റോമെറ്റി 12-ാം സ്ഥാനത്തും ഹെല്‍വെറ്റ്-പക്കാര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് മെഗ് വൈറ്റ്മാന്‍ 15-ാം സ്ഥാനത്തും യാഹുവിന്റെ ചീഫ് എക്‌സിക്യുട്ടീവ് മരീസാ മേയര്‍ 32-ാം സ്ഥാനത്തും എത്തി. സൗത്ത് കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗെയുന്‍ ഹൈ ആദ്യമായി പട്ടികയില്‍ ഇടം നേടി 11 -ാം സ്ഥാനത്തായി.

ആഗോളതലത്തില്‍ തയാറാക്കിയ പട്ടികയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് അമേരിക്കന്‍ സ്ത്രീകളാണ്. 2010 ല്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായിരുന്ന യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ ഇപ്പോള്‍ നാലാമതുണ്ട്.

ആദ്യ നൂറില്‍ രണ്ടു ബ്രിട്ടീഷ് സ്ത്രീകള്‍ മാത്രമാണുള്ളത്, നാല്‍പതാം സ്ഥാനത്ത് ജെ.കെ. റൗളിംഗും എലിസബത്ത് രാജ്ഞിയും, തൊണ്ണൂറ്റിമൂന്നാം സ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ടോപ് ടെന്നില്‍ ഇടം നിലനിര്‍ത്തിയിട്ടുണ്ട്, ഒമ്പതാം സ്ഥാനത്ത്. രാജ്ഞിയെ പിന്തള്ളിയാണ് സോണിയ ഇത്തവണ മുന്നേറിയത്. ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സ്വാധീനമുള്ള വനിതയാണ് സോണിയ എന്നും ഫോബ്‌സ് വിലയിരുത്തുന്നു. 

ഇത്തവണ മനുഷ്യാവകാശം, പൊളിറ്റിക്‌സ്, മീഡിയ, വിനോദം, ടെക്‌നോളജി, ബിസിനസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സത്രീകളാണ് പട്ടികയില്‍ കൂടുതലും ഇടംപിടിച്ചത്. സമ്പന്നരുടെ ലിസ്റ്റില്‍, വിനോദ മേഖലയില്‍ നിന്നും പട്ടികയില്‍ മുന്‍പന്തിയില്‍ അമേരിക്കക്കാരാണ് സ്ഥാനം പിടിച്ചത്. ബിയോണ്‍സ് നോള്‍സ് പട്ടികയില്‍ 17-ാമതും, ആന്‍ജലീന ജോളി 37-ാം മതും ലേഡി ഗാഗ 45-ാം മതും എത്തി. ഗാഗയ്ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 സ്ഥാനങ്ങളുടെ താഴെയാണ്. 

26 രാജ്യങ്ങളില്‍ നിന്നുളള സ്ത്രീകളാണ് പട്ടികയിലില്‍ മുന്നിലുള്ളത്. എന്നാല്‍ ഇതില്‍ പതിനാറുരാജ്യങ്ങളില്‍ നിന്നുള്ളവരും സ്വന്തമായി ഒരു കമ്പനി/പ്രസ്ഥാനം സ്ഥാപിച്ചവരാണെന്നതും എടുത്തുകാട്ടുന്നു. ഇതടക്കം ഇത്തവണ 15 പുതുമുഖങ്ങളാണ് പട്ടികയില്‍ പുതിയതായി എത്തിയത്. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക