Image

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള രാജ്യം ജര്‍മനി

ജോസ് കുമ്പിളുവേലില്‍ Published on 23 May, 2013
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള രാജ്യം ജര്‍മനി
ബര്‍ലിന്‍: ലോകത്ത് ഏറ്റവും പോസിറ്റീവായി വീക്ഷിക്കപ്പപെടുന്ന രാജ്യം ജര്‍മനിയെന്ന് ബിബിസി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. ആഗോളതലത്തില്‍ 26,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ജര്‍മനിക്കനുകൂലമായി ഏറ്റവും കൂടുതലാളുകള്‍ വോട്ട് ചെയ്തത്.

പതിനാറു രാജ്യങ്ങളുടെ പട്ടിക നല്‍കിയ ശേഷം, അവയെയും യൂറോപ്യന്‍ യൂണിയനെയും റേറ്റ് ചെയ്യാനും, ലോകത്തിനു മേലുള്ള സ്വാധീനത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും തരംതിരിക്കാനുമാണ് സര്‍വേയില്‍ ആവശ്യപ്പെട്ടിരുന്നത്.

പങ്കെടുത്തവരില്‍ 59 ശതമാനം പേര്‍ ജര്‍മനിക്ക് പോസിറ്റീവ് റേറ്റിംഗ് നല്‍കി. ഏറ്റവും കൂടുതല്‍ നെഗറ്റീവ് റേറ്റിംഗ് കിട്ടയ രാജ്യം ഇറാനാണ്. കഴിഞ്ഞ വര്‍ഷവും ഇറാന്‍ തന്നെയായിരുന്നു ഈ സ്ഥാനത്ത്. ആളുകളെ നേരിട്ടു കണ്ടും ടെലിഫോണ്‍ ഇന്റര്‍വ്യൂകളിലൂടെയുമായിരുന്നു സര്‍വേ.

മൂന്നു പോയിന്റ് വര്‍ധിച്ചതോടെയാണ് ജപ്പാനെ പിന്തള്ളി പട്ടികയുടെ തലപ്പത്ത് തിരിച്ചെത്താന്‍ ജര്‍മനിക്കു സാധിച്ചത്. ജപ്പാന്റെ റേറ്റിംഗ് ഏഴു പോയിന്റ് ഇടിയുകയും ചെയ്തു. 2012 ഒളിംപിക്‌സ് നടത്തിപ്പിലൂടെ പോയിന്റ് നിലയില്‍ ഏറ്റവും വലിയ വര്‍ധന നേടിയ യുകെ മൂന്നാം സ്ഥാനത്തുമെത്തി. ആഗോള തലത്തില്‍ പ്രത്യേകിച്ച് യൂറോപ്പില്‍ ഏറ്റവും തിളക്കുള്ള രാജ്യമായി ജര്‍മനി മാറിയെന്നാണ് പോളിംഗില്‍ വിശേഷിപ്പിക്കപ്പെട്ടത്.

അതേസമയം, ചൈനയുടെയും ഇന്ത്യയുടെയും റേറ്റിംഗില്‍ കാര്യമായ ഇടിവും രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ പന്ത്രണ്ടാമതാണ്. നെഗറ്റീവ് വോട്ടാണ് കൂടുതല്‍, 35 ശതമാനം. പോസിറ്റീവ് വോട്ട് 34 ശതമാനമുണ്ട്.

ജര്‍മനി കഴിഞ്ഞാല്‍ കാനഡ (55), ബ്രിട്ടന്‍(55) ജപ്പാന്‍(51),ഫ്രാന്‍സ്(49) ഇയു(49), ബ്രസീല്‍(46), യുഎസ്എ (45) എന്നിങ്ങനെയാണ് റേറ്റിംഗിലെ സ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക