Image

ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 150-ാം പിറന്നാള്‍

ജോര്‍ജ് ജോണ്‍ Published on 23 May, 2013
ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 150-ാം പിറന്നാള്‍
ബെര്‍ലിന്‍: ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) മേയ് 23 ന് തങ്ങളുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 1863 മേയ് 23 ന് ഫെര്‍ഡിനാന്‍ഡ് ലസാലെ ലൈപ്‌സിഗില്‍ രൂപീകരിച്ച ആള്‍ഗെമയിന്‍ ഡോയിച്ചെ ആര്‍ബൈറ്റര്‍ ഫെറയിന്‍ (എഡിഎവി) - ജര്‍മന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍- ആണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉത്ഭവം. ഈ പാര്‍ട്ടി രൂപീകരണത്തിന്റെ ഉദ്ദേശങ്ങള്‍ എല്ലാവര്‍ക്കും വോട്ടവകാശം, തുല്യ അവകാശങ്ങള്‍, സാഹോദര്യത്വം എന്നിവ നേടി എടുക്കുകയായിരുന്നു. ഈ മൂല്യങ്ങളാണ് പാര്‍ട്ടി രൂപീകരണത്തില്‍ ഫെര്‍ഡിനാന്‍ഡ് ലസാലെയെ പ്രേരിപ്പിച്ചത്.

1869 ല്‍ ഓഗസ്റ്റ് ബേബല്‍, വില്‍ഹെലം ലൈബ്‌കെനഹ്റ്റ് എന്നിവര്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിച്ചു. ഈ പാര്‍ട്ടി 1875 ല്‍ എഡിഎവിയുമായി ലയിക്കുകയും പിന്നീട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) ജര്‍മനി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എസ്പിഡി ആണ് ജര്‍മനിയിലെ ഏറ്റവും പഴക്കം ചെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി. 

1919 മുതല്‍ 1925 വരെ ജര്‍മനിയുടെ ആദ്യ പ്രസിഡന്റായ ഫ്രീഡിറിച്ച് ഏബര്‍ട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയ നേതാവായിരുന്നു. 1946ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ബെര്‍ലിനിലെ നാല് കൈവശ സോണുകള്‍ അംഗീകരിച്ചു. ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനിയുടെ കിഴക്കന്‍ ഭാഗം സോവ്യറ്റ് മേധാവിത്വത്തില്‍ വരുകയും ഇവിടുത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ കമനണിസ്റ്റ് പര്‍ട്ടി ഓഫ് ജര്‍മനിയില്‍ നിര്‍ബന്ധമായി ലയിപ്പിച്ചു. ഇതാണ് പിന്നീട് കിഴക്കന്‍ ജര്‍മനിയിലെ ഭരണ കക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടി ഓഫ് ജര്‍മനി (എസ്ഇഡി) ആയത്. 1966-1982 വര്‍ഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മറ്റ് പാര്‍ട്ടികളായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരുമായി സംഖ്യമുണ്ടാക്കി അധികാരത്തില്‍ വന്നു. 1969 ല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായ യോജിച്ച് എസ്പിഡി നേതാവ് വില്ലി ബ്രാന്‍ഡും ഹെല്‍മുട്ട് സ്മിറ്റും ജര്‍മന്‍ ചാന്‍സലറായി. പിന്നീട് 1998 മുതല്‍ 2005 വരെ എസ്പിഡി നേതാവ് ഗെര്‍ഹാര്‍ഡ് ഷ്‌റോയഡര്‍ ചാന്‍സലറായി. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജര്‍മനിയുടെ ആദ്യ പ്രസിഡന്റ് കുര്‍ത് ഷൂമാഹറും ഈ 150- താം വര്‍ഷ ജൂബലി ആഘോഷാവസരത്തില്‍ 13-ാമത്തെ പ്രസിഡന്റ് സിഗ്മര്‍ ഗെബ്രിയേലും ആണ്. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 150-ാം പിറന്നാളിന് ക്ഷണിക്കപ്പട്ട 600 പ്രതിനിധികള്‍ പങ്കെടുക്കുന്നു. ജര്‍മന്‍ ചാന്‍സലറും ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ അംഗെലാ മെര്‍ക്കല്‍, ജര്‍മന്‍ പ്രസിഡന്റ് ജോഹാമിം ഗൗക്ക്, ഫ്രഞ്ച് പ്രസിഡന്റ് ഹോണെ്ട എന്നീ പ്രമുഖരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 80 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 150-ാം പിറന്നാളില്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 150-ാം പിറന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക