Image

ചികിത്സാരീതികളെക്കുറിച്ച് ഇംഗ്ലീഷ് പത്രത്തില്‍ മലയാളി നഴ്‌സിന്റെ അഭിമുഖം

Published on 23 May, 2013
ചികിത്സാരീതികളെക്കുറിച്ച് ഇംഗ്ലീഷ് പത്രത്തില്‍ മലയാളി നഴ്‌സിന്റെ അഭിമുഖം
മാഞ്ചസ്റ്റര്‍: യുകെയിലെ മുഴുവന്‍ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി മഞ്ജു ലക്‌സണ്‍. ക്ലിനിക്കല്‍ റിസര്‍ച്ച് സ്റ്റഡിയുമായി ബന്ധപ്പെട്ടാണ് മാഞ്ചസ്റ്ററിലെ പ്രമുഖ പത്രമായ ദി അഡ്വര്‍ടൈസര്‍ മഞ്ജുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വര്‍ഷം തോറും ആറു മില്യണിലധികം എന്‍എച്ച്എസ് രോഗികള്‍ ഈ റിസര്‍ച്ചില്‍ പങ്കെടുക്കുമെങ്കിലും മലയാളികള്‍ അടക്കം പലര്‍ക്കും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നതാണ് സത്യം. ട്രാഫോര്‍ഡ് റിസര്‍ച്ച് മാനേജര്‍ കൂടിയായ മഞ്ജുവിന്റെ അഭിമുഖം ക്ലിനിക്കല്‍ റിസര്‍ച്ച് എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും വ്യക്തമാക്കുന്നതാണ്.

രോഗനിര്‍ണയത്തിനുള്ള നൂതന മാര്‍ഗങ്ങളും പുതിയ മരുന്നുകളും എത്രകണ്ട് ഫലപ്രദമാണെന്ന് പരീക്ഷിക്കുന്ന മാര്‍ഗമാണ് ക്ലിനിക്കല്‍ ട്രയല്‍സ്. സ്‌കോട്ടിഷ് നേവല്‍ സര്‍ജന്‍ ജെയിംസ് ലിന്‍ഡ് 1747ല്‍ നടത്തിയ ആദ്യ ക്ലിനിക്കല്‍ ട്രയലിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും മേയ് 20 നാണ് ക്ലിനിക്കല്‍ ട്രയല്‍ ദിനമായി ആഘോഷിക്കുന്നത്.

നാവികര്‍ക്കിടയില്‍ രക്തപിത്തം നിയന്ത്രിക്കാന്‍ ഓറഞ്ചും നാരങ്ങയുമാണ് നല്ലതെന്നാണ് അദ്ദേഹം ഇപ്രകാരം കണെ്ടത്തിയത്. ക്ലിനിക്കല്‍ ട്രയല്‍സിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലും സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലുകളും കൈക്കൊണ്ട നടപടികളെക്കുറിച്ചും അഭിമുഖത്തില്‍ മഞ്ജു വാചാലായാകുന്നുണ്ട്.

ഇംഗ്ലീഷ് ചികിത്സാ രീതികളെക്കുറിച്ച് ആധികാരികമായി വിശദീകരിക്കുന്ന മലയാളി നഴ്‌സിന്റെ അഭിമുഖം ഒരു ഇംഗ്ലീഷ് പത്രം ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളി സമൂഹത്തിന് ലഭിച്ച ഒരു അംഗീകാരമായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. 

ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ ഡിവിഷണണ്‍ റിസര്‍ച്ച് മാനേജര്‍, സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റില്‍ ഡിവിഷണല്‍ മാനേജരുടെ തസ്തികയില്‍ ട്രാഫോര്‍ഡ് ആശുപത്രികളുടെയും അക്യുട്ട് മെഡിസിന്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളുടെയും ചുമതലകളും വഹിച്ചുവരുന്ന മഞ്ജു പിഎച്ച്ഡി ചെയ്യുന്നു.

എയിംസ് എന്‍ട്രന്‍സില്‍ 18-ാം റാങ്കോടെ നഴ്‌സിംഗ് പഠനത്തിന് തുടക്കം കുറിച്ച മഞ്ജു, മൂന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യുകെയിലെത്തി മാഞ്ചസറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് അഡ്വാന്‍സ്ഡ് നഴ്‌സിംഗ് സ്റ്റഡീസില്‍ എംഎസ്‌സി ബിരുദം നേടി. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ്.

ഇതേസമയം തന്നെ ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലും പങ്കെടുത്തു. നാട്ടില്‍ കലാരംഗത്ത് സജീവമായിരുന്ന മഞ്ജു യുക്മ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുക്മ, കാത്തലിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമാണ്. 

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം ചാക്കോച്ചന്‍ - ആനിയമ്മ ദമ്പതികളുടെ മകളും ഒഐസിസി നേതാവ് ലക്‌സണ്‍ കല്ലുമാടയ്ക്കലിന്റെ ഭാര്യയുമാണ് മഞ്ജു. മക്കള്‍: ലിവിയ, എല്‍വിയ. 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ചികിത്സാരീതികളെക്കുറിച്ച് ഇംഗ്ലീഷ് പത്രത്തില്‍ മലയാളി നഴ്‌സിന്റെ അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക