Image

'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' ജര്‍മനിയില്‍; ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍

ജോസ് കുമ്പിളുവേലില്‍ Published on 24 May, 2013
'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' ജര്‍മനിയില്‍; ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍
ബര്‍ലിന്‍: കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം ജര്‍മനിയില്‍ ആരംഭിച്ചു. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെ കൈയൊപ്പില്‍ ചാലിച്ചെടുക്കുന്ന ജര്‍മന്‍ മലയാളിയുടെ കഥ പറയുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂളാണ് വരും ദിവസങ്ങളില്‍ ജര്‍മനിയില്‍ നടക്കുന്നത്. 

മലയാളത്തിന്റെ അഭിനയവസന്തം ഭരത് മമ്മൂട്ടി മുഖ്യകഥാപാത്രമായി വേഷമിടുന്ന ചിത്രത്തില്‍ നെടുമുടി വേണു, സിദ്ധിഖ്, പ്രേംപ്രകാശ്, നന്ദു, കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, മുത്തുമണി ശേഖര്‍ മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍ കൂടാതെ നിര്‍മ്മാതാവ് ഷാജി നടേശന്‍, കവിയൂര്‍ പൊന്നമ്മ, മീരാ നന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖം അലീഷാ മുഹമ്മദ് നായികയായും വേഷമിടുന്നു.

മലയാളത്തിലെ മൂന്നു ബാലചന്ദ്രന്മാര്‍ വേഷമിടുന്നുണ്‌ടെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.( ബാലചന്ദ്രമേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി ബാലചന്ദ്രന്‍). മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ മധു നീലകണ്ഠനാണ് സംവിധായകന്‍ രഞ്ജിത്തിന്റെ മനസ് തൊട്ടറിഞ്ഞ് കാമറ ചലിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വരാജ്, ഷാജി നടേശന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അറുപതുകളുടെ തുടക്കത്തിലാണ് മലയാളികള്‍ ജര്‍മനിയിലേയ്ക്കു കുടിയേറിയത്. അക്കാലത്തു തന്നെ മധ്യതിരുവിതാംകൂറിലെ പമ്പാനദിയോരത്തെ മനോഹരമായ അയിരൂരില്‍ (കോഴഞ്ചേരിക്കടുത്ത സ്ഥലം) നിന്നും മാത്തുക്കുട്ടിയും ജര്‍മനിയില്‍ കുടിയേറ്റക്കാരനായത്. മാത്തുക്കുട്ടിയുടെ ഭാര്യ ജാന്‍സമ്മ. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. 

നാട്ടിലെ ഒരു പ്രധാന തറവാടാണ് മാത്തുക്കുട്ടിയുടേത്. വലിയ ബന്ധുബലവും സുഹൃത് വലയവും കൊണ്ട് നാട്ടിലെ പ്രമാണിയെന്നുവേണം മാത്തുക്കുട്ടിയെ വിശേഷിപ്പിക്കാന്‍. ഒരു പൊതുക്കാര്യപ്രസക്തനായി നാട്ടില്‍ വിലസുകയാണ് മാത്തുക്കുട്ടി.

അങ്ങനെ വാഴുമ്പോഴാണ് ജര്‍മ്മനിയിലേയ്ക്കുള്ള കുടിയേറ്റം. നാട്ടിലെ ഹീറോയായ മാത്തുക്കുട്ടി ജര്‍മനിയില്‍ എത്തിയപ്പോഴും ഒരു വലിയ ഹീറോയായി നിലകൊണ്ടു. പ്രവാസിയായി എത്തുന്ന മാത്തുക്കുട്ടി നന്മയുടെ വിളനിലമാവുന്നു. എന്നാല്‍ കുറെക്കാലത്തെ ജര്‍മന്‍ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോഴുള്ള മാറ്റങ്ങളില്‍ പിരിമുറക്കം കൊള്ളുന്ന മാത്തുക്കുട്ടിയുടെ ജീവിത സംഭവങ്ങളാണ് കടല്‍ കടന്ന ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അവതരിപ്പിക്കുന്നത്.

കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കി രഞ്ജിത്തും സംഘവും അടുത്ത ലൊക്കേഷന്‍ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം ജര്‍മനിയില്‍ എത്തി. 

മമ്മൂട്ടി, നെടുമുടി വേണു, സിദ്ധിഖ്, പ്രേംപ്രകാശ്, കോട്ടയം നസീര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയ പ്രതിഭകളായ ഒരുസംഘം ജര്‍മന്‍ മലയാളി കാലാകാരന്മാരെയും ഉള്‍പ്പെടുത്തിയുള്ള ചിത്രീകരണത്തിന്റെ ജര്‍മനിയിലെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു. മധ്യജര്‍മനിയിലെ പ്രകൃതി ദൃശ്യങ്ങള്‍ അഭ്രപാളികളിലാക്കിയുള്ള ചിത്രീകരണമാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.

ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ നേരിട്ടറിയാനും താരമഹിമയില്‍ തെളിയുന്ന ലൊക്കേഷന്‍ രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ജര്‍മനിയിലെ മലയാളി സമൂഹം മാത്തുക്കുട്ടിയുടെ പിന്നാലെ ഇറങ്ങിക്കഴിഞ്ഞു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' ജര്‍മനിയില്‍; ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക