Image

ഇറാഖ് നേതാക്കള്‍ക്ക് യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്: മൈക്ക് പോംപിയോ

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 January, 2020
ഇറാഖ് നേതാക്കള്‍ക്ക് യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്: മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍: ഇറാഖില്‍ യുഎസ് സൈനിക സാന്നിധ്യത്തെ പിന്തുണയ്ക്കുന്നതായി ഇറാഖ് നേതാക്കള്‍ സ്വകാര്യമായി തന്നോട് പറഞ്ഞെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച ആരോപിച്ചു.

ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാണ്ടര്‍ ഖാസെം സൊലൈമാനിയെ വധിച്ചതിനു ശേഷം വിദേശ സൈനികര്‍ക്കുള്ള ക്ഷണം റദ്ദാക്കാന്‍ ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തിരുന്നു.

എന്നാല്‍, ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പലപ്പോഴും വാദിക്കുന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഈ മാസം ആരംഭം മുതല്‍ 50 ഓളം ഇറാഖി നേതാക്കളുമായി പോംപിയോ നടത്തിയ സംഭാഷണങ്ങളില്‍ ചില പ്രത്യേക താല്പര്യം പ്രകടമായതായി തോന്നി എന്ന് പറഞ്ഞു.

'അവര്‍ പരസ്യമായി അങ്ങനെ പറയുന്നില്ല. പക്ഷേ, അമേരിക്ക ഇപ്പോഴും ഭീകര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന വസ്തുതയെ സ്വകാര്യമായി എല്ലാവരും സ്വാഗതം ചെയ്യുന്നു,' സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഫോറത്തിലെ ചോദ്യത്തിന് മറുപടിയായി പോംപിയോ പറഞ്ഞു.

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘം വീണ്ടും ഉയര്‍ന്നു വരില്ലെന്ന് അമേരിക്കന്‍ സൈനിനികര്‍ ഉറപ്പുവരുത്തുകയും 'ഇറാഖികള്‍ക്ക് ഭൂരിഭാഗം ഇറാഖികളും ആഗ്രഹിക്കുന്ന പരമാധികാരവും സ്വാതന്ത്ര്യവും നേടാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു', പോംപിയോ പറഞ്ഞു.

ഇറാനുമായി മതബന്ധം പുലര്‍ത്തുന്ന ഷിയാ ഭൂരിപക്ഷം ഉള്‍പ്പെടെ ഇറാഖിലെ എല്ലാ പശ്ചാത്തലങ്ങളിലെയും നേതാക്കളോട് താന്‍ സംസാരിച്ചുവെന്ന് മുന്‍ഗാമിയായ കോണ്ടലീസ റൈസുമായി വേദി പങ്കിട്ട പോംപിയോ പറഞ്ഞു.

റെവല്യൂഷനറി ഗാര്‍ഡ്‌സ് കുഡ്‌സ് ഫോഴ്‌സിന്റെ ശക്തനായ കമാന്‍ഡറായിരുന്ന ജനറല്‍ ഖാസെം സൊലൈമാനിയെ ജനുവരി മൂന്നിനാണ് അമേരിക്കന്‍ സൈന്യം വധിച്ചത്.

ഇറാഖില്‍ ഇപ്പോള്‍ നിലവിലുള്ള  5,200 യു എസ് സൈനികരെ ഇറാഖ് പുറത്താക്കിയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

എണ്ണ ഉല്പാദകരുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന നടപടിയായ ഉപരോധത്തിന്റെ ആദ്യപടി ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലുള്ള ഇറാഖിന്റെ അക്കൗണ്ട് അമേരിക്ക മരവിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇറാഖ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക വിന്യാസം വളരെ ചെലവേറിയതാണെന്നും രാജ്യമൊട്ടാകെ രക്തച്ചൊരിച്ചിലുണ്ടാക്കിയ 2003 ലെ അധിനിവേശവും ഏകാധിപതി സദ്ദാം ഹുസൈനെ പുറത്താക്കലുമൊക്കെ തെറ്റായ നടപടിയായിരുന്നു എന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്ന് പോംപിയോ പറഞ്ഞു. സൈനികരെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു പ്രതിനിധി സംഘത്തെ അയക്കണമെന്ന് ഇറാഖിന്റെ താത്ക്കാലിക പ്രധാനമന്ത്രി അഡെല്‍ അബ്ദുല്‍ മഹ്ദിയുടെ അഭ്യര്‍ത്ഥന പോംപിയോ കഴിഞ്ഞ ആഴ്ച നിരസിച്ചിരുന്നു.

ഇറാഖ് നേതാക്കള്‍ക്ക് യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്: മൈക്ക് പോംപിയോ
pompeo with condoleeza rice
ഇറാഖ് നേതാക്കള്‍ക്ക് യുഎസ് സൈനികരെ നിലനിര്‍ത്തണമെന്ന് ആഗ്രഹമുണ്ട്: മൈക്ക് പോംപിയോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക